• HOME
  • »
  • NEWS
  • »
  • film
  • »
  • DIRECTOR SHARATH MENON REPLY TO SHANE NIGAMS ALLEGATION GPS TV

ആരോപണങ്ങൾ വേദനിപ്പിക്കുന്നത്; ഒരിക്കലും ഷെയിനിനോട് മോശമായി സംസാരിച്ചിട്ടില്ല: സംവിധായകൻ ശരത് മേനോൻ

ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വച്ച് ഏറ്റവും വൃത്തികെട്ടവൻ എന്നായിരുന്നു ശരത് മേനോനെക്കുറിച്ച് കഴിഞ്ഞദിവസം ഷെയിൻ നിഗം പറഞ്ഞത്. ഷെയിൻ എന്തുകൊണ്ടാണ് വ്യക്തിഹത്യ നടത്തിയതെന്ന് അറിയില്ല, സെറ്റിൽ സംഭവിച്ചതെന്താണെന്ന് ശരത് മേനോൻ ന്യൂസ് 18 മലയാളത്തിനോട് പറയുന്നു.

ശരത് മേനോൻ, ഷെയിൻ നിഗം

ശരത് മേനോൻ, ഷെയിൻ നിഗം

  • News18
  • Last Updated :
  • Share this:
നടൻ ഷെയിൻ നിഗം ഷൂട്ടിങിന് എത്താത്തത് മൂലം വെയിൽ സിനിമ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നതിനെക്കുറിച്ചാണ് നവാഗത സംവിധായകനായ ശരത് മേനോന് പറയാനുള്ളത്. കിസ്മത്ത് എന്ന സിനിമ റിലീസായ ശേഷമാണ് തന്‍റെ ആദ്യ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാനായി ഷെയിനെ കാണുന്നത്. പിന്നീട് കുറേ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമയെന്ന യാഥാർഥ്യത്തിലേക്കെത്തിയത്. ഷെയിനിന്‍റെ ആരോപണങ്ങൾ വേദനിപ്പിക്കുന്നതാണെന്ന് ശരത് പറഞ്ഞു. ഭീഷണിപ്പെടുത്തുകയോ കയർത്ത് സംസാരിക്കുകയോ ചെയ്തിട്ടില്ല. ഷെയിനിന്‍റെ സൗകര്യം പരിഗണിച്ചായിരുന്നു പലപ്പോഴും ഷൂട്ടിങ് സമയം പോലും ക്രമീകരിച്ചിരുന്നതെന്നും ശരത് ന്യൂസ് 18നോട് പറഞ്ഞു.

നിർമാതാവ് ജോബി ജോർജുമായുള്ള തർക്കത്തെ തുടർന്ന് സംഘടനകൾ ഇടപെട്ടിരുന്നു. ഇതിനു ശേഷം ഷെയിൻ നിഗം വീണ്ടും വെയിൽ സിനിമയുടെ സെറ്റിലെത്തി. 15 ദിവസം വെയിലിന് വേണ്ടി മാറ്റി വെക്കണമെന്നായിരുന്നു ധാരണ. നേരത്തെയുള്ള തർക്കം കാരണം ഒരുപാട് ഷെഡ്യൂളുകൾ മുടങ്ങിയിരുന്നു. ചാർട്ട് പ്രകാരം 24 ദിവസം കൂടി വേണം ഷൂട്ട് പൂർത്തിയാക്കാൻ. പക്ഷേ ഷെയിനുള്ള 15 ദിവസങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കുക വെല്ലുവിളിയായിരുന്നു. അതുകൊണ്ടുതന്നെ രാപകലില്ലാതെ ഷൂട്ട് ചെയ്യേണ്ടി വന്നു. ഷെയിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഷൂട്ട് ചെയ്തിട്ടില്ല. ഷെയിനിനെ ഒരിക്കലും സെറ്റിൽ വിളിച്ചിരുത്തി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും സംവിധായകൻ ശരത് മേനോൻ പറഞ്ഞു.

ഈ മാസം 16നാണ് ഷൂട്ടിങ് പുനഃരാരംഭിച്ചത്. നാല് ദിവസം മാത്രമാണ് ഷെയിൻ അഭിനയിക്കാനെത്തിയത്. ആദ്യദിവസം കുഴപ്പമില്ലാതെ പോയി. പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ഷെയിനിന്‍റെ ഭാഗത്തുനിന്ന് നിസഃഹകരണ മനോഭാവമായിരുന്നു. ഷെയിൻ മുടി വെട്ടിയിട്ട് തിരിച്ചെത്തിയത് കൊണ്ട് ക്യാരക്ടറിന് ഒരു പാട് മാറ്റങ്ങൾ വേണ്ടിവന്നു. ആദ്യം രണ്ട് ഗെറ്റപ്പുകളാണ് ഉദ്ദേശിച്ചിരുന്നതെങ്കിൽ പിന്നീട് നാലഞ്ച് ഗെറ്റപ്പ് ചേഞ്ചുകൾ വേണ്ടി വന്നു.

പ്രണയത്തിന്റെ ഹൃദയമിടിപ്പുമായി ഖൽബ്; ഷെയിൻ നിഗം-സാജിദ് യഹിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

വിയ്യൂർ ജയിലിൽ വെച്ചും ഷൂട്ടിംഗ് ഉണ്ടായിരുന്നു. വിയ്യൂരിൽ ഞായറാഴ്ച മാത്രമായിരുന്നു ഷൂട്ടിങിന് അനുമതി ലഭിച്ചത്. പുലർച്ചെ 3.30നാണ് ഷൂട്ട് ഷെഡ്യൂൾ ചെയ്തിരുന്നത്. രണ്ട് മണിയായപ്പോഴെ സെറ്റിൽ എല്ലാവരും റെഡിയായി. 5.30 വരെയായിരുന്നു ഷെഡ്യൂൾ ചെയ്ത ഷൂട്ട്. പക്ഷേ ഷെയിൻ എത്തിയത് ഒരു മണിക്കൂർ വൈകിയായിരുന്നു. വളരെ പ്രധാനപ്പെട്ട ക്ലൈമാക്സ് സീനായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഷെയിൻ താമസിച്ചെത്തിയതിനാൽ ക്ലൈമാക്സ് രംഗം പൂർത്തീകരിക്കാനായില്ല.

ക്രൂ അംഗങ്ങൾക്കെല്ലാം പുലർച്ചെ ഏഴുമണിക്ക് എത്താൻ നിർദേശം നൽകിയപ്പോഴും ഷെയിനിന്‍റെ സൗകര്യം പരിഗണിച്ച് 10 മണിക്ക് എത്താനാണ് പറഞ്ഞിരുന്നത്. പക്ഷേ 12 മണി വരെ വൈകിയാണ് പലപ്പോഴും ഷെയിൻ സെറ്റിൽ എത്തിയിരുന്നത്. കാരവാനിലായിരുന്നു മുഴുവൻ സമയവും കഴിഞ്ഞത്. ഷൂട്ടിങ് സമയത്ത് മാത്രമായിരുന്നു ഷെയിൻ സെറ്റിലെത്തിയത്.

ഷെയിനുമായി ഒരു ദിവസം താനും ഡിഒപിയും സംസാരിച്ചിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. 'പറ്റുന്നപോലെ, പറ്റുന്ന സീനുകൾ എടുക്കാം. 15 ദിവസത്തിന് ശേഷം താൻ പോകും പിന്നീട് അഭിനയിക്കണമെങ്കിൽ പണം നൽകേണ്ടിവരും' - ഇതായിരുന്നു ഷെയിനിന്‍റെ മറുപടിയെന്ന് ശരത് പറഞ്ഞു. ഒരു കമ്മിറ്റ്മെന്‍റും ഇല്ലാതെയാണ് ഷെയിൻ വെയിലിന്‍റെ സെറ്റിലെത്തിയിരുന്നത്. സെറ്റിൽ എല്ലാവർക്കും ഒരുപാട് കോംപ്രമൈസ് ചെയ്യേണ്ടിവന്നിരുന്നു.

ഷെയിനിന്‍റെ ഉമ്മയെ വിളിച്ച് കാര്യങ്ങൾ സംസാരിച്ചിരുന്നു. ഒരുപക്ഷേ തന്നോട് ദേഷ്യമുണ്ടാകാൻ കാരണം അതാകാം. ഒരിക്കലും ഷെയിനിനോട് മോശമായി സംസാരിച്ചിരുന്നില്ല. പലതിനും കണ്ണടച്ചിട്ടേ ഉള്ളൂ. എങ്ങനെയെങ്കിലും സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും ശരത് മേനോൻ പറയുന്നു.
First published:
)}