കേരള ജനത ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ച 2018ലെ മഹാപ്രളയം പ്രമേയമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന സിനിമയ്ക്ക് നിറഞ്ഞ കൈയ്യടി നല്‍കി കേരളത്തിലെ സിനിമാ പ്രേമികള്‍. ഇന്നലെ തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ പ്രമുഖരടക്കമുള്ള സിനിമാപ്രേമികള്‍ ചിത്രത്തെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തി.
‘കേരളത്തിലെ തിയേറ്ററിൽ ആള് കയറുന്നില്ല എന്ന പരാതി ഒറ്റ ദിവസംകൊണ്ടു നീ മാറ്റി കൊടുത്തല്ലോ അളിയാ’ എന്നാണ് സംവിധായകന്‍ അരുണ്‍ ഗോപി ജൂഡ് ആന്‍റണിയെ അഭിനന്ദിച്ചുകൊണ്ട് എഴുതിയത്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി അണിനിരന്ന ഒരു കൂട്ടം മികച്ച പ്രതിഭകളുടെ ഏറ്റവും മികച്ച പ്രകടനം കൊണ്ടുതന്നെയാണ് സിനിമ ശ്രദ്ധിക്കപ്പെടുന്നതെന്നാണ് പൊതുവെയുള്ള പ്രേക്ഷക പ്രതികരണം. ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പുറത്തിറങ്ങിയ 2018 സിനിമയാണ് യഥാര്‍ഥ കേരള സ്റ്റോറി എന്ന അഭിപ്രായവും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതും 2018ലെ പ്രളയത്തിന് കാരണമായി എന്ന് സിനിമ പറഞ്ഞുവെക്കുന്നു. അതിനപ്പുറമുള്ള ആരോപണങ്ങളിലെക്ക് കടക്കാതെ മലയാളികളുടെ അതീജീവനവും ഒത്തൊരുമയും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ സിനിമയില്‍ കേരളത്തിലെ റിയല്‍ ഹീറോസ് മത്സ്യത്തൊഴിലാളികളാണെന്ന് പ്രഖ്യാപിക്കുകയാണ് അണിയറക്കാര്‍.
വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സമീപകാല മലയാള സിനിമകളിലേറ്റവും വലിയ താരസാനിധ്യം കൂടെയുള്ള ചിത്രമാണ് 2018. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തിരക്കഥ : അഖിൽ പി ധർമജൻ. മോഹൻദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രസംയോജനം : ചമൻ ചാക്കോ. സംഗീതം : നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം : സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ. പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം. പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്. വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ഡിസൈൻസ് : യെല്ലോടൂത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.