• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Live TV
 • Year Ender 2018

'നെഗറ്റീവ് റിവ്യൂ കൊല്ലുന്നതിനു സമം; എന്നിട്ടും സിനിമ ലാഭത്തിൽ തന്നെ' - സംവിധായകൻ ഷാഫി പറയുന്നു

news18india
Updated: August 4, 2018, 4:35 PM IST
'നെഗറ്റീവ് റിവ്യൂ കൊല്ലുന്നതിനു സമം; എന്നിട്ടും സിനിമ ലാഭത്തിൽ തന്നെ' - സംവിധായകൻ ഷാഫി പറയുന്നു
news18india
Updated: August 4, 2018, 4:35 PM IST
ഷാഫി/ജോയ്സ് ജോയ്

തിയറ്ററുകളിൽ ചിരിയുടെ ബോംബ് പൊട്ടിച്ച് 'ഒരു പഴയ ബോംബ് കഥ' മുന്നേറുകയാണ്. എല്ലാ ദിവസവും ഒന്നരയടിക്കുന്നവന്‍റെയും അയാളുടെ ഒന്നരകാലുളള കൂട്ടുകാരന്‍റെയും കഥ പറയുന്ന സിനിമ തിയറ്ററുകളിൽ ഒന്നൊന്നര ചിരി സമ്മാനിച്ച് മുന്നേറുകയാണ്. സിനിമയെക്കുറിച്ച്, ബിബിൻ ജോർജിനെ നായകനാക്കിയതിനെക്കുറിച്ച്, തന്‍റെ എവർഗ്രീൻ ഹാസ്യകഥാപാത്രങ്ങളെക്കുറിച്ച്, പുതിയ പ്രൊജക്ടുകളെക്കുറിച്ച് സംവിധായകൻ ഷാഫി ന്യൂസ് 18 മലയാളത്തിനോട് സംസാരിക്കുന്നു

  Loading...

 • 'ഒരു പഴയ ബോംബ് കഥ' ഒരുപാട് ചിരിപ്പിക്കുന്ന ഒരു പടം. എങ്ങനെയുണ്ട് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം ?ഷാഫി: എല്ലാവർക്കും സിനിമ ഇഷ്ടമായി, ബിബിനെ ഇഷ്ടമായി. അങ്ങനെ വലിയ കഥയൊന്നുമില്ല, ഒരു കൊച്ചുകഥയാണ്, കൊച്ചുസിനിമയാണ്. പക്ഷേ, പ്രധാനപ്പെട്ട ഘടകം ചിരി തന്നെയാണ്. എല്ലാവർക്കും പറയാൻ ഒരു കാര്യമേയുള്ളൂ, നന്നായി ചിരിച്ചു. അതിൽ സന്തോഷമുണ്ട്. ആളുകൾ ചിരിക്കട്ടെ, സന്തോഷിക്കട്ടെ. മഴക്കാലമാണ്, പലർക്കും ഇത് ദുരിതകാലമാണ്, വറുതിയുടെ കാലമാണ്. ഈ സമയത്ത് ആളുകൾക്ക് ഈ സിനിമ കുറച്ചെങ്കിലും സന്തോഷം നൽകിയിട്ടുണ്ടെങ്കിൽ അതിൽ ഞങ്ങൾ സന്തോഷിക്കുന്നു.

 • എങ്ങനെയാണ് ബിബിൻ ജോർജിനെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുന്നത്. ബിബിൻ പറഞ്ഞിട്ടുണ്ട് ഷാഫിയുടെ കോൺഫിഡൻസ് ആണ് ഈ സിനിമയെന്ന്


ഷാഫി: ഈ കഥ എന്നെ തേടി വന്നതാണ്. ഇതുവരെ ഞാൻ ചെയ്തിട്ടുള്ള ഒരു സിനിമയും സ്ക്രിപ്റ്റ് ആയി ആരെങ്കിലും സമീപിച്ചിട്ട് ചെയ്തിട്ടുള്ളതല്ല.
ചെയ്ത സിനിമകളിൽ 90 ശതമാനവും തിരക്കഥാകൃത്തുമായി ഇരുന്ന് ചർച്ച ചെയ്ത് ആദ്യം കഥ രൂപപ്പെട്ട്, കഥാപാത്രം രൂപപ്പെട്ട് അതിനെ വളർത്തി കൊണ്ടുവന്ന് ഒരു തിരക്കഥയാകുന്നതു വരെ ഞാൻ ഇരിക്കാറുണ്ട്. സംഭാഷണം എഴുതുമ്പോഴാണ് ചെറുതായിട്ട് അവരെ ഫ്രീ ആയിട്ട് വിടുക. സംഭാഷണം എഴുതിയതിനു ശേഷവും ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരുപാട് തിരുത്തലുകൾ വരുത്താറുണ്ട്. പ്രത്യേകിച്ച് കോമഡിരംഗങ്ങളിലൊക്കെ. പക്ഷേ, ഈ ഒരു സിനിമ ഫുൾ സ്ക്രിപ്റ്റ് ആയാണ് എന്‍റെ മുമ്പിലേക്ക് വന്നത്. ബിബിനെ നേരത്തെ അറിയാം, നേരത്തെ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ബിബിന്‍റെ കഴിവിൽ നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു, ഒരു സംശയവുമില്ലായിരുന്നു.

സിനിമയുടെ കഥ തെരഞ്ഞെടുക്കുമ്പോൾ മൂന്നു കാര്യങ്ങളാണ് പ്രധാനമായും നോക്കാറുള്ളത്. ഒന്നുകിൽ കഥയ്ക്ക് ഒരു പുതുമ വേണം, അല്ലെങ്കിൽ കഥാപാത്രത്തിന് പുതുമ വേണം, അതുമല്ലെങ്കിൽ പശ്ചാത്തലത്തിന് പുതുവ വേണം.  ഈ കഥ കേട്ടപ്പോൾ തന്നെ ഓക്കേ പറഞ്ഞു. വേറെ ഒരു നായകനെ വെച്ചും ഈ സിനിമ ചെയ്യാമായിരുന്നു. കാലു വയ്യാത്തയാളായി മാറ്റാൻ ഗ്രാഫിക്സിൽ സംവിധാനമൊക്കെയുണ്ട്. എന്നാൽ, അതുപോലെ തന്നെയുള്ള ഒരാൾ ഈ റോൾ ചെയ്യുന്നു എന്നു പറയുന്നതാണ് അതിന്‍റെ ഹൈലൈറ്റ് ആയി എനിക്ക് തോന്നിയത്. പിന്നെ, ഈ സിനിമ ഒരു വെല്ലുവിളിയായി തോന്നിയിട്ടേയില്ല. കേട്ടപ്പോൾ തന്നെ ഈ സിനിമയിൽ എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു.

 • ചിത്രത്തിൽ ബിബിന്‍റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു ?


ഷാഫിതാൻ വയ്യാത്ത ഒരാളാണെന്ന ചിന്ത ബിബിന് ഒരിക്കലുമില്ല. പക്ഷേ, ശാരീരികമായി ബുദ്ധിമുട്ടുണ്ട്. പോളിയോ വന്ന കാലാണത്, ഒരു അഞ്ചുമിനിറ്റ് നടന്നു കഴിഞ്ഞാൽ ആ കാലിന് നീരു വരും, വേദന വരും. അങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. ഡാൻസ് ചെയ്യാമെന്ന് ബിബിൻ പറഞ്ഞിരുന്നു. അങ്ങനെയാണ് ഡാൻസ് പാട്ട് ഉൾപ്പെടുത്തിയത്. എന്നാൽ, പാട്ട് എടുക്കാൻ ചെന്നപ്പോൾ ബിബിൻ ചെറുതായൊന്ന് പതറി. ചെറിയ സ്റ്റെപ്പുകൾ പോലും ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുപോലും, ചെയ്യാൻ കഴിയില്ലെങ്കിൽ പാട്ടു മുഴുവനായും ചെയ്യാൻ കഴിയില്ലെന്നും ഭയങ്കര അഡ്ജസ്റ്റ്മെന്‍റ് ആയിപ്പോകുമെന്നും ഞാൻ പറഞ്ഞു. അയാൾ കരഞ്ഞു, വിഷമം തോന്നി. തളരാത്ത ഒരാളാണ് ബിബിനെന്ന് അയാളോട് പറഞ്ഞു. എന്നാൽ, ചെറുപ്പം മുതലേ ഇങ്ങനെ ചെറിയ കാര്യങ്ങളിൽ തകർന്നുപോകും, ഒന്നു വിചാരിക്കരുതെന്ന് പറഞ്ഞ് അയാൾ പെട്ടെന്നുതന്നെ ഓക്കേ ആയി. രണ്ടുദിവസം കൊണ്ട് ഡാൻസ് പൂർത്തിയാക്കി. പക്ഷേ, ഷൂട്ട് കഴിഞ്ഞ് വൈകുന്നേരം മുറിയിലെത്തുമ്പോൾ കാലിന് നീരായിരിക്കും. നമുക്ക് കഷ്ടം തോന്നും. നടന്നൊക്കെയുള്ള സ്റ്റെപ്സ് എടുക്കാമെന്ന് പറഞ്ഞപ്പോൾ ബിബിൻ തന്നെ പറഞ്ഞു, ഉദ്ദേശിച്ചതു പോലെ തന്നെ ഷൂട്ട് ചെയ്യാമെന്ന്. പാട്ട് നല്ല ഹിറ്റായി, അഭിനന്ദനങ്ങൾ കിട്ടി. • പാട്ടിനെ പോലെ, ഒരുപക്ഷേ അതിനേക്കാൾ, മികച്ചുനിന്നു ഫൈറ്റ് സീൻ


ഷാഫി: ഫൈറ്റ് സീൻ ശരിക്കും ഒരു കാടിനകത്താണ് ഷൂട്ട് ചെയ്തത്. കയറ്റവും ഇറക്കവും വേരുകളും ഒക്കെയുണ്ട്. നമുക്ക് തന്നെ നടക്കാൻ പ്രയാസമുള്ള സ്ഥലത്താണ് ഷൂട്ട് ചെയ്തത്. ബിബിൻ ഒത്തിരി കഷ്ടപ്പെട്ടു, ഒത്തിരി സ്ട്രയിൻ ചെയ്തു. പിന്നെ, അയാൾക്ക് ഇതൊന്നും ഒരു കഷ്ടപ്പാടായി തോന്നിയിട്ടില്ല. കാരണം പുള്ളി അത്ര പാഷനേറ്റാണ്. ബിബിൻ തന്നെ പറഞ്ഞിട്ടുണ്ട്, സിനിമയിൽ ചാൻസ് ചോദിക്കാൻ ഭയമാണെന്ന്. കാരണം, ചാൻസ് ചോദിച്ചാൽ അപ്പോൾ തന്നെ കാലിലേക്ക് നോക്കും. ആ ആളെ ഹീറോ ആക്കിയ കഥാകൃത്തുക്കൾക്കാണ് ആദ്യം മാർക്ക് കൊടുക്കേണ്ടത്. ബിബിനെ മനസിൽ കണ്ട് അവർ ഒരു കഥ ആലോചിച്ചു എന്നതിന്.

 • ആദ്യത്തെ സ്ക്രിപ്റ്റുമായി എത്തിയ തിരക്കഥാകൃത്തുക്കളിൽ സംവിധായകന് ഉണ്ടായിരുന്ന വിശ്വാസം എന്തായിരുന്നു


ഷാഫി: ഈ സിനിമയിൽ പുതിയ നായകനാണ്, പുതിയ തിരക്കഥാകൃത്തുക്കളാണ്, പുതിയ സംഗീതസംവിധായകനാണ്. ബിഞ്ജു ജോസഫ്, സുനിൽ കർമ എന്നിവരായിരുന്നു തിരക്കഥാകൃത്തുക്കൾ. അവർ കഥ പറഞ്ഞപ്പോൾ തന്നെ എനിക്കിഷ്ടമായി. സ്ക്രിപ്റ്റ് ആദ്യം ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. പിന്നെ, അതിൽ ഒരുപാട് തിരുത്തലുകൾ വരുത്തി, ഒരുപാട് വർക് ചെയ്തതിനു ശേഷമാണ് സ്ക്രിപ്റ്റ് ഈ ഒരു രൂപത്തിലേക്ക് വന്നത്. ഇതിനു മുമ്പ് ചെയ്ത ചോക്ലേറ്റ് എന്ന പടത്തിന്‍റെ തിരക്കഥാകൃത്തുക്കളും പുതിയ ആളുകളായിരുന്നു.

 • സിനിമ ഇറങ്ങിയപ്പോൾ തന്നെ വന്ന നെഗറ്റീവ് റിവ്യൂസിനെ തരണം ചെയ്തത്


ഷാഫി: അത് കഷ്ടമാണ്. ഒരു ചെറിയ പടമാണ്, ഇത്തരത്തിലുള്ള ഒരു നായകനാണ്. പൂർണതയുള്ള പടമാണെന്നൊന്നും പറയുന്നില്ല, പക്ഷേ, ഇത്രയ്ക്ക് കുറ്റം പറയാനുണ്ടോ എന്ന് തോന്നിയിരുന്നു വായിച്ചപ്പോൾ, ആദ്യ ദിവസങ്ങളിലെ കളക്ഷനെ അത് ബാധിച്ചു. നമ്മൾ അതിനെ എതിർക്കാനൊന്നും പോകുന്നില്ല, കാരണം ആർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ട്.

 • പടത്തിന് മൌത്ത് പബ്ലിസിറ്റി കൂടുതലായിരുന്നല്ലോ


ഷാഫി: പടം നല്ലതാണെങ്കിൽ എത്ര മോശപ്പെട്ട റിവ്യൂ വന്നാലും പടം അത് പിക്ക് ചെയ്യും. പടമിറങ്ങിയ ശനിയാഴ്ച മോശമാണെന്ന് പറഞ്ഞ് റിവ്യൂ വരുന്നു. എന്നിട്ടും ഞായാറാഴ്ച നല്ല കളക്ഷൻ ഉണ്ടായിരുന്നു. ആവറേജിനു മുകളിൽ നിൽക്കുന്ന ഒരു സ്റ്റാറിന്‍റെ പടത്തിനു കിട്ടുന്ന കളക്ഷൻ കിട്ടിയിരുന്നു. എന്നാൽ, ആദ്യത്തെ ഞായറാഴ്ചയേക്കാൾ മുകളിൽ ആയിരുന്നു രണ്ടാമത്തെ ഞായറാഴ്ച കളക്ഷൻ. ബാക്കി ദിവസങ്ങളിൽ സെക്കൻഡ് ഷോയ്ക്കും ഫസ്റ്റ് ഷോയ്ക്കും ആളുണ്ട്. കുടുംബങ്ങൾ പടം ഏറ്റെടുത്തു. തമാശപ്പടം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് കുട്ടികളും കുടുംബങ്ങളുമാണ്. പടം അവര് നന്നായി എൻജോയ് ചെയ്യുന്നുണ്ട്, ഒത്തിരി കോളുകൾ വരുന്നുണ്ട്, സോഷ്യൽ മീഡിയയിലൂടെ ഒരുപാട് നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്.

 • സിനിമയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ എന്തെങ്കിലും നെഗറ്റീവ് റിവ്യൂ വരാൻ കാരണമായിട്ടുണ്ടോ


ഷാഫി: എനിക്കറിയില്ല, ചില പടങ്ങൾക്ക് അങ്ങനെ നെഗറ്റീവ് റിവ്യൂ എഴുതാറുണ്ട്. ഇടക്കാലത്ത് നെഗറ്റീവ് റിവ്യൂ എഴുതിയിട്ട് റെക്കോർഡ് വിജയം നേടിയ സിനിമകൾ ഉണ്ടായിട്ടുണ്ട്. നെഗറ്റീവ് റിവ്യൂസ് കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട്, വിഷമമുണ്ട്. കാരണം, പടം കൊല്ലുന്നതിന് സമമായിരുന്നു നെഗറ്റീവ് റിവ്യൂ. എന്നാൽ, ദൈവം സഹായിച്ച് പടം കുഴപ്പമില്ലാതെ പോകുന്നുണ്ട്.

 • ബിബിൻ എന്തു പറഞ്ഞു


ഷാഫിബിബിൻ ഭയങ്കര സന്തോഷത്തിലാണ്. അയാളെ സംബന്ധിച്ച് സ്വപ്നസാക്ഷാത്ക്കാരമാണ്. ഒരു സിനിമയിൽ അഭിനയിക്കുക എന്നതിനപ്പുറത്തേക്ക് നായകനാകുക എന്നൊന്നും സ്വപ്നം കണ്ടിട്ടില്ല. അയാളെ സംബന്ധിച്ച് ഇത് വലിയൊരു സന്തോഷമുള്ള കാര്യമാണ്. ഈ പടം കണ്ടു കഴിഞ്ഞിട്ട് രണ്ടു പ്രാവശ്യമാണ് ബിബിൻ കരഞ്ഞത്. പടം ഇറങ്ങിക്കഴിഞ്ഞ ദിവസം നൂൺഷോ കഴിഞ്ഞപ്പോൾ ആളുകൾ അവനെ പൊക്കിയെടുത്തു, അപ്പോൾ സന്തോഷം കൊണ്ട് അവൻ കരഞ്ഞു. പിന്നെ, പിറ്റേദിവസം ഒരു പത്രത്തിലെ നെഗറ്റീവ് റിവ്യൂ കണ്ടപ്പോഴും പൊട്ടിക്കരഞ്ഞു. സിനിമയിൽ എന്തെങ്കിലും നല്ല ഘടകങ്ങൾ ഉണ്ടെങ്കിൽ സിനിമ വിജയിക്കുമെന്ന് അവനെ ആശ്വസിപ്പിച്ചു. ഏതാണ്ട്, 9 - 10 ദിവസം കൊണ്ട് മുടക്കുമുതൽ തിരിച്ചുപിടിച്ചിട്ടുണ്ട്. അതുതന്നെ ഒരു വലിയ കാര്യമാണ്, കഴിഞ്ഞ ഞായഴാഴ്ച തന്നെ നിർമാതാക്കൾ ഹാപ്പിയായി.

 • ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ


ഷാഫി: കഥാപാത്രം ആലോചിച്ചപ്പോൾ തന്നെ ഹരീഷ് ആയിരുന്നു മനസിൽ. പെട്ടെന്നുണ്ടായ പ്രൊജക്ട് ആയിരുന്നു ഇത്. ഹരീഷും ഷാജോണും നിർബന്ധമായും വേണ്ടിയിരുന്നു. ഇതുവരെ ചെയ്ത സിനിമകളിൽ ഹരീഷിന് ഏറ്റവും കൂടുതൽ അഭിനന്ദനം ലഭിച്ച സിനിമായിരുന്നു ഇത്. ഷാജോണിനോട് ആദ്യംതന്നെ ക്രൂരനായ കഥാപാത്രമാണെന്ന് പറഞ്ഞിരുന്നു. ദൃശ്യം കണ്ടാൽ ആളുകൾക്ക് നിങ്ങളോട് ദേഷ്യം തോന്നും, ഇതിൽ കൊല്ലാൻ തോന്നുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്നാൽ, അതൊന്നു നോക്കേണ്ടെന്നായിരുന്നു ഷാജോണിന്‍റെ മറുപടി.

പഴയ ബോംബ് കഥയിലെ പൊലീസ് ഓഫീസർക്ക് വ്യത്യസ്ത ഗെറ്റപ്പ് ആയിരുന്നു. അത് ആദ്യാവസാനം മെയിന്‍റയിൻ ചെയ്യാൻ ഷാജോണിന് കഴിഞ്ഞിട്ടുണ്ട്. ഷാജോൺ നന്നായി ഹ്യൂമർ ചെയ്യും, ക്യരക്ടർ ആർട്ടിസ്റ്റ് ആണെന്ന് തെളിയിച്ചു കഴിഞ്ഞു, പിന്നെ, ഡാൻസ് ചെയ്യും, നന്നായിട്ട് പാട്ടുപാടും. വളരെ ടാലന്‍റഡ് ആയിട്ടുള്ള ഒരു ആർട്ടിസ്റ്റാണ് ഷാജോൺ. ഒരു സൂപ്പർസ്റ്റാറിനു വേണ്ട എല്ലാ ഗുണങ്ങളും അയാൾക്കുണ്ട്, ഇതിനുമുമ്പ് അങ്ങനെ തോന്നിയിട്ടുള്ളത് കലാഭവൻ മണിയെയാണ്.

അതുപോലെ ഇന്ദ്രൻസ് ചേട്ടൻ, സിനിമയിൽ വന്ന കാലം മുതൽ അറിയാവുന്നയാളാണ്. ഇന്ദ്രൻസ് ചേട്ടൻ ക്യാരക്ടർ റോൾ വളരെ മനോഹരമായി ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രമാണെന്ന് കുറേയാളുകൾ പറഞ്ഞു. പിന്നെ, ഹരിശ്രീ അശോകൻ കുറേ നാളുകൾക്ക് ശേഷം എത്തിയ ചിത്രമാണിത്. ഒരാൾ വിളിച്ചു പറഞ്ഞു, അശോകൻ ചേട്ടനെ തിരിച്ചുകിട്ടിയെന്ന്. അശോകന്‍റെ പഴയ കാലങ്ങളിലെ കോമഡി കുറേ നാളുകൾക്ക് ശേഷം തിരിച്ചുവന്നെന്ന്. ബിജുക്കുട്ടൻ, കുട്ടേട്ടൻ (വിജയരാഘവൻ) എന്നിവരും മികച്ചു നിന്നു. ഇത്രയും സീനിയറായ അദ്ദേഹത്തിന്‍റെ സിനിമയോടുള്ള പാഷനും ഹാർഡ് വർക്കും കാണുമ്പോൾ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്. ചിത്രത്തിൽ ഓരോരോ ആർട്ടിസ്റ്റും അവരുടെ ഭാഗങ്ങൾ ഗംഭീരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതുപോലെ തന്നെ ടെക്നീഷ്യൻസും, 45 ദിവസം കൊണ്ടായിരുന്നു ഈ പടം തീർന്നത്. 50 ലൊക്കേഷനുകളിൽ മേലെയുണ്ട്. ഓടിനടന്ന് ഷൂട്ട് ചെയ്യുകയായിരുന്നു. ആർട്ട് ഡയറക്ടർ ആണെങ്കിലും കോസ്റ്റ്യൂം ഡിസൈനർ ആണെങ്കിലും എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായിട്ട് നിർവഹിച്ചു. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണ്. ഒരുപാട് ആളുകൾ നല്ല മനസ്സോടെ പരിശ്രമിച്ച് ഉണ്ടാക്കിയ വിജയമാണ്.

 • ഇത് മലയാളസിനിമയിൽ ചരിത്രമാണ്


ഷാഫി: മലയാളത്തിൽ ഇങ്ങനെയൊരു നായകൻ ആദ്യമാണ്. ഇതിനുമുമ്പ് മയൂരി എന്നൊരു ചിത്രമുണ്ടായിരുന്നു, സുധാ ചന്ദ്രന്‍റെ, അത് വിവിധ ഭാഷകളിൽ ഇറങ്ങിയിരുന്നു. മലയാളത്തിലും ഇറങ്ങിയിരുന്നു, പക്ഷേ, ഒറിജിനൽ മലയാളം അല്ലായിരുന്നു. ഞാൻ ഈ സിനിമയിൽ കണ്ട പുതുമ സാധാരണ ഒരു അംഗപരിമിതിയുള്ള ആളുടെ കഥ പറയുമ്പോൾ കൂടുതലായും അയാളുടെ സങ്കടത്തിന്‍റെ കഥയായിരിക്കും പറയുന്നത്. ഈ സിനിമയിലും അയാളുടെ സങ്കടങ്ങളൊക്കെ തൊട്ടുതൊട്ട് പോകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കഥാപാത്രത്തെ വെച്ചിട്ട്, ഒരു മുഴുനീള കോമഡി പടം എന്നു പറയുന്നതാണ് എനിക്ക് ഈ കഥയിൽ ആദ്യം മുതലേ തോന്നിയ അട്രാക്ഷൻ. ആ കാര്യത്തിൽ ഞങ്ങൾ വിജയിച്ചു. ചിരിപ്പിക്കുന്ന രംഗങ്ങളാണ്, ചിരി തന്നെയാണ് ഈ സിനിമയെ വിജയിപ്പിച്ചത്. കഴിഞ്ഞദിവസം തിയറ്ററിൽ പോയി ആളുകൾക്ക് ഒപ്പമിരുന്ന് കണ്ടിരുന്നു, ചിരിയും കൈയടിയും ഒക്കെ ഉണ്ടായിരുന്നു. ഒരുപാടുപേർ വന്നു ഇഷ്ടപ്പെട്ടെന്നു പറഞ്ഞു. അഭിനന്ദനങ്ങൾ അറിയിച്ചിട്ട് പോയി. 90 ശതമാനവും ഫാമിലിയാണ് ചിത്രം കാണാൻ എത്തിയത്.

 • ട്രോളൻമാർക്കിടയിൽ ഇപ്പോൾ ദശമൂലവും മണവാളനും ഒക്കെ ഹിറ്റാണ്, എങ്ങനെയാണ് ഇത്തരത്തിലുള്ള എവർഗ്രീൻ ഹിറ്റ് കോമഡികൾ സംഭവിക്കുന്നത്


ഷാഫി: തിരക്കഥാകൃത്തുക്കളുടെ സംഭാവനയാണ് അതിൽ മുഖ്യമായിട്ടുമുള്ളത്. അതോടൊപ്പം തന്നെ സ്പോട്ട് ഇംപ്രവൈസേഷനിൽ ഒരുപാട് കാര്യങ്ങൾ ചെയ്യും. സംവിധായകരുടെ ഭാഗത്തുനിന്നും ആർട്ടിസ്റ്റുകളുടെ ഭാഗത്തുനിന്നും ആ സമയത്ത് തിരുത്തലുകൾ ഉണ്ടാകും. ഹാസ്യതാരങ്ങൾ പലരും ഇത്തരം കോമഡിരംഗങ്ങൾ നന്നായി മെച്ചപ്പെടുത്താൻ കഴിവുള്ളവരാണ്. എല്ലാവർക്കും അതിനകത്ത് അഭിമാനിക്കാവുന്ന കാര്യങ്ങളുണ്ട്. പതിനഞ്ചുവർഷം മുമ്പ് പിറന്ന കഥാപാത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകളായി വരുന്നതിൽ സന്തോഷമുണ്ട്.

 • ദശമൂലം ദാമു ഹീറോ ആകുന്നു


ഷാഫി: ദശമൂലം ദാമു ഇപ്പോൾ കലക്കി കൊണ്ടിരിക്കുകയാണ്. ആളുകൾ എപ്പോഴും വിളിച്ചുചോദിക്കുന്ന ഒരു കാര്യമാണ് ദശമൂലം ദാമുവിനെ ഹീറോയാക്കി ഒരു സിനിമ ചെയ്യാമോന്ന്. ശരിക്ക് പറഞ്ഞാൽ, പുള്ളിയെ വെച്ച് ചെയ്യാൻ പറ്റിയ ഒരു കഥയുണ്ട്. സുരാജിനോട് പറഞ്ഞപ്പോൾ സുരാജ് ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ, എനിക്ക് ഇപ്പോൾ ഒരുപാട് കമിറ്റ്മെന്‍റ്സ് ഉണ്ട്. അതുകൊണ്ടു തന്നെ, എങ്ങനെ ചെയ്യും എപ്പോൾ ചെയ്യുമെന്നതിനെക്കുറിച്ച് ചെറിയ സംശയമുണ്ട്. അടുത്ത പടം നേരത്തെ തീരുമാനിച്ചതാണ്, ഒരു ക്ലാഷ് വരാത്ത രീതിയിൽ സാഹചര്യം ഒത്തുവന്നാൽ ഈ സിനിമ ചെയ്യും.

സുരാജ് ഒരുപാട് ഹ്യൂമർ ക്യാരക്ടറുകൾ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഓർത്തിരിക്കുന്നത് ദശമൂലമാണെന്നാണ് തോന്നുന്നത്. അതുപോലെ സലിം കുമാറിന്‍റെ മണവാളൻ, മായാവിയിലെ സ്രാങ്ക് ഇവരൊക്കെ ഓർത്തിരിക്കുന്നവരാണ്. ഇതിൽ ആർട്ടിസ്റ്റുകളുടെ പെർഫോമൻസും ഒരു വലിയ കാര്യമാണ്. ട്രോളുകളിൽ കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതിൽ സന്തോഷമുണ്ട്.

 • സലിംകുമാർ സിനിമയിൽ വിട്ടുനിന്നപ്പോഴും സജീവമായിരുന്നു


ഷാഫി: സന്തോഷമുണ്ട്, ഒരു വേദിയിൽ ഞാനും സലിം കുമാറും ഉണ്ടായിരുന്നു. സലിം കുമാർ രണ്ടുമൂന്നു വർഷമായിട്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന ഒരു സമയമായിരുന്നു. അന്ന് അവിടെ പ്രസംഗിച്ചപ്പോൾ സലിം കുമാർ പറഞ്ഞത്, കഴിഞ്ഞ മൂന്നുവർഷമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഈ മൂന്നുവർഷവും എന്നെ നിലനിർത്തിയത് ട്രോളൻമാരാണ്. അവരോട് നന്ദി പറയുന്നു എന്നാണ്.

 • എന്തൊക്കെയാണ് അടുത്ത പ്രൊജക്ടുകൾ


ഷാഫി: രണ്ടു പ്രൊജക്ടുകൾ ഉണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണനെ വെച്ചും ചാക്കോച്ചനെ വെച്ചും ഓരോ പ്രൊജക്ടുകളാണ് ഉള്ളത്. ഇതിലേത് ആദ്യം ചെയ്യണമെന്നത് രണ്ട് ആഴ്ചയ്ക്കുള്ളിൽ തീരുമാനിക്കും.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍