• HOME
  • »
  • NEWS
  • »
  • film
  • »
  • 'പാൽപ്പായസം കോളാമ്പിയിൽ വിളമ്പുമോ?'; കോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ച് രഞ്ജിത്ത്; വ്യാപക പ്രതിഷേധം

'പാൽപ്പായസം കോളാമ്പിയിൽ വിളമ്പുമോ?'; കോഴിക്കോട്ടെ തിയേറ്ററുകളെ കുറിച്ച് രഞ്ജിത്ത്; വ്യാപക പ്രതിഷേധം

IFFK പോലുള്ള വലിയ മേളകൾ എന്തുകൊണ്ട് കോഴിക്കോട് നടക്കുന്നില്ല എന്ന ചോദ്യത്തിനായിരുന്നു രഞ്ജിത്തിന്റെ മറുപടി

  • Last Updated :
  • Share this:
കോഴിക്കോട്: കോഴിക്കോട്ടെ തിയറ്ററുകൾ ചലച്ചിത്രോത്സവങ്ങൾക്ക് (Film Festival)വേദിയാകുന്നത് സംബന്ധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ പരാമർശമാണ് വിവാദമായത്. കോളാമ്പിയിൽ പാൽപ്പായസം വിളമ്പാൻ കഴിയില്ലെന്ന് കോഴിക്കോട്ടെ തിയറ്ററുകളെകുറിച്ച് വനിതാ ചലച്ചിത്രോത്സവ സംഘാടക സമിതിയോഗത്തിലായിരുന്നു രഞ്ജിത്തിൻറെ പരാമർശം.

തിയറ്റർ ഉടമകൾ കൂടി പങ്കെടുത്ത യോഗത്തിലാണ് സംവിധായകൻ ഇങ്ങനെയൊരു പരാമർശം നടത്തിയത്. രഞ്ജിത്ത് വിവാദ പരാമർശം പിൻവലിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.  രഞ്ജിത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവുമുയർന്നു.

ജൂലൈ 16,17,18 തിയ്യതികളിൽ കൈരളി - ശ്രീ തിയേറ്ററിൽ  വനിതാ സംവിധായകർ ഒരുക്കിയ 24 സിനിമകൾ പ്രദർശിപ്പിക്കാനാണ് തീരുമാനം. സാംസ്കാരികവകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി  സംസ്ഥാന ചലച്ചിത്രഅക്കാദമി  സംഘടിപ്പിക്കുന്ന മൂന്നാമത്  അന്തരാഷ്ട്ര വനിതാ  ചലച്ചിത്രോത്സവത്തിന്റെ  സംഘാടകസമിതി  യോഗം  കോഴിക്കോട് ഹോട്ടൽ മഹാറാണിയിൽ വെച്ച് നടന്നു.

Also Read-നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു

എളമരം കരീം  എം.പി ഉദ്ഘാടനവും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി ലോഗോ പ്രകാശനവും നടത്തിയ വേദിയിൽ അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, സ്വർഗചിത്ര അപ്പച്ചൻ, മുരളി ഫിലിംസ് മാധവൻ നായർ, ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ജനറൽ കൗൺസിൽ അംഗം പ്രദീപ് ചൊക്ലി എന്നിവരുണ്ടായിരുന്നു.

IFFK പോലുള്ള വലിയ മേളകൾ എന്തുകൊണ്ട് കോഴിക്കോട് നടക്കുന്നില്ല എന്നൊരു ചോദ്യത്തിന് രഞ്ജിത്ത്  നൽകിയ മറുപടി, 'തിരുവനന്തപുരത്തെ പോലെ നല്ല തിയേറ്ററുകൾ  കോഴിക്കോട് ഇല്ല, വെറുതെ എന്തിനാ പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പുന്നത്' എന്നായിരുന്നു. പരാമർശം കോഴിക്കോട്ടുകാരെ  ഒന്നടങ്കം ആക്ഷേപിക്കുന്നതും അപമാനിക്കുന്നതുമാണെന്ന് പരിപാടിയിൽ പങ്കെടുത്തവർ ആരോപിച്ചു.

Also Read-ഓസ്കാർ കമ്മിറ്റിയിലേക്ക് സൂര്യയ്ക്ക് ക്ഷണം; ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് താരം

സ്വകാര്യ തിയേറ്റർ ഉടമകൾ മേളയ്ക്ക് തിയേറ്റർ വിട്ടു കൊടുക്കില്ല എന്നും രഞ്ജിത് യോഗത്തിൽ പറഞ്ഞു. ഉടൻ തന്നെ അപ്പച്ചൻ, ക്രൗൺ തിയേറ്റർ ഉടമ വിനോദ് എന്നിവർ ഇടപെട്ട് സംസാരിച്ചു, എങ്കിലും  കൂടുതൽ സംവാദത്തിന് ഇടം കൊടുക്കാതെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയാണുണ്ടായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവിയിൽ ഇരുന്നു കൊണ്ട് രഞ്ജിത്ത് നടത്തിയ ഈ പരാമർശം ശക്തമായ പ്രതികരണവും പ്രതിഷേധവും അർഹിക്കുന്നതായി സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ തുടരുകയാണ്.‌

സാമൂഹ്യപ്രവർത്തകനായ ലിജീഷ് കുമാറിൻറെ എഫ് ബി പോസ്റ്റ് ചുവടെ...

അതുകൊണ്ടല്ലേ പ്രേംകുമാർ, തളികയിൽ വിളമ്പാൻ ലോകസിനിമയുടെ പാൽപ്പായസവും കോളാമ്പിയിൽ വിളമ്പാൻ ഒരു വനിതാ മേളയും ഉണ്ടാവുന്നത് ?...................................................................

"അതാണ് ജോസുകുട്ടി, ഈ ടാക്കീസ് അയാളുടെയാണ് !!" രഞ്ജിത്തിന്റെ മോഹൻലാൽ പടം കാണാൻ അപ്സര തീയേറ്ററിന്റെ മുറ്റത്ത് ഞെരുങ്ങി നിൽക്കുമ്പോൾ മൈക്ക് മത്തായി എന്ന് ഞങ്ങൾ കളിയാക്കി വിളിക്കാറുള്ള കൂട്ടുകാരൻ നിധിൻ.സി.മത്തായി എന്റെ ചെവിയിൽ പറഞ്ഞതാണ്. കൊല്ലം എത്ര കഴിഞ്ഞിട്ടുണ്ടാവും അവനൊപ്പം അങ്ങനെ നിന്നിട്ട്, ഇന്ന് അവനെ വീണ്ടുമോർത്തു.
ഓർത്തത് അവനെയല്ല, അവൻ കൂടെപ്പോന്നതാണ്. ഓർത്തത് ജോസുകുട്ടിയെയായ്. ജോസുകുട്ടിയെ മാത്രമല്ല, രാധ തിയേറ്ററിന്റെ ഉടമ മുരളീകൃഷ്ണനെ, ക്രൗൺ തിയേറ്ററിന്റെ  ഉടമ വിനോദ് സ്വാമിയെ, ഗംഗ തിയേറ്റർ ഉടമ സതീശേട്ടനെ, അങ്ങനെ കോഴിക്കോടിനെ എന്റെ കോഴിക്കോടാക്കാൻ ആയുസ്സ് നീക്കിവെച്ചവരെയെല്ലാം ഇന്നോർത്തു. ഓർമ്മിപ്പിച്ചത് കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ബഹുമാന്യനായ ചെയർമാൻ ശ്രീ രഞ്ജിത്താണ്. 

മഹാറാണിയിൽ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം നടക്കുന്നു.  യോഗാവസാനം ആണുങ്ങൾ സർവാധികാരം ഏറ്റെടുത്ത് പിരിഞ്ഞ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം. ദീദി ദാമോദരൻ, വി.എം.വിനു, ഷാജൂൺ കാര്യാൽ, എണ്ണിപ്പറയുന്നില്ല കോഴിക്കോട്ടെ സിനിമാക്കാർ എല്ലാവരും വന്നിട്ടുണ്ട്. രഞ്ജിത്തും പ്രേംകുമാറും ഉൾപ്പെടെയുള്ള സിനിമാക്കാർ വേദിയിലുമുണ്ട്. ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാനാണ് ശ്രീ പ്രേംകുമാർ. അദ്ദേഹം ചോദിക്കുന്നു, "എന്തിനാണ് നമുക്കൊരു വനിതാ ചലച്ചിത്ര മേള, അങ്ങനെ ആൺ - പെൺ  എന്നൊരു സിനിമയുണ്ടോ ?" 

ശരിക്കും ആരാണ് ഈ മേള നടത്തുന്നത്, ഈ ചോദ്യങ്ങൾ ഇവിടെ വന്ന് ചോദിക്കുന്നതിന്റെ യുക്തിയെന്ത് എന്നൊക്കെ അദ്ദേഹത്തോട് ചോദിക്കണമെന്നുണ്ടായിരുന്നു. അത്തരം ചോദ്യങ്ങളുടെ ഒന്നും യാതൊരാവശ്യവുമില്ല എന്ന് അക്കാദമി ചെയർമാൻ തെളിയിച്ചു കൊണ്ടേയിരുന്ന നേരങ്ങളാണ് പിന്നെ മഹാറാണി ഹോട്ടൽ കണ്ടത്. ട്രിവാൻഡ്രത്തും എറണാകുളത്തും ചലച്ചിത്ര മേള നടത്തിയ പോലെ, കോഴിക്കോട്ടും നടത്തണം ഒരു റീജണൽ മേള എന്ന് ആവശ്യമുയർന്നപ്പോൾ പരിഹാസച്ചിരിയോടെ ചെയർമാന്റെ ചോദ്യം വന്നു, "സർ, പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പണോ ?"  

തിരുവനന്തപുരത്തെ തീയേറ്ററുകളൊക്കെ ഗംഭീരമാണ്, രഞ്ജിത്തിന്റെ വാദത്തോട് എനിക്ക് വിയോജിപ്പില്ല. ടാഗോറും ഏരീസ് പ്ലക്സും ശ്രീപത്മനാഭയും കൈരളി - ശ്രീ - നിളയും ഒക്കെ ഗംഭീരമാണ്. നല്ല സിനിമകൾ കാണിക്കാൻ കോഴിക്കോട്ടെ തീയേറ്ററുകൾ കൊള്ളില്ല എന്ന വാദത്തോട് എനിക്ക് വിയോജിപ്പുണ്ട്. ക്ഷണിക്കപ്പെട്ട് വന്നവരുടെ ആ സദസ്സിൽ കോഴിക്കോട്ടെ തീയേറ്റർ ഉടമകളും, പ്രതിനിധികളും ഉണ്ട്. അവരെയിരുത്തിയാണ് അക്കാദമി ചെയർമാൻ ചോദിച്ചത്, "പാൽപ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയിൽ വിളമ്പണോ ?" എന്ന്. 

അപ്സരയും, കോറണേഷനും, കൈരളി ശ്രീയും, രാധയും കാണിച്ച് തന്ന രഞ്ജിത്താണ് എന്റെ രഞ്ജിത്ത്. ക്രൗണും, റീഗലും, ഇ മാക്സും, ആശീർവാദുമുൾപ്പെടെ കോളാമ്പികൾ കൂടിയിട്ടുണ്ട് കോഴിക്കോട്ട്. നിങ്ങളുണ്ടാക്കിയ പാൽപ്പായസം വിളമ്പാൻ കോളാമ്പികൾ ഉണ്ടായത് കൊണ്ടാണ് സർ, കോളാമ്പിയിൽ നിങ്ങൾ വിളമ്പിയ പാൽപ്പായസം നക്കാൻ ഞങ്ങളുണ്ടായത് കൊണ്ടാണ് സർ, നിങ്ങൾ രഞ്ജിത്തായതും അക്കാദമിയുടെ ചെയർമാനായതും. 
പ്രശ്നം അതല്ല. നിങ്ങളുടെ വലിപ്പമോ, ആ വലിപ്പത്തെ താങ്ങാൻ ശേഷിയില്ലാത്ത ഞങ്ങളുടെ തീയേറ്ററോ അല്ല പ്രശ്നം. പ്രശ്നം വനിതാ ചലച്ചിത്ര മേളയാണ്. ട്രിവാൻഡ്രത്തും എറണാകുളത്തും നടത്തുന്ന ചലച്ചിത്ര മേള കോഴിക്കോട്ടെ കോളാമ്പിയിൽ വിളമ്പാനാവാത്ത അക്കാദമിക്ക്, വനിതാ മേള അങ്ങനെ വിളമ്പാനുള്ളതാണ് എന്നതാണ് പ്രശ്നം. 
പ്രിയപ്പെട്ട പ്രേംകുമാർ, നിങ്ങൾ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഇതാണ്. സിനിമയ്ക്ക് ആൺ - പെൺ എന്ന ഒന്നുണ്ട്. നിങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നതും അതാണ്. അതുകൊണ്ടല്ലേ പ്രേംകുമാർ, തിരുവനന്തപുരത്തെ തളികയിൽ വിളമ്പാൻ ചലച്ചിത്ര അക്കാദമിക്ക് ലോകസിനിമയുടെ പാൽപ്പായസവും കോഴിക്കോട്ടെ കോളാമ്പിയിൽ വിളമ്പാൻ ഒരു വനിതാ മേളയും ഉണ്ടാവുന്നത് ?
Published by:Naseeba TC
First published: