ജാതിക്കെതിരെയും ജാതി വിവേചനത്തിന് എതിരെയും കടുത്ത ഭാഷയിൽ പ്രതികരിക്കുന്ന തമിഴ് നാട്ടിൽ ജാതി വിവേചനം എന്ന് ആരോപണം. ചെന്നൈയിലെ രോഹിണിതിയേറ്റിലെത്തിയ നരികുറവ വിഭാഗത്തിലുള്ള ആളുകളോട് മോശമായി പൊരുമാറിയ ഉടമസ്ഥർക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധങ്ങൾ ഉയരുകയാണ്. ജാതി വിവേചനമാണ് നടന്നതെന്നാണ് ആരോപണം. സംവിധായകൻ വെട്രിമാരനടക്കം പ്രമുഖർ ഇതിനെതിരെ പ്രതികരിച്ചു തുടങ്ങി.
‘100 വർഷം മുമ്പ് തീയേറ്ററുകൾ തൊട്ടുകൂടായ്മ നിർത്തലാക്കിയിരുന്നു. തൊഴിലാളികളെ ഹാളിനുള്ളിൽ പ്രവേശിപ്പിക്കാതെ തൊട്ടുകൂടായ്മ നടത്തുന്നത് അപകടകരമായ പ്രവണതയാണ്. പിന്നീട് ആദിവാസി കുടുംബത്തെ ഹാളിൽ പ്രവേശിപ്പിച്ചെങ്കിലും ഇങ്ങനെയൊരു സംഭവം ഉണ്ടായത് അപലപനീയമാണ്’, വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു.
സിമ്പുവിന്റെ പുതിയ ചിത്രം പത്തു തലകാണാനെത്തിയതാണ് കുടുംബം. തിയേറ്റിലേക്കുള്ള പ്രവേശനം ആദ്യം നിഷേധിച്ച ജോലിക്കാർ പിന്നീട് സമ്മതിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്ന് രോഹിണി സിൽവർ സ്ക്രീൻസ് മാനേജ്മെന്റ് കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. ചിത്രത്തിനു U/A സെർട്ടിഫിക്കറ്റാണെന്നും 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഇതു കാണാൻ അനുവാദമില്ലത്തതു കൊണ്ടാണ് പ്രവേശനം നിഷേധിച്ചതെന്നാണ് തിയേറ്റർ ഉടമയുടെ വിശദീകരണം.
നിയമ വശങ്ങൾ ഒഴിവാക്കി കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിച്ചു. സിനിമ കാണുന്ന കുടുംബത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് മാനേജ്മെന്റ് കുറിച്ചു. തിയേറ്ററിൽ ചിത്രം കാണാനെത്തിയ വ്യക്തി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയിൽ കുഞ്ഞിനൊപ്പം നിൽക്കുന്ന സ്ത്രീയോട് മാറി നിൽക്കാൻ തിയേറ്റിലെ ജോലിക്കാരൻ പറയുന്നുണ്ട്. അവരുടെ കയ്യിൽ ടിക്കറ്റുണ്ടായിട്ടും എന്താണ് അകത്തേയ്ക്കു പ്രവേശിപ്പിക്കാത്തതെന്ന ചോദ്യത്തിന് ജോലിക്കാരൻ മറുപടി നൽകുന്നുമില്ല.
തിയേറ്ററിലെ ഈ പ്രവർത്തിയ്ക്കു നേരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പ്രവേശനം നിഷേധിച്ച തിയേറ്റർ സ്റ്റാഫുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡിഎംകെ എംപി സെന്തിൽകുമാർ പറഞ്ഞു. ജോലിക്കാർക്ക് വേണ്ടവിധത്തിലുള്ള നിർദ്ദേശങ്ങൾ നൽക്കാത്ത മാനേജ്മെന്റും സംഭവത്തിൽ ഉത്തരവാദികളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ആളുകൾ പ്രതികരിക്കുന്നെന്നാണ് തിയേറ്ററർ മാനേജ്മെന്റിന്റെ വാദം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai, Cinema Theatre, Vetri Maaran