മലയാള സിനിമയുടെ മെഗാസ്റ്റാറായി, നടനായി, 50 വർഷം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മോഹൻലാൽ ഉൾപ്പെടെ സിനിമാ ലോകത്തിന്റെ പല കോണുകളിൽ നിന്നും ഒട്ടേറെപ്പേർ ആശംസ അറിയിക്കുന്നുണ്ട്. അൽപ്പം വൈകിയെങ്കിലും മകൻ ദുൽഖർ സൽമാൻ, തന്റെ വാപ്പച്ചിയെന്ന വ്യക്തിപ്രഭാവത്തെ വാക്കുകളിൽ വരച്ചിടുന്നു.
ദുൽഖറിന്റെ വാക്കുകളിൽ, "വലിയ സ്വപ്നം കാണുകയും, ഒരിക്കലും ഒന്നും ഉപേക്ഷിക്കുകയും ചെയ്യാതിരിക്കുകയും, പിന്നെയും വലിയ സ്വപ്നം കാണുകയും, എല്ലായിപ്പോഴും സ്വയം മെച്ചപ്പെടുന്നതിൽ തൃപ്തി വരാതിരിക്കുകയും, ഒരിക്കലും മുഷിയാതിരിക്കുകയും, അടുത്ത വലിയ കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്നെന്നും ദാഹിക്കുകയും, അടുത്ത മഹത്തായ സിനിമ കണ്ടെത്താൻ എപ്പോഴും പരിശ്രമിക്കുകയും, ഒരു മെഗാസ്റ്റാർ എന്നതിലുപരി ഒരു നടനായി അറിയപ്പെടാൻ ആഗ്രഹിക്കുകയും, ഞാൻ കണ്ടിട്ടുള്ള ഏതൊരു നടനേക്കാളും സിനിമയെയും ക്രാഫ്റ്റിനെയും സ്നേഹിക്കുകയും, ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും, തലമുറകളെ സ്വാധീനിക്കുകയും, ജീവിതപാഠങ്ങളിലൂടെ മാത്രം നയിക്കുകയും, കാലങ്ങൾ മാറുന്നത് പരിഗണിക്കാതെ ധാർമ്മികതയിലും പാരമ്പര്യത്തിലും ഉറച്ചുനിൽക്കുകയും, മേന്മയിൽ അടിയുറച്ചു വിശ്വസിക്കുകയും, ബന്ധങ്ങൾ ഉയർത്തിപ്പിടിക്കുകയും, സദ്ഗുണമുള്ളതാവുകയും, സമഗ്രതയെ മാനിക്കുകയും, ഒരിക്കലും കുറുക്കുവഴികൾ എടുക്കാത്തതിരിക്കുന്നതിന്റെയും, സുവർണ്ണതയുടെയും, തന്നോട് തന്നെ മത്സരം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഒരു യഥാർത്ഥ ജീവിത നായകൻ" എന്ന നിലയിലാണ് ദുൽഖർ അച്ഛനെ കാണുന്നത്.
"കരിയറിലെ നാഴികക്കല്ലുകളുടെ ഈ ആഘോഷങ്ങൾ വാപ്പച്ചി ഇഷ്ടപ്പെടുന്നില്ലെങ്കിലും. 50 വർഷത്തെ ഏറ്റവും തിളക്കമാർന്നതും മഹത്വമേറിയതുമായ കരിയർ ചെറിയ നേട്ടമല്ല.
എല്ലാ ദിവസവും ഞാൻ എന്റെ അനുഗ്രഹങ്ങളോട് കടപ്പെട്ടിരിക്കുന്നു. കാരണം എനിക്ക് സെല്ലുലോയിഡിന് പുറത്ത് ഒരു മനുഷ്യനെ സ്പർശിക്കാനും, ചേർത്തുപിടിക്കാനും സാധിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന് സാക്ഷ്യം വഹിക്കാനും ആ മഹത്വത്തിൽ ജീവിക്കാനുമാവുന്നു. അദ്ദേഹത്തിന്റെ വെളിച്ചത്തിൽ, ആളുകൾക്ക് അദ്ദേഹത്തോടുള്ള ഊഷ്മളതയും സ്നേഹവും അനുഭവിക്കാനും, ആ കരസ്പർശമേറ്റ ആളുകളിൽ നിന്ന് ആ കഥകൾ കേൾക്കാനും സാധിക്കുന്നു. എനിക്ക് അങ്ങയെക്കുറിച്ച് ഒരു പുസ്തകം എഴുതാം. എന്നാൽ ഇപ്പോൾ ഞാൻ ഇവിടെ നിർത്തുന്നു.
സിനിമകളുടെ മാന്ത്രിക ലോകം കണ്ടെത്തിയപ്പോൾ ഒരിക്കൽ ഒരു കുട്ടിയുടെ കണ്ണുകൾ തിളങ്ങി. അവൻ അതിന്റെ ഭാഗമാകാൻ സ്വപ്നം കാണുകയും അത് നിരന്തരം പിന്തുടരുകയും ചെയ്തു. ആദ്യ അവസരം ലഭിച്ചപ്പോൾ മുതൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ, അതിനുള്ളിൽ ഗണിക്കപ്പെടാൻ അക്ഷീണം പ്രവർത്തിച്ചു. കാരണം അദ്ദേഹം അത് വിലമതിക്കുന്നു. സിനിമയ്ക്ക് ആവശ്യമുള്ളതിനേക്കാൾ സിനിമ തനിക്ക് ആവശ്യമാണെന്ന് അദ്ദേഹം ഇന്നും വിശ്വസിച്ചുപോരുന്നു. എത്ര ഉയരങ്ങളിൽ എത്തിയാലും, അദ്ദേഹത്തിന്റെ പർവതം ഉയർന്നു തന്നെ കാണപ്പെടുന്നു. അദ്ദേഹത്തെ അറിയാവുന്നവർക്കറിയാം, അദ്ദേഹം ഇപ്പോഴും അത് കയറുന്നുണ്ടെന്നും ഒരിക്കലും നിർത്തുകയില്ലെന്നും. അദ്ദേഹത്തിന് സാധ്യമായ ഏറ്റവും മികച്ച നടൻ എന്നതാണ് ആ പർവ്വതം." ദുൽഖർ തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.