ഇന്റർഫേസ് /വാർത്ത /Film / 'തിലകൻ പീഡനങ്ങളുടെ രക്തസാക്ഷി'; മഹാനടന്റെ ഓർമദിനത്തിൽ സംവിധായകൻ വിനയൻ

'തിലകൻ പീഡനങ്ങളുടെ രക്തസാക്ഷി'; മഹാനടന്റെ ഓർമദിനത്തിൽ സംവിധായകൻ വിനയൻ

തിലകൻ

തിലകൻ

''മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റവാക്കിൽ എഴുതാൻ എനിക്കാവില്ല.''

  • Share this:

തിരുവനന്തപുരം: മലയാളികൾ എന്നും നെഞ്ചോടു ചേർക്കുന്ന മഹാനടൻ തിലകന്റെ ഓർമദിനമാണ് ഇന്ന്. അഭിനയകലയുടെ പെരുന്തച്ചനായ തിലകൻ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നുവെന്ന് ഓര്‍മദിനത്തിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ‌ സംവിധായകൻ വിനയൻ പറയുന്നു. സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും ചെയ്ത കലാകാരനാണ് അദ്ദേഹം. മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകനെപറ്റിയുള്ള സ്മരണ ഒറ്റവാക്കിൽ എഴുതാനാവില്ലെന്നും വിനയൻ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഇന്ന് തിലകൻ എന്ന മഹാനടന്‍റെ ഓർമ്മദിനമാണ്...

മൺമറഞ്ഞു പോയ സഹപ്രവർത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകൻ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റവാക്കിൽ എഴുതാൻ എനിക്കാവില്ല... കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവർത്തകരാൽ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും അതിനോടൊക്കെത്തന്നെ ഉച്ചത്തിൽ.. ശക്തമായി പ്രതികരിക്കുകയും...

ഒടുവിൽ തളർന്നു പോകുകയും.. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരൻ തിലകൻ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല... എന്തിന്‍റെ പേരിലാണങ്കിലും, എത്രമേൽ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിർത്തി മാനസികമായി തളർത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേർന്നതല്ല..

ആ പീഡനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകൻ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാൻ... അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു... ക്ഷമിക്കണം... ഈ ഓർമ്മകൾ ഒരു തിരിച്ചറിവായി മാറാൻ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ...

അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികൾ..

2012 സെപ്റ്റംബർ 24നാണ് തിലകൻ അന്തരിച്ചത്. ശബ്ദഗാംഭീര്യം കൊണ്ടും ഭാവാഭിനയം കൊണ്ടും പ്രേക്ഷകരുടെ മനസു കീഴടക്കിയ അതുല്യ നടനായിരുന്നു. 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരില്‍ ആയിരുന്നു തിലകന്‍ എന്ന സുരേന്ദ്രനാഥ തിലകന്റെ ജനനം. പെരുന്തച്ചനിലെ തച്ചനും മൂന്നാം പക്കത്തിലെ തമ്പി മുത്തശ്ശനും കണ്ണെഴുതി പൊട്ടും തൊട്ടിലെ നടേശന്‍ മുതലാളിയും യവനികയിലെ വക്കച്ചനും കീരിടത്തിലെ അച്യുതന്‍ നായരും സ്ഫടികത്തിലെ ചാക്കോ മാഷും കാട്ടു കുതിരയിലെ കൊച്ചുവാവയുമൊക്കെ മലയാളികളുടെ ഇടനെഞ്ചില്‍ ഇന്നും തുടിക്കുന്നു.

1979 ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. 1981-ല്‍ കോലങ്ങള്‍ എന്ന ചിത്രത്തില്‍ മുഴുക്കുടിയനായ കള്ളുവര്‍ക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്ക് കടന്നു. യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടല്‍, ഇന്ത്യന്‍ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.

First published:

Tags: Actor Thilakan, Director Vinayan, Thilakan