ഇന്റർഫേസ് /വാർത്ത /Film / 'പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല': മന്ത്രി സജി ചെറിയാൻ

'പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല': മന്ത്രി സജി ചെറിയാൻ

ഇന്നസെന്റ്( ചിത്രം: ഫേസ്ബുക്ക്)

ഇന്നസെന്റ്( ചിത്രം: ഫേസ്ബുക്ക്)

അവിചാരിതമായി കാന്‍സര്‍ തേടിയെത്തിയപ്പോള്‍ തളരാതെ സധൈര്യം അതിനെ നേരിട്ട അദ്ദേഹം തന്റെ ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തിലൂടെ സമാനരോഗാവസ്ഥയില്‍ കടന്നുപോകുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കി

കൂടുതൽ വായിക്കുക ...
  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല എന്ന യാഥാര്‍ത്ഥ്യം വേദനയോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂവെന്ന് സാംസ്ക്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. നിര്‍മാതാവായി സിനിമയിലെത്തി പിന്നീട് മലയാളസിനിമയില്‍ വെള്ളിത്തിരയിലും പുറത്തുമായി സജീവസാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ലോകത്തെമ്പാടുമുള്ള മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങുന്നത്.

ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ തന്നെ ചികിത്സയ്ക്ക് വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുവാന്‍ ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് നേരിട്ട് ആശുപത്രിയിൽ പോയി അദ്ദേഹത്തിന്റെ രോഗാവസ്‌ഥ വിലയിരുത്തി. അതീവഗുരുതരം ആണെന്ന് അറിയാമെങ്കിലും മനസിൽ തിരിച്ചുവരവെന്ന പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ നാളുകളിലെ പോലെ രോഗത്തെ ചിരിച്ചുതോല്‍പ്പിച്ചു അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷ വിഫലമായിരിക്കുന്നു.

മലയാളികളെ ചിരിപ്പിക്കാന്‍ ഇന്നസെന്റിന് സംഭാഷണങ്ങള്‍ പോലും ആവശ്യമില്ലായിരുന്നു. മുഖഭാവങ്ങള്‍ കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്തു. മിഥുനം, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം കാഴ്ചവെച്ച ഭാവങ്ങള്‍ ഇന്നും ട്രോളുകളുടെ രൂപത്തില്‍ നമ്മളെ ചിരിപ്പിക്കുന്നു. മനസ്സില്‍ നിന്ന് മായാതെ കിടക്കുന്ന എത്രയെത്ര കോമഡി ചിത്രങ്ങള്‍. മൈഡിയർ മുത്തച്ചൻ, ഗജകേസരിയോഗം, വർണ്ണം, പ്രാദേശിക വാർത്തകൾ, മണിച്ചിത്രത്താഴ്, അഴകിയ രാവണൻ, പാവം പാവം രാജകുമാരന്‍, കിഴക്കുണരും പക്ഷി, സർവ്വകലാശാല, ആമിനാ ടെയ്ലേഴ്സ്, ഡോ. പശുപതി, കിലുക്കം, കല്യാണരാമന്‍, പ്രാഞ്ചിയേട്ടന്‍ തുടങ്ങി പെട്ടെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രങ്ങള്‍ നിരവധിയാണ്. ഹാസ്യനടന്‍ എന്ന നിലയില്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും വില്ലന്‍ കഥാപാത്രങ്ങളും ഇന്നസെന്റ് വഴക്കത്തോടെ അവതരിപ്പിച്ചു. ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യരെ മറക്കാന്‍ സാധിക്കുമോ? ഗോഡ്ഫാദര്‍, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ അസംഖ്യം സിനിമകള്‍ ഉദാഹരണം. കേളി, അദ്വൈതം, കാതോട് കാതോരം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍വേഷവും എടുത്തു പറയാതെ വയ്യ. കാതോട് കാതോരത്തിലെ കപ്യാരെ ഒക്കെ കയ്യില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലണം എന്ന് പ്രേക്ഷകന് തോന്നുന്ന രീതിയില്‍ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. ഇത്തരത്തില്‍ എത്രയോ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാല്‍ നമ്മെ അത്ഭുതപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

Also Read- ആ നിറചിരി മാഞ്ഞു; അനശ്വരനായ ഇന്നസെന്‍റ്

അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംഘടനാഭാരവാഹി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ഇന്നസെന്റ് മലയാളസിനിമയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിച്ചു. അമ്മയുടെ ദീര്‍ഘകാല ഭാരവാഹി എന്ന നിലയില്‍ അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള നടപടികളില്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. തുടക്കം മുതല്‍ ഇടതുപക്ഷ, പുരോഗമനനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ഇന്നസെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുകയും ചാലക്കുടി ജനത അദ്ദേഹത്തെ ഏല്‍പ്പിച്ച എം.പി എന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. അവിചാരിതമായി കാന്‍സര്‍ തേടിയെത്തിയപ്പോള്‍ തളരാതെ സധൈര്യം അതിനെ നേരിട്ട അദ്ദേഹം തന്റെ ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തിലൂടെ സമാനരോഗാവസ്ഥയില്‍ കടന്നുപോകുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കി.

Also Read- Actor Innocent | നടൻ ഇന്നസെന്റ് അന്തരിച്ചു

ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയിലേല്‍പ്പിക്കുന്ന വിടവ് നികത്താന്‍ സാധിക്കില്ല. തന്റെ സിനിമകളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, നിത്യജീവിതത്തില്‍ എന്നും കണ്ടുമുട്ടുന്ന അയല്‍ക്കാരിലൊരാളായി നാം സങ്കല്പ്പിച്ച ഇന്നസെന്റ് ഇനി നമ്മുടെ ഓര്‍മകളില്‍ അനശ്വരനായി നിലകൊള്ളും. മലയാളികള്‍ ഓരോരുത്തരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രിയപ്പെട്ട ഇന്നസെന്റിന് ആദരാഞ്ജലികൾ.

First published:

Tags: Actor innocent, Innocent, Innocent passes away