• HOME
  • »
  • NEWS
  • »
  • film
  • »
  • കോട്ടയം നസീർ സിനിമ അടിച്ചുമാറ്റി; ആരോപണവുമായി പ്രമുഖ സംവിധായകർ

കോട്ടയം നസീർ സിനിമ അടിച്ചുമാറ്റി; ആരോപണവുമായി പ്രമുഖ സംവിധായകർ

സുദേവൻ പെരിങ്ങോടിന്‍റെ അകത്തോ പുറത്തോ എന്ന സിനിമയിലെ 'വൃദ്ധൻ' എന്ന ഭാഗം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കിയെന്നാണ് കോട്ടയം നസീറിന് എതിരായ ആരോപണം

കുട്ടിച്ചൻ എന്ന ഹ്രസ്വചിത്രത്തിലെ രംഗം

കുട്ടിച്ചൻ എന്ന ഹ്രസ്വചിത്രത്തിലെ രംഗം

  • Share this:
    കൊച്ചി: 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്ത കോട്ടയം നസീറിനെതിരെ മോഷണക്കുറ്റം ആരോപിച്ച് സംവിധായകരായ സനൽ കുമാർ ശശിധരനും ഡോ ബിജുവും. സുദേവൻ പെരിങ്ങോടിന്‍റെ അകത്തോ പുറത്തോ എന്ന സിനിമയിലെ 'വൃദ്ധൻ' എന്ന ഭാഗം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കിയെന്നാണ് ആരോപണം. ഫെബ്രുവരി 14ന് ആയിരുന്നു 'കുട്ടിച്ചൻ' എന്ന ഹ്രസ്വചിത്രം യു ട്യൂബിൽ റിലീസ് ചെയ്തത്. ജാഫർ ഇടുക്കി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്‍റെ കഥയും സംവിധാനവും കോട്ടയം നസീർ ആയിരുന്നു. മനേഷ് കുരുവിള, കണ്ണന വി.ജി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്.

    എന്നാൽ, ചിത്രത്തിനെതിരെ അതിരൂക്ഷ വിമർശനമാണ് സംവിധായകരായ സനൽകുമാർ ശശിധരനും ഡോ ബിജുവും ഉന്നയിച്ചിരിക്കുന്നത്. ഒറിജിനൽ പടം ആരു കണ്ടിട്ടുണ്ടാകില്ല എന്ന് വിചാരിച്ച് ആയിരിക്കും ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചതെന്ന് സനൽകുമാർ ശശിധരൻ പറഞ്ഞു. എന്നാൽ, സുദേവന്‍റെ സിനിമ തങ്ങളിൽ കുറേപേർ കണ്ടിട്ടുണ്ടെന്നും നടന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയുമെന്നും സനൽ കുമാർ ശശിധരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

    സനൽകുമാർ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

    Sudevan Peringode ന്റെ അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യു ട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീർ എന്നൊരു വിദ്വാൻ. സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുള ആളാണെങ്കിലും ദൈവത്തിനും മമ്മൂട്ടിക്കും ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പക്ഷെ മിസ്റ്റർ നിങ്ങൾക്ക് തെറ്റി സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്..നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയും. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം.



    ചിത്രത്തിനെതിരെ സംവിധായകൻ ഡോ ബിജുവും രംഗത്തെത്തി. ചെറിയ സ്വതന്ത്ര ചിത്രങ്ങളുടെ ത്രഡ് കോപ്പി ചെയ്ത് മുഖ്യധാര സിനിമകൾ ഉണ്ടാക്കുകയെന്നത് മലയാളത്തിൽ കഴിഞ്ഞ കുറേ കാലമായി കണ്ടുവരുന്ന രീതിയാണെന്ന് ഡോ ബിജു ആരോപിച്ചു. സുദേവന്‍റെ ഏറെ ശ്രദ്ധേയമായ "അകത്തോ പുറത്തോ" എന്ന ചിത്രത്തിലെ "വൃദ്ധൻ" എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുകയാണ് കുട്ടിച്ചൻ എന്ന ഹ്രസ്വചിത്രത്തിലെന്നും ഡോ ബിജു പറഞ്ഞു.

    ഡോ. ബിജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

    കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി. ലോക ക്ളാസ്സിക്കുകൾ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കയ്യടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോൾ അതിൽ പുതിയൊരു അതിക്രമം .
    കുട്ടിച്ചൻ എന്ന ഒരു ഷോർട്ട് ഫിലിം .കോട്ടയം നസീർ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പർ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ "അകത്തോ പുറത്തോ" എന്ന ചിത്രത്തിലെ "വൃദ്ധൻ" എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവൻ തീർച്ചയായും നിയമപരമായി നീങ്ങണം. ഇത് നഗ്നമായ കോപ്പിയടി ആണ്. സുദേവൻ എത്ര മനോഹരമായി പൊളിറ്റിക്കൽ ആയി ചിത്രീകരിച്ച ഒരു സെഗ്‌മെന്റ്റ് ആണ് "വൃദ്ധൻ". അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോർട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാൾ മോശമായി കോട്ടയം നസീർ ചെയ്‌ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബിൽ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവർക്ക് ആദ്യ ഷോട്ടിൽ.തന്നെ കാര്യം തിരിയും....

    First published: