തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന വേദിയിൽ കൂവി വിളിച്ച് പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. ആൾക്കൂട്ട പ്രതിഷേധം നായ്‌ക്കൾ കൂവിയത് പോലെയെന്നും ഐഎഫ്എഫ്കെ നടത്തിപ്പിൽ വീഴ്ചയില്ലെന്നും രഞ്ജിത്ത് ന്യൂസ് 18നോട് പറഞ്ഞു.
”കൂവി വിളിച്ചതിനെ വലുതാക്കേണ്ട. ആരോ എന്തോ ബഹളമുണ്ടാക്കി. അതിൽ വലിയ കാര്യമില്ല. വയനാട്ടിൽ എനിക്കൊരു വീടുണ്ട്. വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്. എനിക്കതിനോട് ചിരിയാണ് തോന്നുന്നത്. ഈ അപശബ്ദങ്ങളെയും അത്രയേ കാണുന്നുള്ളൂ. ചില ശബ്ദങ്ങൾ ഉണ്ടാകും. നായ മനപ്പൂർവ്വം എന്നെ ടാർജറ്റ് ചെയ്ത് കുരക്കുന്നതല്ല. വല്ലപ്പോഴും എത്തുന്ന ആൾ എന്ന നിലയിൽ എന്നോട് പരിചയമില്ലായ്മ ഉണ്ടാകാം. അതുകൊണ്ട് ഞാൻ ആ നായയെ തല്ലി പുറത്താക്കാൻ ശ്രമിക്കില്ല”- രഞ്ജിത് പ്രതികരിച്ചു.
നല്ല സിനിമ കാണിക്കുക എന്നുള്ളതായിരുന്നു മേളയുടെ വലിയ ലക്ഷ്യമെന്നും അതിന് കഴിഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു. ഉത്സാഹത്തോടെ വലിയൊരു പ്രേക്ഷക വിഭാഗം കാണുകയും ചെയ്തു. അതാണ് കരുത്ത്. ഈ ബഹളം ഒന്നും കാര്യമായി എടുക്കാറില്ല. മേള നടത്തിപ്പിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ചലച്ചിത്ര അക്കാദമിക്ക് ഒരു തരത്തിലുള്ള പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്. സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതാണ് തനിക്ക് നേരെ ഉയര്‍ന്ന കൂവലിന്‍റെ കാരണമെന്ന് പറഞ്ഞ രഞ്ജിത്ത് ആ സിനിമ തീയറ്ററിൽ വരുമ്പോൾ എത്ര പേർ കാണുമെന്ന് നോക്കാമെന്നും പറഞ്ഞു. ഐഎഫ്എഫ് കെയുടെ സമാപന ചടങ്ങിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ കാണികളിൽ ഒരു വിഭാഗം കൂവിയതിനെ തുടർന്നാണ് രഞ്ജിത്തിന്റെ പ്രതികരണം.
എന്നാല്‍ കൂവി എന്നെ തോൽപ്പിക്കാൻ സാധിക്കില്ലെന്നും 1977 ൽ എസ്എഫ്ഐയിലൂടെയാണ് താൻ പോരാട്ടം തുടങ്ങിയതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. തന്നെ സ്വാഗതം ചെയ്തതാണോ കളിയാക്കിയതാണോ എന്ന് ചോദിച്ച് കൊണ്ടാണ് രഞ്ജിത്ത് തന്റെ പ്രസംഗം ആരംഭിച്ചത്. താൻ സംസാരിക്കുമ്പോൾ ഒരു വിഭാഗം കൂവാൻ പദ്ധതിയിട്ടിട്ടുണ്ട് എന്ന് തന്റെ സുഹൃത്തായ മാധ്യമ പ്രവർത്തകൻ പറഞ്ഞു. കൂവിത്തെളിയുന്നത് നല്ല കാര്യമാണ് എന്നാണ് താൻ മറുപടി പറഞ്ഞത്. തന്നെ കൂവിത്തോൽപിക്കാനാവില്ല. 1977 ൽ എസ്എഫ്ഐയിലൂടെ തുടങ്ങിയതാണ് ജീവിതം. അതു കൊണ്ട് കൂവി പരാജയപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Director ranjith, Iffk, IFFK 2022, Nanpakal Nerathu Mayakkam