ഇന്റർഫേസ് /വാർത്ത /Film / മനുഷ്യരുടെ സ്ഥായിയായ വികാരം വെറുപ്പാണെന്ന് പ്രഖ്യാപിച്ച് കുരുതി; തീവ്രആഭാസം; വിമര്‍ശനവുമായി ഡോക്ടര്‍ ബി. ഇക്ബാല്‍

മനുഷ്യരുടെ സ്ഥായിയായ വികാരം വെറുപ്പാണെന്ന് പ്രഖ്യാപിച്ച് കുരുതി; തീവ്രആഭാസം; വിമര്‍ശനവുമായി ഡോക്ടര്‍ ബി. ഇക്ബാല്‍

കുരുതി

കുരുതി

മനുഷ്യരുടെ സ്ഥായിയായ വികാരം വെറുപ്പാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നതെന്നാണ് ഡോ. ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  • Share this:

ആമസോണ്‍ പ്രൈമിലൂടെ റിലീസായ പൃഥ്വിരാജ് ചിത്രം കുരുതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍ ബി. ഇക്ബാല്‍. മനുഷ്യരുടെ സ്ഥായിയായ വികാരം വെറുപ്പാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നതെന്നാണ് ഡോ. ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നമ്മുടെ ആക്ഷന്‍ ഹീറോകളുടെ ഒ.ടി.ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകര്‍ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്‌ളാദിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഒരു ആമസോൺ പ്രൈം ഒ ടി ടി “കുരുതി“ (സംക്ഷിപ്തം)

ഒരു വയോജന തീവ്രവാദിയെ യുവ തീവ്രവാദി ശരിപ്പെടുത്തുന്നു. ക്രമസമാധാന പരിപാലനത്തിനായെത്തുന്ന ഭരണകൂടഭീകരതയുടെ പ്രതിനിധിയെ മറ്റൊരു തീവ്രവാദി വകവരുത്തുന്നു. ഒരുമിച്ച് സ്നേഹത്തോടെ കഴിഞ്ഞിരുന്ന വിവിധവിഭാഗത്തിൽ പെട്ട മനുഷ്യർ അതിവേഗം തീവ്രവാദികളായി പരിവർത്തനം ചെയ്യപ്പെട്ട് തീപ്പന്തം, നാടൻതോക്ക്, പിച്ചാക്കത്തി, കടന്നൽ കൂട് തുടങ്ങിയവ ഉപയോഗിച്ച് അന്യോന്യം ആക്രമിക്കുന്നു. തീവവാദികൾ ഇരുചേരികളായി പിരിഞ്ഞ് മോട്ടോസൈക്കിളിലും ജീപ്പിലുമായി വനമധ്യത്തിലൂടെ ഹോളിവുഡ് സിനിമകളെ അതിശയിക്കുന്ന മരണപാച്ചിൽ നടത്തുന്നു. അവസാനം കുത്തും വെട്ടുമെല്ലാം കഴിഞ്ഞ് ഏതാനും സമ്മിശ്ര തീവ്രവാദികൾ ഹാരപ്പ, മോഹൻ ജദാരോ തുടങ്ങിയ നദീതട സംസ്കാരങ്ങളെ അനുസ്മരിപ്പിച്ച് കൊണ്ട് കാനനചോലയുടെയും വനഭംഗിയുടെയും പശ്ചാത്തലത്തിൽ പാറപ്പുറത്ത് മലർന്നും ചരിഞ്ഞും കിടന്ന് പുണ്യഗ്രന്ഥങ്ങൾ ഉദ്ധരിച്ച് തത്വചിന്തകൾ പങ്കിടുന്നു.

ലാസ്റ്റില് എ പ്ലസ് പ്ലസ്, എൻട്രൻസ് പരീക്ഷ, ഐ എ എസ് കോച്ചിങ്ങ്, മൊബൈൽ ആസക്തി എന്നിവയിൽ അഭിരമിക്കുന്നവരായി നമ്മൾ തെറ്റിദ്ധരിക്കുന്ന യുവജനങ്ങളുടെ പ്രതിനിധികളായ പേനാക്കത്തിയേന്തിയ യുവാവും തീവ്രവാദിയുടെ മർദ്ദനമേറ്റ് കൈയൊടിഞ്ഞ യുവാവും കളകളാരവം മുഴക്കി ശാന്തമായി ഒഴുകുന്ന പുഴയുടെ മുകളിലുള്ള തൂക്കുപാലത്തിൽ വച്ച് സന്ധിക്കുന്നു. കാണികളുടെ മനോമുകരത്തിലേക്ക് ഹോളിവുണ്ട് ചിത്രമായ ബ്രിഡ്ജ് ഓൺ ദി റിവർ ക്വായ് (The Bridge on the River Kwai ) കടന്ന് വരുന്നു. (ചില പ്രേക്ഷകർ “കുരുതി- രണ്ട്” റിലീസ് ചെയ്യപ്പെടാനുള്ള സാധ്യതയോർത്ത് ഞെട്ടുന്നു.)

മനുഷ്യരുടെ സ്ഥായിയായ വികാരം “വെറുപ്പാണെന്ന്’ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ട് ആമസോൺ പ്രൈം “കുരുതി“ തീവ്ര ആഭാസം അവസാനിക്കുന്നു.

നമ്മുടെ ആക്ഷൻ ഹീറോകളുടെ ഒ ടി ടി സിനിമകളുള്ളിടത്തോളം കാലം കോവിഡ് മഹാമാരിയെത്ര സഹനീയമെന്ന് പ്രേക്ഷകർ ആശ്വാസത്തോടെ തിരിച്ചറിഞ്ഞ് ആഹ്ളാദിക്കുന്നു... എല്ലാം ശുംഭമായി പര്യവസാനിക്കുന്നു. ശേഷം അടുത്ത ഒ ടി ടി വെള്ളിത്തിരയിൽ.

First published:

Tags: Amazon Prime, Facebook post, Kuruthi movie