• HOME
  • »
  • NEWS
  • »
  • film
  • »
  • DR BIJU HAS DEMANDED GOVERNMENT TO START AN OTT PLATFORM

കലാ-സാംസ്കാരിക പൂർണ്ണമായ ഒരു ദൃശ്യസംസ്കാരം സൃഷ്ടിക്കുന്നതിനായി സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിക്കണം: ഡോ: ബിജു

പുതിയ കാഴ്ചയുടെ കലാ സംസ്കാരത്തിന് കേരളം മാതൃകയാവണം എന്ന് ഡോ: ബിജു

ഡോ. ബിജു

ഡോ. ബിജു

  • Share this:
    കോവിഡ് പൊട്ടിപ്പുറപ്പെടലിനു ശേഷം ആരംഭിച്ച സിനിമാ മേഖലയിലെ പ്രതിസന്ധിക്ക് ആശ്വാസമെന്ന നിലയിലാണ് ഒ.ടി.ടി. പ്ലാറ്റുഫോമുകളുടെ വരവ്. പക്ഷെ എല്ലാ ചിത്രങ്ങളും അവിടെ പ്രദർശിപ്പിക്കാനോ, അതുമല്ലെങ്കിൽ അതിനായുള്ള കടമ്പ കടക്കാനോ ഉള്ള സാഹചര്യമല്ല നിലവിലുള്ളത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള ആളുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി നടത്തിയ ചർച്ചയെ അടിസ്ഥാനമാക്കി ഒരു ഒ.ടി.ടി. പ്ലേറ്റോഫോം സർക്കാർ നിലയിൽ തുടങ്ങണമെന്ന കാര്യം ഓർമ്മപ്പെടുത്തുന്നു. ഇക്കാര്യം വിശദീകരിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ചുവടെ:

    തിരഞ്ഞെടുപ്പിന് മുൻപ് ബഹു: മുഖ്യമന്ത്രി, സാമൂഹ്യ സാംസ്കാരിക രംഗത്തുള്ള ആളുകളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും കേൾക്കുന്നതിനായി ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായി ചർച്ച നടത്തിയിരുന്നു. പത്തനംതിട്ട ജില്ലയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തപ്പോൾ സിനിമാ സാംസ്കാരിക രംഗത്തെപ്പറ്റിയുള്ള ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. അതിൽ പ്രധാനപ്പെട്ട ഒരു നിർദേശം അടിയന്തിര പ്രാധാന്യത്തോടെ സർക്കാരിന്റെ ശ്രദ്ധയ്ക്കായി സമർപ്പിക്കുന്നു.

    കലാ സാംസ്കാരിക പൂർണ്ണമായ ഒരു ദൃശ്യ സംസ്കാരം സൃഷ്ടിക്കുന്നതിനായി ഒരു സർക്കാർ ഒ.ടി.ടി. പ്ലാറ്റ്‌ഫോം തുടങ്ങേണ്ടതാണ്. ദൃശ്യ സംസ്കാരത്തിൽ ഇന്ത്യയ്ക്ക് തന്നെ മാതൃക ആയ ഒട്ടേറെ കാര്യങ്ങൾ തുടങ്ങിയത് കേരളമാണ്. സിനിമാ നിർമാണ മേഖലയ്ക്കായി സർക്കാരിന്റെ ഉടമസ്ഥതയിൽ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, സർക്കാർ ഉടമസ്ഥതയിൽ സിനിമാ തിയറ്ററുകൾ, ഇന്ത്യയിലാദ്യമായി ചലച്ചിത്ര അക്കാദമി എന്ന സങ്കൽപം, സി ഡിറ്റ്, വിക്ടേഴ്‌സ് ചാനൽ, സംഗീത നാടക അക്കാദമി തുടങ്ങിയ സംരംഭങ്ങൾ ഇതൊക്കെയും ഇന്ത്യയ്ക്ക് തന്നെ മാതൃകയാവുന്ന തരത്തിൽ ആരംഭിച്ച സങ്കല്പങ്ങളാണ്.

    മാറിയ കാലത്തിൽ മികച്ച കലാമൂല്യമുള്ള സൃഷ്ടികളുടെ പ്രദർശനത്തിനായി ഒ.ടി.ടി. പ്ലാറ്റ്‌ഫോം എന്നത് സർക്കാർ തലത്തിൽ തന്നെ ഏറ്റെടുക്കേണ്ട ഒരു സാംസ്കാരിക വിപ്ലവമാണ്. മികച്ച കലാസംസ്കാരം കെട്ടിപ്പടുക്കുക, അതിനായി ഒരു സമൂഹത്തെ പ്രാപ്തരാക്കുക എന്നത് ഒരു സർക്കാരിന്റെ സാംസ്കാരിക ദൗത്യം ആണ്.

    ഇന്ന് കേരളത്തിൽ മുഖ്യധാരാ സിനിമകൾക്കപ്പുറം നിർമ്മിക്കപ്പെടുന്ന സമാന്തര സ്വതന്ത്ര സിനിമകൾക്ക് യാതൊരു രീതിയിലുമുള്ള സർക്കാർ സഹായങ്ങളും ലഭ്യമല്ല. മറ്റു പല സ്റ്റേറ്റുകളും കലാമൂല്യ സിനിമകൾക്ക് നൽകുന്ന സബ്‌സിഡി സംവിധാനം പോലും കേരളത്തിൽ ഇതേവരെ നടപ്പാക്കിയിട്ടില്ല. ദേശീയ തലത്തിലോ അന്തർദേശീയ തലത്തിലോ അംഗീകരിക്കപ്പെടുന്ന മികച്ച മലയാള സിനിമകൾ ഇവിടെ നിരന്തരമായി ഉണ്ടാകുന്നുണ്ട്. അവയൊക്കെയും മുഖ്യധാരാ സിനിമകൾക്ക് പുറത്താണ് നിർമ്മിക്കപ്പെടുന്നത്. ദേശീയ അന്തർ ദേശീയ പുരസ്കാരങ്ങൾ നേടുന്ന മലയാള സിനിമകൾ കേരളത്തിലെ കാണികൾക്കു ഒരു രീതിയിലും കാണുവാൻ സാധിക്കാത്ത ഒരു സാംസ്കാരിക സാഹചര്യം ആണ് കേരളത്തിൽ ഇന്നുള്ളത് എന്നത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ട ഒരു അടിസ്ഥാന വസ്തുത ആണ്.



    തിയറ്റർ റിലീസ് , ടെലിവിഷൻ റിലീസ്, ഒ.ടി.ടി. റിലീസ് തുടങ്ങിയവ ഒന്നും തന്നെ ഇത്തരം സ്വതന്ത്ര സിനിമകൾക്ക് ലഭിക്കാറില്ല. അതുകൊണ്ടു തന്നെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മലയാളത്തിന്റെ യശസ്സുയർത്തുന്ന ഒരു സ്വതന്ത്ര സിനിമ പോലും കേരളത്തിൽ പ്രദർശിപ്പിക്കാൻ സാധിക്കാത്ത ഒരു സാഹചര്യം അനേക വർഷങ്ങളായി നിലനിക്കുന്നത് കേരളത്തിന്റെ സാംസ്കാരിക അപചയം ആയി തന്നെ നമ്മൾ കണക്കാക്കേണ്ടതുണ്ട് .

    ഇതോടൊപ്പം തന്നെ നോക്കിക്കാണേണ്ടതാണ് പുരസ്കാരങ്ങൾ ലഭിക്കുന്ന ഡോക്കുമെന്ററികൾ, ലഘു ചിത്രങ്ങൾ, നാടകങ്ങൾ എന്നിവയും പ്രദർശിപ്പിക്കുവാൻ നമുക്ക് യാതൊരു വേദികളും സാധ്യതകളും ഇല്ല എന്നത്. ഈ സാഹചര്യത്തിലാണ് മലയാളത്തിൽ നിന്നും ദേശീയ അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സിനിമകൾ, ഡോക്കുമെന്ററികൾ, നാടകങ്ങൾ തുടങ്ങിയവയുടെ പ്രദർശനങ്ങൾക്കായി സർക്കാർ മേഖലയിൽ സാംസ്കാരിക വകുപ്പിന് കീഴിലായി ഒരു ഒ.ടി.ടി. പ്ലാറ്റ്‌ഫോം തുടങ്ങുക എന്ന ആശയം മുന്നോട്ട് വെക്കുന്നത്.

    ഇത്തരം ഒരു ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആരംഭിക്കുമ്പോൾ കൃത്യമായും അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും കാഴ്ചപ്പാടും വ്യക്തമായി രൂപീകരിച്ചു മാത്രമേ മുന്നോട്ടു നീങ്ങാവൂ. പരീക്ഷണാത്മകമായ കലാമൂല്യ സിനിമകളെ പ്രോത്സാഹിപ്പിക്കാനായി രൂപീകരിച്ച ചലച്ചിത്ര അക്കാദമി പിൽക്കാലത്ത് എങ്ങിനെയാണ് അതിന്റ അക്കാദമിക് സ്വഭാവം മറന്നു മുഖ്യധാരാ കച്ചവട സിനിമയുടെ കയ്യിലെക്കെത്തിയത് എന്ന ഉദാഹരണം നമുക്ക് മുൻപിലുണ്ട് . അതേപോലെ പുരസ്കാരങ്ങൾ ലഭിക്കുന്ന സ്വതന്ത്ര സിനിമകളുടെ തിയറ്റർ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സർക്കാർ തിയറ്ററുകളിൽ നിന്നും പുരസ്കാരം കിട്ടുന്ന സിനിമകൾക്ക് റിലീസ് ചെയ്യാൻ അവസരം നൽകാതെ പുറന്തള്ളി അവിടെയും കച്ചവട സിനിമകൾ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയതും നമുക്ക് മുൻപിൽ ഉദാഹരണമാണ്.

    അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകൾക്ക് ധാരാളമായി തിയറ്റർ റിലീസും, ടെലിവിഷൻ റിലീസും, ഒ ടി ടി റിലീസും ഒക്കെ കിട്ടുന്ന ഒരു നാട്ടിൽ സർക്കാർ ഒരു ഒ ടി ടി പ്ലാറ്റ്‌ഫോം തുടങ്ങുകയാണെങ്കിൽ കച്ചവടം അല്ല മുന്നിൽ കാണേണ്ടത് മറിച്ചു സാംസ്കാരികവും സാമൂഹ്യവും രാക്ഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഒരു ആശയ പ്രചാരണത്തിന്റെ വേദി ആയും ഗൗരവമുള്ള ഒരു കാഴ്ചാ സംസ്കാരത്തിന്റെ ഊട്ടിയുറപ്പിക്കലും ആയി വേണം അതിനെ സമീപിക്കേണ്ടത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിൽ ദൃശ്യ രംഗത്തെ സാംസ്കാരിക മുന്നേറ്റത്തിനായുള്ള തുടക്കം ആകണം ഇത് .
    ഓ ടി ടി പ്ലാറ്റ്ഫോമിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ താഴെ പറയുന്ന രീതിയിൽ കൃത്യമായ മാനദണ്ഡങ്ങളോടെ ക്രമീകരിക്കേണ്ടതുണ്ട്.

    ഓ ടി ടി പ്ലാറ്റ്ഫോമിൽ സംപ്രേഷണം ചെയ്യേണ്ട സൃഷ്ടികളുടെ മാനദണ്ഡം കൃത്യമായി നിർവചിക്കണം.
    A- സിനിമകൾ , ഡോക്കുമെന്ററികൾ , ലഘു ചിത്രങ്ങൾ
    സംസ്ഥാന ദേശീയ പുരസ്കാരം നേടിയ മലയാള സിനിമകൾ , പ്രധാനപ്പെട്ട അന്തർദേശീയ ചലച്ചിത്ര മേളകളിൽ (FIAPF അക്രെഡിറ്റഡ് ) പ്രദർശിപ്പിച്ച മലയാള സിനിമകൾ, ഗോവ മേളയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലും, കേരള ചലച്ചിത്ര മേളയിലും തിരഞ്ഞെടുക്കപ്പെട്ട സിനിമകൾ. കേരള ഡോക്കുമെന്ററി ചലച്ചിത്ര മേളയിൽ ( IDSFFK ) തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ എന്നിവക്ക് ആകണം മുൻഗണന.

    ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടത് തിയറ്റർ റിലീസ് , ടെലിവിഷൻ സംപ്രേഷണം , മറ്റു ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്ത ചിത്രങ്ങൾ എന്നിവ വീണ്ടും വീണ്ടും കാണിക്കുവാനുള്ള ഒരു പ്ലാറ്റ്‌ഫോം ആക്കി ഇത് മാറ്റരുത് എന്നതാണ് .

    ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യയിലെ മാസ്റ്റർ ഫിലിം മേക്കർമാരുടെ സിനിമകളുടെ പാക്കേജുകൾ , മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ സിനിമകൾ എന്നിവ ലഭ്യമാക്കണം.
    മറ്റു ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ നിന്നും ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ സിനിമകൾ . ശ്രദ്ധേയമായ ലോക ക്ലാസ്സിക് സിനിമകളുടെ വിഭാഗം എന്നിവയും ഉൾപ്പെടുത്താവുന്നതാണ് .

    B- നാടകങ്ങൾ
    പരീക്ഷണ നാടകങ്ങൾക്ക് മുൻതുക്കം നൽകണം. കേരള അന്താരാഷ്‌ട്ര തിയറ്റർ മേളയിൽ (ITFOK ) തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങൾ , ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ നാടകങ്ങൾ എന്നിവ പ്രദർശിപ്പിക്കുവാനുള്ള ഒരു വേദി ആകണം. കൂടുതൽ മാനദണ്ഡങ്ങൾ വിപുലമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

    ഏതായാലും ദൃശ്യ സംസ്കാരത്തിന്റെ ഒരു പുതു രാഷ്ട്രീയവും സാംസ്കാരികതയും സാമൂഹികതയും കലാപരതയും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം ഓ ടി ടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു എങ്കിൽ അത് തീർച്ചയായും കേരളം തന്നെയാകണം. സിനിമയും നാടകവും ഡോക്കുമെന്ററിയും ഒക്കെ കേവലം വിനോദോപാധി എന്നതിനപ്പുറം ഒരു സമൂഹത്തിന്റെ കലാപരമായ സാംസ്കാരികത അടയാളപ്പെടുത്തുന്ന സാമൂഹ്യ രാഷ്ട്രീയം കൂടിയാണ് എന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാൻ ആദ്യം മുന്നിട്ടിറങ്ങേണ്ടത് കേരളം തന്നെയാകണം.

    ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള ഒ ടി ടി കേരളത്തിൽ നിന്നും തുടങ്ങട്ടെ. പുതിയ കാഴ്ചയുടെ കലാ സംസ്കാരത്തിന് കേരളം മാതൃക ആകട്ടെ. സർക്കാർ ഈ വിഷയം അടിയന്തിരമായി പരിഗണിക്കും എന്ന് വിശ്വസിക്കുന്നു.
    Published by:user_57
    First published:
    )}