• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

രണ്ടു പതിറ്റാണ്ടായി; മായാതെ 'ഭരതന്‍ ടച്ച്'

News18 Malayalam
Updated: July 30, 2018, 5:02 PM IST
രണ്ടു പതിറ്റാണ്ടായി; മായാതെ 'ഭരതന്‍ ടച്ച്'
News18 Malayalam
Updated: July 30, 2018, 5:02 PM IST
മലയാള സിനിമയുടെ പ്രിയ സംവിധായകൻ ഭരതൻ ഓർമയായിട്ട് 20 വർഷം. മലയാളികളെ സംബന്ധിച്ചിടത്തോളം ഭരതൻ സിനിമകൾ ഇന്നും ഗൃഹാതുരമായ ഓർമകളാണ്. മലയാള സിനിമയിൽ നവ ദൃശ്യസംസ്കാരത്തിന് തുടക്കമിട്ട ഭരതൻ സിനിമകൾ ഇന്നും മികവോടെ ജ്വലിച്ച് നിൽക്കുന്നു. 1947 നവംബര് 14ന് ജനിച്ച ഭരതന് 1998 ജൂലൈ 30നാണ് ഓർമയായത്.

അമ്മാവനും പ്രശസ്ത സംവിധായകനുമായ പി.എന്‍ മേനോനാണ് ഭരതനെ കലാസംവിധായകനായി സിനിമയിലേക്ക് നയിക്കുന്നത്. വിൻസെന്റ് സംവിധാനം ചെയ്ത ഗന്ധർവ ക്ഷേത്രം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി പ്രവർത്തിച്ചത്. കുറച്ചു ചിത്രങ്ങളിൽ കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച അദ്ദേഹം, 1975ൽ പ്രയാണം എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന രംഗത്തേക്ക് കടക്കുന്നത്. കലാസംവിധാനം, സംവിധാനം തുടങ്ങി കൈവെച്ച മേഖലയില്‍ രണ്ട് ദേശീയ അംഗീകാരങ്ങളും പന്ത്രണ്ടോളം സംസ്ഥാന പുരസ്‌കാരങ്ങളും ഭരതനും, ഭരതന്‍ ചിത്രങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.എണ്‍പതുകളില്‍ മലയാളിയുടെ ഹൃദയമിടിപ്പിന് വൈവിധ്യമാര്‍ന്ന വൈകാരികത സമ്മാനിച്ച കൂട്ടുകെട്ടായിരുന്നു ഭരതന്‍, പത്മരാജന്‍, കെ.ജി ജോർജ്, മോഹന്‍, ജോണ്‍പോള്‍ എന്നിവരുടേത്. പത്മരാജൻ സ്വതന്ത്ര സംവിധായകനാകുന്നതിനു മുൻപേ ഇരുവരും ചേർന്ന് പല ചിത്രങ്ങളും നിർമിച്ചു. രതിനിർവേദം, തകര എന്നിവയാണ് ഇതിൽ പ്രധാനം. ചാമരം, മർമരം, പാളങ്ങൾ, എന്റെ ഉപാസന എന്നീ ചിത്രങ്ങൾ മലയാള ചലച്ചിത്രത്തിൽ കാൽപനിക തരംഗത്തിന് തുടക്കമിട്ടു.

കല കലാകാരനെ അതിശയിപ്പിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ മാസ്റ്റര്പീസ് ആയി ഈ ചിത്രം കണക്കാക്കപ്പെടുന്നു. മഹാഭാരതത്തിലെ ഒരു ഉപകഥയിലെ അപ്രധാനമായ ഒരു കഥാപാത്രമാണ് വൈശാലി. തന്റെ തനതു ശൈലിയിൽ ഈ കഥയെ വികസിപ്പിച്ച് എം.ടി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

സിനിമ എടുക്കാൻ ഭാഷ ഭരതന് ഒരു തടസമായില്ല. ശിവാജി ഗണേശൻ, കമൽഹാസൻ എന്നിവർ അച്ഛൻ- മകൻ ജോഡിയായി അഭിനയിച്ച തേവർമകൻ തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. പല ഭാഷകളിലും പുനർനിർമിക്കപ്പെട്ട ഈ ചിത്രം നിരവധി ദേശീയ പുരസ്കാരങ്ങളും നേടി. ചലച്ചിത്ര സംവിധാനത്തിനു പുറമേ തിരക്കഥകളും രചിച്ചു, തന്റെ പല ചിത്രങ്ങൾക്കുമായി ഗാനങ്ങൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തു. കേളി എന്ന ചലച്ചിത്രത്തിലെ ഹിന്ദോളം രാഗത്തില് ചെയ്ത 'താരം വാല്‍ക്കണ്ണാടി നോക്കി' ഇതിലൊന്നുമാത്രം.

മലയാളസിനിമയെ വിലയിരുത്താന്‍ ശ്രമിക്കുന്ന പഴയതും പുതിയതുമായ നിരൂപകര്‍ എന്നും എടുത്തുപറയുന്ന ഒരു പിരീയഡിന്റെ ഏറ്റവും വലിയ വക്താവായിരുന്നു ഭരതന്‍. അമ്പതാം വയസില്‍ ജീവിതത്തോട് വിടപറയുമ്പോള്‍ ഭരതന് തന്റെ കരിയറിനെ അടയാളപ്പെടുത്തുവാന്‍ നാൽപതില്‍ പരം ചിത്രങ്ങളുണ്ട് വ്യത്യസ്ത ഭാഷകളിലായി. പ്രയാണം, ചാമരം, വൈശാലി, കാറ്റത്തെ കിളിക്കൂട്, താഴ്‌വാരം, ഓർമയ്ക്കായ്, തകര, തേവര്‍മകന്‍ ഇങ്ങനെ എന്നും പച്ചയായി നില്‍ക്കുന്ന നിരവധി ചിത്രങ്ങൾ പുതിയതലമുറയുടെ കാഴ്ചക്ക് വലിയ പിന്തുണയേകികൊണ്ട് ഓർമകളില്‍ നിറഞ്ഞു നിൽക്കുന്നു. ഒരു പക്ഷേ ഭരതന്‍ സിനിമകളുടെ കാലത്തേക്കാള്‍ അവ ചര്‍ച്ചചെയ്യപ്പെടുന്നതും ക്രിയാത്മകമായി കണ്ടെത്തപ്പെടുന്നതും ഇന്നത്തെ കാലത്താണ്.
Loading...

 
First published: July 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...