മഴയിൽ ചോരാത്ത, ഇടിഞ്ഞു വീഴാത്ത സുരക്ഷിതമായ ഒരു വീട് നിങ്ങൾക്കുണ്ടെങ്കിൽ മഴ നിങ്ങൾക്കും ആസ്വദിക്കാനാകും. എന്നാൽ മഴയെ ഭയക്കുന്ന നിരവധി ആളുകളും സമൂഹത്തിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീകരത കേരളത്തിലും ആഞ്ഞടിച്ചിരുന്നു. ഗുജറാത്ത് തീരത്ത് വീശിയ ചുഴലിക്കാറ്റിൽ 13 പേർ മരിച്ചു. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബൈയിലും ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്ത മഴ പെയ്തിരുന്നു. ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ വെള്ളപ്പൊക്കവും മുംബൈയിൽ മലിനജലം കവിഞ്ഞൊഴുകിയതുമൊക്കെ സോഷ്യൽ മീഡിയകളിലും നിറഞ്ഞിരുന്നു.
എന്നാൽ ഇതിനിടെ ടെലിവിഷൻ സീരിയൽ നടിയായ ദീപിക സിംഗ് ഗോയലിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘ദിയ ഔർ ബാതി ഹം’ എന്ന സീരിയലിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ ദീപിക സിംഗ് മുംബൈയിൽ ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് കടപുഴകി വീണ മരങ്ങൾക്കിടയിൽ നിന്നാണ് ഫോട്ടോ ഷൂട്ട് നടത്തുകയും നൃത്തം ചെയ്യുകയും ചെയ്തത്. മഴയിൽ കുളിച്ച് പ്രകൃതിയോട് ഇണങ്ങിച്ചേർന്നുള്ള ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
“നിങ്ങൾക്ക് കൊടുങ്കാറ്റിനെ ശാന്തമാക്കാൻ കഴിയില്ല, അതിനാൽ അതിനായി ശ്രമിക്കാതിരിക്കുക. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് സ്വയം ശാന്തമാകക, പ്രകൃതിയെ വാരിപ്പുണരുക, ഈ മൂകമായ അന്തരീക്ഷം കടന്നു പോകും," എന്നാണ് ദീപിക ചിത്രങ്ങൾക്ക് അടിക്കുറപ്പായി എഴുതിയിരിക്കുന്നത്.
രണ്ടാമത്തെ പോസ്റ്റിൽ നടി മഴയിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ് “ ജീവിതം കൊടുങ്കാറ്റ് കടന്നുപോകുന്നതുവരെ കാത്തിരിക്കാനുള്ളതല്ല, അത് മഴയിൽ നൃത്തം ചെയ്യാൻ പഠിക്കാനുള്ളതാണ്," എന്നാണ്.
മൂന്നാമത് മറ്റൊരു പോസ്റ്റ് കൂടി ദീപിക പങ്കുവച്ചു. മരങ്ങൾക്കിടയിൽ നിന്ന് എടുത്ത ഫോട്ടോയാണിത്. ആദ്യ ഫോട്ടോയിൽ പിഴുതു വീണ മരങ്ങൾക്കിടയിൽ നിന്നെടുത്ത ഫോട്ടോഷൂട്ടിനെ ന്യായീകരിക്കുന്ന വിശദീകരണ കുറിപ്പും താരം നൽകിയിട്ടുണ്ട്. “ഈ മരം എന്റെ വീടിന് മുന്നിൽ വീണതാണ് ആർക്കും പരിക്കില്ല, ടൗട്ടെ ചുഴലിക്കാറ്റിനെ ഓർക്കാൻ എനിയ്ക്കും രോഹിത്തിനും കുറച്ച് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞുവെന്നാണ്” ദീപിക പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
എന്നാൽ നായികയുടെ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ അത്ര മികച്ച സ്വീകാര്യത ലഭിച്ചില്ല. ചുഴലിക്കാറ്റിന്റെ ഭീകരതയിൽ നിരവധിയാളുകൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയതിന് നിരവധി പേർ നടിയെ വിമർശിച്ച് രംഗത്തെത്തി. ഫോട്ടോഷൂട്ടിന്റെ സ്ക്രീൻഷോട്ടുകൾ ട്വിറ്ററിലും വൈറലായി.
മഹാരാഷ്ട്രയുടെ തെക്ക് ഭാഗത്തുള്ള ജലൂർ, സിരോഹി, ഉദയ്പൂർ, പാലി, ദുൻഗർപൂർ, ചിറ്റോർഗഡ്, രാജ്സമണ്ട് എന്നിവയാണ് കൊടുങ്കാറ്റ് ബാധിച്ച ഏഴ് ജില്ലകൾ.
Summary: TV Actress, Deepika Singh Goyal, known for her role in ‘Diya Aur Baati Hum‘ posted what can only be considered an oblivious to the world, tone-deaf photoshoot amid broken trees in Mumbai. She posed in trees which were knocked down by Cyclone TaukTae
Keywords: Tauktae cyclone, Deepika Singh Goyal, Photoshoot, Celebrity, ടൗട്ടെ ചുഴലിക്കാറ്റ്, ദീപിക സിംഗ് ഗോയൽ, ഫോട്ടോഷൂട്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.