• HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്, ആ ചിരിയും,പ്രകാശം പരത്തുന്ന ആ മുഖവും'; ഛായാഗ്രാഹകൻ പപ്പുവിനെ ലാല്‍ ജോസ് അനുസ്മരിക്കുന്നു

'ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്, ആ ചിരിയും,പ്രകാശം പരത്തുന്ന ആ മുഖവും'; ഛായാഗ്രാഹകൻ പപ്പുവിനെ ലാല്‍ ജോസ് അനുസ്മരിക്കുന്നു

അപ്പൻ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ് പപ്പു രോഗബാധിതനാകുന്നത്

  • Last Updated :
  • Share this:
    അന്തരിച്ച ഛായാഗ്രാഹകൻ സുധീഷ് പപ്പുവിനെ അനുസ്മരിച്ച് സംവിധായകൻ ലാൽ ജോസ്. ''ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്. എന്ത്ചെയ്യാം കാലം അത്രമേൽ നിസംഗതയോടെ അവനെ നിശബ്ദം കൂട്ടികൊണ്ട് പോയികഴിഞ്ഞു. ആ ചിരിയും, പ്രകാശം പരത്തുന്ന ആ മുഖവും ഓർക്കുന്നു. യാത്രമൊഴി നേരുന്നു''- ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.

    കുറിപ്പ് ഇങ്ങനെ- വായനിറയെ മുറുക്കാനും മുഖം നിറയെ ചിരിയും. ക്യാമറാമാൻ രാജീവ് രവിയുടെ സംഘത്തിലെ നിശബ്ദനും നിസംഗനുമായ ആ ചെറുപ്പക്കാരനെ ഞാൻ പരിചയപ്പെടുന്നത് 2004 ൽ രസികന്റെ സെറ്റിൽ വച്ചാണ്. അന്നു മുതൽ പപ്പു സുഹൃത്താണ്. പിന്നീട് ക്ളാസ്മേറ്റ്സ് കാലത്തും ചങ്ങാത്തം തുടർന്നു.

    നാൽപ്പത്തിയൊന്നിന്റെ ചിത്രീകരണം തുടങ്ങുന്നതിന് ഒരു കൊല്ലം മുമ്പ് ഒരു മണ്ഡലകാലത്ത് നാലു ക്യാമറാമാൻമാരുമായി ഞാൻ ശബരിമലയ്ക്ക് പോയി. അവരിലൊരാൾ പപ്പു ആയിരുന്നു. ആ നാല് ദിവസങ്ങളിൽ ശബരിമലയിൽ നിന്ന് പപ്പു പകർത്തിയ മനോഹരമായ നിരവധി ദൃശ്യങ്ങൾ സിനിമയിൽ പല പ്രധാന സീനുകളിലും പിന്നീട് ഉപയോഗിച്ചു. പപ്പുവിനൊപ്പം പൂർണ്ണമായും ഒരു പടം എന്ന വിചാരം മാത്രം നിറവേറാതെ പോയി. അവന്റെ ഇൻഡിപെന്റന്റ് സിനിമ ‘ഈട’ ഡിസ്ട്രിബ്യൂട്ട് ചെയ്തത് എൽ.ജെയാണ്, അങ്ങനെ കരുതി സമാധാനിക്കുന്നു.

    ഒരുപാട് ഇനിയും നടക്കാനുണ്ടായിരുന്നു അവന്. എന്ത്ചെയ്യാം കാലം അത്രമേൽ നിസംഗതയോടെ അവനെ നിശബ്ദം കൂട്ടികൊണ്ട് പോയികഴിഞ്ഞു. ആ ചിരിയും, പ്രകാശം പരത്തുന്ന ആ മുഖവും ഓർക്കുന്നു. യാത്രമൊഴി നേരുന്നു - അല്ലാതെന്താകും.



    ഛായാഗ്രാഹകൻ പപ്പു അന്തരിച്ചു

    മലയാള സിനിമ ഛായാഗ്രാഹകനായ പപ്പു (സുധീഷ് പപ്പു) അന്തരിച്ചു. രോഗ ബാധിതനായി എറണാകുളത്ത് എറെ നാളായി ചികിത്സയിൽ തുടരവെയാണ് അന്ത്യം. 44 വയസായിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ അസോസിയേറ്റായിരുന്നു. 2000 മുതൽ തന്നെ സിനിമ മേഖലയിൽ സജീവമായിരുന്നു.

    ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സക്കൻഡ് ഷോയിലൂടെയാണ് പപ്പു സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. പിന്നീട് റോസ് ഗിറ്റാറിനാൽ, ഞാൻ സ്റ്റീവ് ലോപെസ്, കൂതറ, അയാൾ ശശി, ഈട, ഏറ്റവും അവസാനമായി അപ്പൻ എന്നീ സിനിമകൾക്ക് ക്യാമറ കൈകാര്യം ചെയ്തു. രാജീവ് രവി ചിത്രങ്ങളുടെ സെക്കൻഡ് യൂണിറ്റ് ക്യാമറ കൈകാര്യം ചെയ്തിരുന്നത് പപ്പുയായിരുന്നു. ബോളിവുഡിലും രാജീവ് രവിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നു.

    അപ്പൻ സിനിമയുടെ ഷൂട്ടിങ്ങിന് ഇടയിലാണ് പപ്പു രോഗബാധിതനാകുന്നത്. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് മജു സംവിധാനം ചെയ്ത സണ്ണി വെയ്ൻ ചിത്രം പൂർത്തിയാക്കിയത്. അടുത്തിടെയാണ് ചിത്രം ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്തത്.
    Published by:Rajesh V
    First published: