ന്യൂഡൽഹി: ‘കോളേജ് റൊമാന്‍സ്’ എന്ന വെബ് സീരീസിലെ ഭാഷാ പ്രയോഗത്തിന് എതിരെ ഡൽഹി ഹൈക്കോടതി. ഒടിടി പ്ലാറ്റ്ഫോമായ ടിവിഎഫിലാണ് ഈ സീരീസ് പുറത്തിറക്കിയിരിക്കുന്നത്. പ്ലാറ്റ്ഫോമിനെതിരെയും അതിൽ അഭിനയിച്ചിരിക്കുന്ന താരങ്ങൾക്കും മറ്റുള്ളവർക്കുമെതിരെയും എഫ്ഐആർ ചുമത്താനുള്ള മുൻ തീരുമാനത്തെ കോടതി പിന്തുണയ്ക്കുകയും ചെയ്തു. 2019 സെപ്റ്റംബർ 17ലെ കോടതി ഉത്തരവിനെ ചോദ്യംചെയ്ത് ടിവിഎഫ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
‘കോളേജ് റൊമാൻസിൽ’ അശ്ലീലമായ, സംസ്കാരമില്ലാത്ത ഉള്ളടക്കമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം പ്ലാറ്റ്ഫോമുകളിലെ ഭാഷാ പ്രയോഗത്തിൽ നടപടിയെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ വെബ് സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്ന അശ്ലീലതയുടെയും പ്രയോഗിച്ചിരിക്കുന്ന സ്പഷ്ടമായ ലൈംഗികച്ചുവയുള്ള ഭാഷയുടെയും സ്വാധീനം കുറച്ചുകാണാനാകില്ലെന്ന് ജസ്റ്റിസ് സ്വരന കാന്ത ശർമ പറഞ്ഞു.
‘‘ഭാഷ വളരെ അശ്ലീലവും അസഭ്യവും നിറഞ്ഞതാണ്. കോടതിക്ക് ചേംബറിനുള്ളിൽ എപ്പിസോഡ് കാണാൻ ഇയർ ഫോൺ ഉപയോഗിക്കേണ്ടി വന്നു. ഈ ഭാഷയിൽ അല്ല രാജ്യത്തെ യുവജനതയോ പൗരന്മാരോ സംസാരിക്കുക. ഈ ഭാഷ ഈ രാജ്യത്ത് പൊതുവായി സംസാരിക്കുന്ന ഭാഷയെന്ന് വിശേഷിപ്പിക്കാനാകില്ല. ഈ സീരിസിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണം. എഫ്ഐആർ ചുമത്തണം. എന്നാൽ ഇത് അറസ്റ്റ് ചെയ്യാനുള്ള നിർദേശമായി കരുതരുത്. ഭാഷയും വാക്കുകളും ശക്തമായ മാധ്യമമാണ്. വാക്കുകൾക്കു പടം വരയ്ക്കാനും അതിനു നിറം കൊടുക്കാനും കഴിയും’’- കോടതി പറഞ്ഞു.
യൂട്യൂബ്, ടിവിഎഫ് വെബ് പോർട്ടൽ, മൊബൈൽ ആപ്പ് എന്നിവയിൽക്കൂടിയും സീരീസ് പ്രദർശിപ്പിച്ചിരുന്നു. സീരീസിന്റെ ഒന്നാം സീസണിലെ അഞ്ചാം എപ്പിസോഡ് ആണ് വിവാദത്തിലായത്. 2018 സെപ്റ്റംബറിലാണ് ഈ എപ്പിസോഡ് പുറത്തിറക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.