ചെന്നൈ: മാതാപിതാക്കളാണെന്ന് അവകാശപ്പെട്ടെത്തിയ ദമ്പതിമാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്. പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. നടന് ധനുഷ് തങ്ങളുടെ മകനാണെന്ന് കതിരേശനും ഭാര്യ മീനാക്ഷിയും ആരോപിച്ചിരുന്നു.
ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു.
മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ധനുഷ് തങ്ങളെ കാണാന്‍ തയ്യാറായില്ലെന്നും പ്രതിമാസ മെഡിക്കല്‍ ബില്ലായ 65,000 രൂപ ധനുഷില്‍ നിന്ന് ലഭ്യമാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നുമാണ് അവര്‍ കോടതിയില്‍ നല്കിയ പ്രാഥമിക അപേക്ഷയില്‍ പറയുന്നത്.
ഹൈക്കോടതിയുടെ മധുര ബെഞ്ച് സമന്‍സ് അയച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.