അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാനെന്ന പേരിൽ സർക്കാർ മാറ്റങ്ങൾ കൊണ്ടുവരാൻ നിശ്ചയിച്ച '118 എ' എന്ന വകുപ്പ് മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും ഹനിക്കുന്നതാണെന്ന് കവിയും സംവിധായകനുമായ
സോഹൻ റോയ്. ഇതിൽ പ്രതിഷേധിച്ച് ആയിരത്തോളം ദിനങ്ങളായി തുടർച്ചയായി എഴുതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്ന അണുകവിതകൾ നിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഇത് അറിയിച്ചത്.
"കേരള സർക്കാരിന്റെ വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നു വർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു. നിയമത്തിൻ്റെ വാൾ പിന്നിലുയരുമ്പോൾ ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന അണുകവിതകൾ വളച്ചൊടിയ്ക്കപ്പെട്ട് അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തിൻ്റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെൻ്റെ അവസാന അണുകാവ്യ പ്രതികരണം," സോഹൻ റോയ് ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
കഴിഞ്ഞ ആയിരത്തിലധികം ദിവസങ്ങളായി സമൂഹത്തിൽ നടക്കുന്ന പ്രധാന സംഭവവികാസങ്ങൾ അതാത് ദിവസം തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു വരികയായിരുന്നു സോഹൻ റോയ്. രാഷ്ട്രീയം, വിമർശനം, ആശംസകൾ, പ്രണയം തുടങ്ങി ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ സജീവമാകുന്ന വിഷയങ്ങൾ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളാണ് നാലുവരി കവിതയുടെ രൂപത്തിൽ 'അണു കാവ്യം' എന്ന പേരിൽ അദ്ദേഹം പങ്കുവെച്ചിരുന്നത്. ഇതിൽ പല കവിതകളും വിവാദമാവുകയും ചെയ്തിട്ടുണ്ട്.
'നിയമക്കുരുതി' എന്ന പേരിലാണ് കവിയുടെ അവസാന അണു കാവ്യം എഴുതിയിരിക്കുന്നത്.
'കയ്യാമമിട്ടെൻ്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിൻ്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും '
ഇൻഡിവുഡ് എന്റർട്ടെയ്മെന്റ് കൺസോർഷ്യത്തിന്റെ സ്ഥാപകനും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയും ഓസ്കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഡാം 999 ന്റെ സംവിധായകനുമായ സോഹൻ റോയ്, ഫൗണ്ടർ നിക്ഷേപങ്ങളിലൂടെ, വിനോദ രംഗത്ത് മാറ്റങ്ങൾ സൃഷ്ടിച്ച വ്യക്തി കൂടിയാണ്.
ഡ്യുവൽ 4കെ പ്രൊജക്ഷൻ സംവിധാനത്തോടുകൂടി ആദ്യമായി പ്രദർശിപ്പിച്ച ഇന്ത്യയിലെ തിയേറ്റർ സോഹൻ റോയിയുടെ ഏരീസ് പ്ലക്സ് ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.