• HOME
 • »
 • NEWS
 • »
 • film
 • »
 • Happy Birthday Mohanlal | 'സ്നേഹം, സൗമ്യത, സന്മനസ്സ്'; മോഹൻലാൽ മനസിൽ ഇടംനേടാൻ കാരണം വ്യക്തമാക്കി ഡോ. എം.പി അബ്ദുസമദ് സമദാനി

Happy Birthday Mohanlal | 'സ്നേഹം, സൗമ്യത, സന്മനസ്സ്'; മോഹൻലാൽ മനസിൽ ഇടംനേടാൻ കാരണം വ്യക്തമാക്കി ഡോ. എം.പി അബ്ദുസമദ് സമദാനി

മോഹൻലാലുമായുള്ള ആത്മഹബന്ധം വ്യക്തമാക്കി ലീഗ് നേതാവും പ്രഭാഷകനുമായ ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ ഹൃദ്യസ്പർശിയായ കുറിപ്പാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്

mohanlal

mohanlal

 • Share this:
  മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ജന്മദിനാണിന്ന്. 62-ാം ജന്മദിനം ആഘോഷിക്കുന്ന മോഹൻലാലിന് സമൂഹത്തിന്‍റെ വിവിധകോണുകളിലുള്ള പ്രമുഖർ ഇതിനോടകം ആശംസകൾ നേർന്നിട്ടുണ്ട്. ഇപ്പോഴിതാ, മോഹൻലാലുമായുള്ള ആത്മഹബന്ധം വ്യക്തമാക്കി ലീഗ് നേതാവും പ്രഭാഷകനുമായ ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ ഹൃദ്യസ്പർശിയായ കുറിപ്പാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. മോഹൻലാൽ മനസിൽ ഇടംനേടാൻ കാരണം അദ്ദേഹത്തിലുള്ള സ്നേഹം, സൗമ്യത, സന്മനസ് എന്നീ മൂന്നു കാര്യങ്ങൾകൊണ്ടാണെന്ന് സമദാനി പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ബോംബെ മലയാളി സംഘടനകളുടെ പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ചടങ്ങിൽവെച്ച് തുടങ്ങിയ പരിചയം പിന്നീട് ആത്മബന്ധമായി വളർന്നുവെന്നും സമദാനി ഫേസ്ബുക്കിൽ വ്യക്തമാക്കി. മോഹൻലാലുമൊത്തുള്ള ചിത്രങ്ങളും സമദാനി പങ്കുവെച്ചു.

  ഡോ. എം.പി അബ്ദുസമദ് സമദാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

  വർഷങ്ങൾക്കു മുമ്പ് ബോംബെയിൽ മലയാളികൾ ഒരുക്കിയ ഒരു പുരസ്കാരം സ്വീകരിക്കാൻ പോയി. മോഹൻലാൽ, ഐ. എം വിജയൻ, അൽഫോൻസ് കണ്ണന്താനം, ഡോ.വർഗ്ഗീസ് കുര്യൻ എന്നിവരായിരുന്നു സഹ പുരസ്കാര ജേതാക്കൾ. തമിഴ്നാട് ഗവർണറായിരുന്ന ജസ്റ്റിസ് ഫാത്തിമാ ബീവി യിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയ ആ ധന്യസംഗമം മറക്കാതിരിക്കുന്നതിൻ്റെ കാരണങ്ങളിലൊന്ന് ആ സന്ദർഭം എനിക്ക് മോഹൻലാൽ എന്ന വലിയൊരു സുഹൃത്തിനെ നൽകി എന്നതാണ്.

  ബോംബെയിൽ വച്ചു തന്നെ ഞങ്ങൾ സുഹൃത്തുക്കളായി. പിന്നെയും നിരവധി സംഗമങ്ങൾ, ലാലിൻ്റെ സ്നേഹനിർഭരമായ സമാഗമങ്ങൾ. കൂട്ടത്തിൽ പ്രിയ സ്നേഹിതൻ പ്രതാപനും സുഹൃത്തുക്കളും ചേർന്ന് നാട്ടിക കടപ്പുറത്ത് സംഘടിപ്പിച്ച, മലയാളികളുടെ ഹൃദയത്തിൽ അമ്മ മഴക്കാറ് പെയ്തിറങ്ങാൻ ഇടയാക്കിയ മാതൃസംഗമം. അമ്മ പ്രസംഗം എന്ന് മലയാളികൾ പേരിട്ട എൻറെ എളിയ സംസാരം. ഒരു ചരിത്രമുഹൂർത്തം പോലെ അവിസ്മരണീയമായ ആ സംഗമത്തിന്റെ വിജയത്തിന്റെ പിറകിൽ വലിയൊരു അമ്മയുടെ സാന്നിധ്യമാണുള്ളതെന്ന് തോന്നിയിട്ടുണ്ട്.

  പിന്നീട് ലാലിൻ്റെ അഭിവന്ദ്യയായ അമ്മ രോഗം ബാധിച്ച് കിടപ്പിലായപ്പോൾ അദ്ദേഹം വിളിച്ചു. ഞാൻ അമ്മയെ കാണാൻ പോയി. ഞങ്ങളൊന്നിച്ച് അരികത്തിരുന്ന് അമ്മയെ വിളിച്ചുണർത്തിയതും ഒരിക്കലും മറക്കുകയില്ല.

  ഞങ്ങളിരുവരും പെരിങ്ങോട്ട് ഒരു ആയുർവ്വേദാശുപത്രി ഉദ്ഘാടനം ചെയ്യാൻ പോയി. അദ്ദേഹവും ഞാനും അവിടെ ചികിത്സക്കായി കിടക്കുകയുണ്ടായിട്ടുണ്ട്. ആ ഉൽഘാടന സമ്മേളനത്തിൽ വേദിയിലിരുന്ന് മോഹൻലാൽ എന്നോട് പറഞ്ഞുകൂട്ടിയ നർമ്മങ്ങൾ കേട്ട് ചിരിച്ചു വശായി.

  മറ്റൊരിക്കൽ ഞങ്ങൾ സംഗമിച്ചതും ഒരു ആശുപത്രി ഉത്ഘാടനത്തിലായിരുന്നു, പാലക്കാട്ട്. അന്നും അദ്ദേഹത്തിൻറെ എല്ലാ തിരക്കുകൾക്കുമിടയിൽ, പരിപാടി ആരംഭിക്കുന്നതിന് മുമ്പായി അല്പസമയം ഞങ്ങൾ സ്നേഹനിമിഷങ്ങൾ പങ്കുവച്ചു, ഉള്ള് തുറന്നു സംസാരിച്ചു.

  Also Read- HBD Mohanlal| 'ഇല്ല ... ഞാൻ വെറുതെ വിടില്ല! അടുത്ത വർഷം വീണ്ടും വരും !'; ലാലേട്ടന് പൃഥ്വിയുടെ പിറന്നാളാശംസ; ഏറ്റെടുത്ത് ആരാധകർ

  അതിനിടയിൽ അഴീക്കോട് മാഷിന്റെ അന്ത്യദിനങ്ങളിൽ മാഷുമായുള്ള ചില്ലറ അഭിപ്രായവ്യത്യാസങ്ങളും അകൽച്ചയും തീർക്കാൻ ഒന്നു പോയി കാണുന്നത് നല്ലതാണെന്ന് ഞാൻ നിർദ്ദേശിച്ചിരുന്നു. കൃത്യാന്തര ബാഹുല്യത്തിനിടയിൽ ദീർഘദൂരം യാത്ര ചെയ്ത് ഏറെ തിരക്കുള്ള മലയാളത്തിൻ്റെ മഹാനടനും നാട് കണ്ട അതുല്യപ്രതിഭയുടെ ഉടമയുമായ മോഹൻലാൽ തൃശൂരിലെ അമല ആശുപത്രിയിൽ എത്തിയത് എന്നെ അത്ഭുതപ്പെടുത്തി. ആശുപത്രിയിൽ സുകുമാർ അഴീക്കോട് കിടന്നിരുന്ന മുറിയിലേക്ക് കയറും മുമ്പ് മോഹൻലാൽ എന്നെ വിളിച്ചു. ഞാനിതാ മുറിയിലേക്ക് കയറുകയാണ് എന്ന് പറഞ്ഞപ്പോഴും അദ്ദേഹത്തിന്റെ സ്നേഹമനസ്സ് എന്നെ വശീകരിച്ചു.

  വേറെയും ഒട്ടേറെ നല്ല ഓർമ്മകൾ. ലാൽ എഴുതിയതും അദ്ദേഹത്തെക്കുറിച്ച് എഴുതപ്പെട്ടതുമായ പുസ്തകങ്ങളുടെ പ്രകാശന വേളകൾ.

  Also Read- Happy Birthday Mohanlal | മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകം

  എൻറെ വീട്ടിൽ എന്നോടൊപ്പം താമസിക്കാൻ വന്നാൽ നല്ല ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കിത്തരാം എന്ന് മോഹൻലാൽ പറയുമ്പോഴൊക്കെ അദ്ദേഹത്തെക്കൊണ്ട് ഞാനെന്നല്ല, ആരും അത് ചെയ്യിപ്പിക്കുകയില്ല എന്ന് നല്ലപോലെ അറിയാമായിരുന്നിട്ടും ഞാൻ ആ ദിനം സ്വപ്നം കാണുന്നു. ഹൃദ്യമായ ആ വാക്കുകളിൽ സ്നേഹവും വിനയവും ചാലിച്ചു ചേർത്ത മോഹൻലാൻ എന്ന മനുഷ്യൻ്റെ വ്യക്തിത്വ സൗന്ദര്യം പലപ്പോഴും തൊട്ടറിഞ്ഞു.

  മറ്റൊരു പ്രത്യേകത, ഇത്രയേറെ തിരക്കിട്ട ദൈനംദിന കൃത്യങ്ങൾക്കിടയിലും അദ്ദേഹം വായനക്ക് സമയം കണ്ടെത്തുന്നു എന്നതാണ്. ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ചും ദാർശനിക പ്രശ്നങ്ങളെ സംബന്ധിച്ചും അദ്ദേഹത്തോട് സംസാരിക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ടതൊന്നും വിഘ്നങ്ങളായിരുന്നില്ല, ആഴമുള്ളൊരു മനസ്സിൻ്റെ അതിശയകരമായ വിചിന്തനങ്ങളായിരുന്നു. മോഹൻലാലിൻ്റെ കലാസിദ്ധിയെപ്പോലെ അദ്ദേഹത്തിൻ്റെ ആന്തരികവും ഏറെ അഗാധമാണെന്ന് ബോധ്യപ്പെടുത്തിയ നിമിഷങ്ങൾ.

  Also Read- HBD Mohanlal | 'പ്രിയപ്പെട്ട ലാലിന്'; പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

  അതുകൊണ്ട്, മോഹൻലാൽ എൻ്റെ മനസ്സിൽ ഇടം നേടിയത് ഒരു മഹാനടൻ എന്ന നിലയിലോ മാനവജീവിതത്തിൻ്റെ അത്യന്തം വിസ്മയകരമായ ആവിഷ്കാരസിദ്ധിയുടെ ഉടമയായ അതുല്യപ്രതിഭ എന്ന നിലയിലോ അല്ല. അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിൽ അടങ്ങിയ 'സ' കൊണ്ട് തുടങ്ങുന്ന മൂന്ന് അമൂല്യ പദങ്ങളെക്കൊണ്ടാണ്: സ്നേഹം, സൗമ്യത, സന്മനസ്സ്.

  അതിനാൽ, ഈ മകനെ മലയാണ്മക്ക് നൽകിയ ലാലിൻ്റെ സ്നേഹനിധിയായ അമ്മയ്ക്കാണ് മകൻ്റെ ഈ ജന്മദിനാശംസകൾ അർപ്പിക്കാൻ എനിക്ക് താല്പര്യം.
  Published by:Anuraj GR
  First published: