ഇന്ന് രാവിലെയാണ് ബോളിവുഡിലെ ഇതിഹാസ നടൻ ദിലീപ് കുമാർ അന്തരിച്ചത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം.
ബോളിവുഡിൽ ദിലീപ് കുമാറിന്റെ ആരാധകനായ സൂപ്പർ താരം ആരാണെന്ന ചോദ്യത്തിന് ഷാരൂഖ് ഖാൻ എന്നായിരിക്കും ഉത്തരം. എന്നാൽ ഇങ്ങ് മലയാള സിനിമയിലും ദിലീപ് കുമാറിന് ഒരു സൂപ്പർ സ്റ്റാർ ആരാധകനായിട്ടുണ്ട്. മലയാളിയുടെ സ്വന്തം മമ്മൂട്ടി.
തന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടന് വിട എന്നാണ് ദിലീപ് കുമാറിന്റെ വിയോഗത്തെ തുടർന്ന് മമ്മൂട്ടി പ്രതികരിച്ചത്. ദിലീപ് കുമാറിന് മുമ്പോ ശേഷമോ, അദ്ദേഹത്തെ പോലെ മറ്റാരുമില്ലെന്നും മമ്മൂട്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
"ഇതിഹാസ നടന് വിട. ഓരോ കൂടിക്കാഴ്ചയിലും അങ്ങയുടെ സ്നേഹവാല്സല്യങ്ങളാല് ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. താങ്കളുടെ സ്വന്തമെന്ന് ഒരാളെക്കൊണ്ട് തോന്നിപ്പിക്കുന്നതായിരുന്നു അങ്ങയുടെ ദയയും വാക്കുകളും. എന്റെ എക്കാലത്തെയും പ്രിയനടന് വിട. നിങ്ങളെപ്പോലെ ആരുമില്ല, നിങ്ങള്‍ക്കു മുന്‍പോ അതിനു ശേഷമോ".
ദുൽഖർ സൽമാനും ദിലീപ് കുമാറിന് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. വാപ്പച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട ആൾ എന്നാണ് ദിലീപ് കുമാറിനെ കുറിച്ച് ദുൽഖറിന്റെ വാക്കുകൾ.
"ആഴ്ച്ചകൾക്ക് മുമ്പാണ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചത്. വ്യക്തി എന്ന നിലയിലും നടനെന്ന നിലയിലും അദ്ദേഹത്തിന് വളരെയധികം പ്രിയപ്പെട്ടവരിൽ ഒരാളായിരുന്നു താങ്കൾ. ദിലീപ് സാബിനേക്കാൾ ആകർഷണീയനായ നടനും സ്നേഹമുള്ള മനുഷ്യനും ഇല്ലെന്നാണ് അദ്ദേഹം പറയാറ്. താങ്കളുടെ സംസാരം എത്ര നേരം വേണമെങ്കിലും അദ്ദേഹം കേട്ടിരിക്കും. അദ്ദേഹത്തെ എവിടെ വെച്ചു കണ്ടാലും സ്നേഹവും കരുതലും കാണിച്ചിരുന്ന വ്യക്തിയായിരുന്നു താങ്കൾ. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടയാൾ താങ്കളാണ്."- ദുൽഖറിന്റെ വാക്കുകൾ.
You may also like:'തല്ലുകൊള്ളും എന്ന പേടി': യൂസുഫ് ഖാൻ എന്ന പേരുപേക്ഷിച്ചതിന് ദിലീപ് കുമാർ പറഞ്ഞ കാരണം
വാപ്പച്ചി താങ്കളെ ഇഷ്ടപ്പെടുന്ന അത്രയും താനും ഇഷ്ടപ്പെടുന്നുവെന്നുവെന്ന് പറഞ്ഞ ദുൽഖർ മമ്മൂട്ടിയുടെ സ്വന്തമാണ് ദിലീപ് കുമാർ എന്നും പറയുന്നു. തന്റെ വികാരങ്ങൾ വാക്കുകളാക്കി മാറ്റാൻ ബുദ്ധിമുട്ടുന്നുവെന്നും ദുൽഖർ തന്റെ കുറിപ്പിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.