നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 25th IFFK | രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ

    25th IFFK | രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ടെസ്റ്റ് തിങ്കളാഴ്ച മുതൽ

    പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാഡമി എസ്.എം.എസിലൂടെ നല്‍കിയിട്ടുണ്ട്

    ഐ.എഫ്.എഫ്.കെ.

    ഐ.എഫ്.എഫ്.കെ.

    • Share this:
      തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്‍റിജന്‍ ടെസ്റ്റ് ഫെബ്രുവരി എട്ട് മുതല്‍ ആരംഭിക്കും. മേളയുടെ മുഖ്യ വേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശോധന നടത്തുന്നത്.

      തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിലും കോവിഡ് ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാഡമി എസ്.എം.എസിലൂടെ നല്‍കിയിട്ടുണ്ട്.

      ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്‍റിയര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്‍റെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉള്‍പ്പടെ മേളയുടെ നടത്തിപ്പിലുടനീളം കര്‍ശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.

      കോവിഡ് പശ്ചാത്തലത്തിൽ വിപുലമായ ആഘോഷങ്ങൾ ചുരുക്കി നാല് സ്ഥലങ്ങളിലായാണ് മേള നടത്തുക. ഇക്കുറി 8000 പാസുകളാവും വിതരണം ചെയ്യുക. ഉദ്‌ഘാടനം തിരുവനന്തപുരത്താണ്.

      ഫെബ്രുവരി 10 മുതൽ 14 വരെ തിരുവനന്തപുരത്ത് മേള നടക്കും. തിരുവനന്തപുരം മേഖലയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിൽ നിന്നുള്ളവർക്കാണ് റെജിസ്ട്രേഷൻ. ആലപ്പുഴയിൽ ഉള്ളവർക്കും തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്യാം. ഒരാള്‍ക്ക് ഒരു സ്ഥലത്ത് മാത്രമേ രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. തെരഞ്ഞെടുത്ത മേഖല മാറ്റാനാകില്ല.

      തിരുവനന്തപുരത്തും കൊച്ചിയിലും 2500 പാസുകളാണ് നല്‍കുക. പാലക്കാടും തലശേരിയിലും 1500 പാസുകൾ നൽകും. ഫെബ്രുവരി എട്ടാം തിയതി തിരുവനന്തപുരത്ത് പാസ് വിതരണം ആരംഭിക്കും.

      റിസർവേഷനിലൂടെ മാത്രമെ ചിത്രം കാണാനാകൂ. 24 മണിക്കൂർ മുമ്പ് റിസർവ് ചെയ്യണം. സിനിമ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പ് സീറ്റ് നമ്പർ SMS വഴി ലഭിക്കും. കൈരളി, ശ്രീ, നിള, കലാഭവൻ, ടഗോർ, നിശാഗന്ധി എന്നിവയാണ് തിരുവനന്തപുരത്തെ സ്ക്രീനുകൾ.



      പ്രവേശനവും നടത്തിപ്പും

      തിരുവനന്തപുരത്ത് 2021 ഫെബ്രുവരി 10 മുതൽ 14 വരെയും എറണാകുളത്ത് ഫെബ്രുവരി 17 മുതൽ 21 വരെയും തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലും അഞ്ചു തിയേറ്ററുകളിലായി അഞ്ചു ദിവസങ്ങളിൽ മേള നടക്കും. ഈ വർഷം മാത്രമാകും ഈ ക്രമീകരണം. അടുത്ത വർഷം മുതൽ ഐ.എഫ്.എഫ്.കെയുടെ സ്ഥിരം വേദി തുടർന്നും തിരുവനന്തപുരം തന്നെയായിരിക്കും.

      ഓരോ തിയേറ്ററിലും 200 പേർക്ക് മാത്രമാകും പ്രവേശനം അനുവദിക്കുക. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും. പൊതു പരിപാടികളോ, ആൾക്കൂട്ടം ഉണ്ടാവുന്ന സാംസ്കാരിക പരിപാടികളോ ഉണ്ടാകില്ല.

      മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദേശ പ്രതിനിധികളോ അതിഥികളോ മേളയിൽ നേരിട്ട് പങ്കെടുക്കില്ല.
      മീറ്റ് ദി ഡയറക്ടർ, പ്രസ് മീറ്റ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓൺലൈൻ വഴിയായിരിക്കും.

      അന്താരാഷ്ട്ര മൽസര വിഭാഗം, ലോക സിനിമാ വിഭാഗം, മലയാളം സിനിമ, ഇന്ത്യൻ സിനിമ നൗ, കലൈഡോസ്കോപ്പ്, റെട്രോസ്പെക്റ്റിവ്, ഹോമേജ് തുടങ്ങി എല്ലാ വിഭാഗങ്ങളും മേളയിൽ ഉണ്ടായിരിക്കും. എല്ലാ മേഖലയിലും എല്ലാ സിനിമകളും പ്രദർശിപ്പിക്കും.
      Published by:user_57
      First published: