തെന്നിന്ത്യയിലെ പ്രശസ്ത സിനിമാതാരങ്ങളിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). സാമന്തയുടെ പ്രതിഫലം സംബന്ധിച്ച് പല ചർച്ചകളും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ താരത്തിന്റെ ആദ്യത്തെ ശമ്പളം 500 രൂപയാണെന്ന് എത്ര പേർക്കറിയാം?
സാമന്ത തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ചോദ്യോത്തര സെഷന്റെ ഭാഗമായിട്ടായിരുന്നു പ്രതികരണം. ”ഒരു ഹോട്ടലിൽ നടന്ന മീറ്റിങ്ങിൽ അവതാരകയായി ജോലി ചെയ്തപ്പോഴായിരുന്നു അത്. എട്ട് മണിക്കൂർ ആയിരുന്നു ജോലി. 500 രൂപയായിരുന്നു എന്റെ ആദ്യത്തെ പ്രതിഫലം. അന്നു ഞാൻ പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ ആയിരുന്നു”, സാമന്ത വീഡിയോയിൽ പറഞ്ഞു. നിരവധി ഫാൻ പേജുകൾ സാമന്തയുടെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
Her first income was Rs . 500 at 10 th std @Samanthaprabhu2 comes long way ❤️❤️ #SamanthaRuthPrabhu pic.twitter.com/2bBp2fLT8J
— Dhanam 🌹 (@dhanam_arjuner) April 21, 2022
ഇന്ന് 3 മുതൽ 5 കോടി വരെയാണ് സാമന്ത റൂത്ത് പ്രഭു ഒരു സിനിമക്ക് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചില സിനിമകളിലെ നൃത്ത രംഗങ്ങളിൽ മാത്രമായി പ്രത്യക്ഷപ്പെടാനും താരം ഇതേ പ്രതിഫലമാണ് വാങ്ങുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. അല്ലു അർജുൻ നായകനായ പുഷ്പയിലെ നൃത്തരംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിജയ് സേതുപതിക്കും നയന്‍താരയ്ക്കുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കാതുവാക്കിലെ രണ്ടു കാതല്‍ എന്ന ചിത്രവും ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ത്രികോണ പ്രണയകഥ ആയിരുന്നു വിഘ്നേഷ് ശിവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രമേയം ചിത്രത്തിൽ ഖദീജ എന്ന കഥാപാത്രത്തെയാണ് സാമന്ത അവതരിപ്പിച്ചത്.
നടൻ നാഗ ചൈതന്യയെ സാമന്ത വിവാഹം ചെയ്തെങ്കിലും 2021 ഒക്ടോബറിൽ ഇരുവരും വേർപിരിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും വേർപിരിയൽ ഔദ്യോഗികമായി അറിയിച്ചത്. അതിനു ശേഷം നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള തന്റെ ഫോട്ടോകൾ സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിരുന്നു.
ഇപ്പോൾ, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കുന്ന ഖുഷിയുടെ ചിത്രീകരണത്തിരക്കിലാണ് സാമന്ത റൂത്ത് പ്രഭു. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായിക്കഴിഞ്ഞു. സാമന്തയുടെ ശാകുന്തളവും റിലീസിനൊരുങ്ങുകയാണ്. അനുഷ്‍ക ഷെട്ടി നായികയായ ‘രുദ്രമാദേവി’യുടെ സംവിധായകന്‍ ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തെലുങ്കിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തമിഴ് ഉൾപ്പടെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തുന്നത്.
2010ല്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായയുടെ തെലുങ്ക് പതിപ്പായ യേ മായ ചേസവയിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സാമന്ത അഭിയന രംഗത്തെത്തിയത്. വിണ്ണൈ താണ്ടി വരുവായയില്‍ അതിഥി വേഷത്തിലും സാമന്ത പ്രത്യക്ഷപ്പെട്ടിരുന്നു. 2010 ഫെബ്രുവരി 26നായിരുന്നു രണ്ട് സിനിമകളും റിലീസ് ചെയ്തത്. 12 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ അന്‍പതോളം ചിത്രങ്ങളില്‍ സമാന്ത അഭിനയിച്ചിട്ടുണ്ട്. കൂടുതലും തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ച താരം തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്ത് ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാൾ കൂടിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.