ലോകം മുഴുവനുള്ള ചലച്ചിത്ര പ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുഗന്. കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമായ ഇന്ത്യ പവലിയനില്‍ നടന്ന വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സിനിമാ ചിത്രീകരണത്തിനായി വിദേശ ചലച്ചിത്ര പ്രവര്‍ത്തകരെ കേന്ദ്ര സഹമന്ത്രി ഇന്ത്യയിലേക്കു ക്ഷണിച്ചത്.
ഇന്ത്യയില്‍ വിദേശ സിനിമകളുടെ ചിത്രീകരണത്തിന് മികച്ച പിന്തുണയാണ് നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വിദേശ സിനിമാ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന സിനിമകളുടെ സഹ നിര്‍മ്മാണത്തിന് ഇന്ത്യാ ഗവണ്മെന്റ് പ്രോത്സാഹനം നല്കുന്നു. കഥ പറച്ചിലിന്റെ മഹത്തായ പാരമ്പര്യവും രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളുടെ പിന്‍ബലവും ഉള്ളതിനാല്‍ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി ഇന്ത്യ മാറുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം തോറും ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. ഇരുപതില്‍ കൂടുതല്‍ ഭാഷകളില്‍ രാജ്യത്ത് ചലച്ചിത്ര നിര്‍മാണം നടക്കുന്നുണ്ട്. നൂറു കോടിയിലധികം സിനിമാ പ്രേക്ഷകരുള്ള വിപണി എന്ന നിലയില്‍ ഇന്ത്യക്കുള്ള പ്രാധാന്യവും ഡോ. എല്‍ മുരുകന് എടുത്തുപറഞ്ഞു. സിനിമാ മേഖലയിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വലിയ പ്രോത്സാഹനമാണ് ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്നത്. കാനില്‍ തങ്ങളെ അവതരിപ്പിക്കാനായി ഇത്തരത്തിലുള്ള സ്റ്റാര്‍ട്ട് അപ്പുകള്‍ എത്തിയിട്ടുള്ളതും അദ്ദേഹം സൂചിപ്പിച്ചു.
Also Read-
The Terminal List | ജൂലൈ 1ന് പ്രദർശനം ആരംഭിക്കുന്ന 'ദി ടെര്‍മിനല്‍ ലിസ്റ്റ്' പരമ്പരയുടെ മലയാളം ടീസര്‍ ഇതാ
ഇന്ത്യയില്‍ നിന്നുള്ള പ്രാദേശിക സിനിമകള്‍ ആഗോള ശ്രദ്ധ നേടുന്നതിനെ കുറിച്ചും ഭാഷ ഇവയ്ക്ക് തടസ്സമാകില്ല എന്നും അദ്ദേഹം പറഞ്ഞു. ഏക ജാലക സംവിധാനത്തിലൂടെ ചലച്ചിത്ര നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുള്ള വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. എം ഐ എഫ് എഫ് 2022, ഐ എഫ് എഫ് ഐ 2022 തുടങ്ങി രാജ്യത്തെ വിവിധ ചലച്ചിത്ര മേളകളുടെ ഭാഗമാകാനും കേന്ദ്ര സഹ മന്ത്രി വിദേശ ചലച്ചിത്ര പ്രവര്‍ത്തകരെ ക്ഷണിച്ചു. ചലച്ചിത്ര നിര്‍മ്മാണത്തില്‍, പ്രത്യേകിച്ച് ഓഡിയോ വിഷ്വല്‍ രംഗത്ത് സാങ്കേതിക വിദ്യയുടെ വര്‍ധിച്ചു വരുന്ന പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു.
ഇറ്റലിയിലെ ഫ്ളോറന്‍സിലെ റിവര്‍ ടു റിവര്‍ ചലച്ചിത്ര മേള ഡയറക്ടര്‍ സെല്‍വാഗ്ഗിയ വെലോ, യു കെ- യിലെ സ്പെഷ്യല്‍ ട്രീറ്റ്സ് പ്രൊഡക്ഷന്‍സ് ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ കോളിന് ബറോസ്, ദക്ഷിണ സ്വീഡന് ചലച്ചിത്ര കമ്മീഷണര്‍ മൈക്കല്‍ സ്വെന്‍സൂണ്‍, സ്വീഡനിലെ ആശയ വിനിമയ വകുപ്പിന്റെ തീമാറ്റിക് കമ്യൂണിക്കേഷന്‍ യൂണിറ്റ് പ്രോജക്ട് മാനേജര്‍ അമ്മി ജാന്സണ്, ഫിലിപ്പീന്‍സ് ചലച്ചിത്ര കമ്മീഷണര്‍ മേരി ലിസ ഡിനോ, യു എസ് എ- യിലെ എയ്ജ്ലെസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ എക്സിക്യൂട്ടീവ് ആന്‍ഡ് ആര്‍ടിസ്റ്റിക് ഫൗണ്ടര്‍ ജൂഡി ഗ്ലാഡ്സ്റ്റണ്, ഇന്‍ഡോ ജര്‍മന്‍ ഫിലിംസ് ഡയറക്ടര്‍ സ്റ്റെഫാന്‍ ഒട്ടന്‍ബ്രൂച്ച്, ലണ്ടന്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ കാരി സാവ്നി എന്നിവരും വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.