ദുല്‍ഖര്‍ സല്മാന് (Dulquer Salmaan) നായകനും നിര്‍മ്മാതാവുമാകുന്ന ചിത്രം 'സല്യൂട്ട്' (Salute) ഡയറക്റ്റ് ഒ.ടി.ടി. റിലീസിന് (direct OTT release). മാര്‍ച്ച് 18ന് സോണി ലിവിലൂടെ (Sony Liv) ചിത്രം പ്രദര്‍ശനത്തിനെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും. സോണി ലിവിലൂടെ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് തീയതി പുറത്തുവിട്ടിരുന്നില്ല. ദുല്‍ഖറാണ് തീയതി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ദുല്‍ഖര്‍ പോലീസുകാരനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13ന് തിയെറ്ററുകളില്‍ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ കേരളത്തില്‍ കോവിഡ്-19 കേസുകളുടെ വര്‍ദ്ധനവും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റേതാണ്. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന സല്യൂട്ട്, ബോളിവുഡ് നടി ഡയാന പെന്റിയുടെ മലയാളത്തിലെ അരങ്ങേറ്റം കൂടിയാണ്. മനോജ് കെ. ജയന്, വിജയരാഘവന്, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുംബൈ പോലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
കരിയറില്‍ തന്നെ ആദ്യമായി പോലീസ് വേഷം ചെയ്തു കൊണ്ടാണ് ദുല്‍ഖര്‍ സല്മാന് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നില്‍ എത്തുന്നത്. അരവിന്ദ് കരുണാകരന് എന്നാണ് ഇതില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന പോലീസ് ഓഫീസര്‍ കഥാപാത്രത്തിന്റെ പേര്.
ജേക്സ് ബിജോയിയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം - അസ്ലം പുരയില്‍, മേക്കപ്പ് - സജി കൊരട്ടി, വസ്ത്രാലങ്കാരം - സുജിത് സുധാകരന്, ആര്‍ട്ട് - സിറില്‍ കുരുവിള, സ്റ്റില്‍സ് - രോഹിത്, പ്രൊഡക്ഷന്‍ കണ്ട്രോളര് - സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ. സി. രവി, അസോസിയേറ്റ് ഡയറക്ടര്‍ - ദിനേഷ് മേനോന്, ഫര്സ്റ്റ് എ. ഡി. - അമര്‍ ഹാന്‍സ്പല്‍, അസിസ്റ്റന്റ് ഡയറക്ടെഴ്സ് - അലക്സ് ആയിരൂര്‍, ബിനു കെ. നാരായണന്, സുബീഷ് സുരേന്ദ്രന്, രഞ്ജിത്ത് മടത്തില്‍; പി.ആര്.ഒ. - മഞ്ജു ഗോപിനാഥ്.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ റിലീസ് ഹേ സിനാമികയാണ്. അദിതി റാവു ഹൈദരിയും കാജല്‍ അഗര്‍വാളും നായികാ കഥാപാത്രങ്ങളാകുന്നു. ബൃന്ദ സംവിധാനം ചെയ്ത തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം മാര്‍ച്ച് 3 ന് തിയെറ്ററുകളില്‍ എത്തി. ഇതിനുപുറമെ ആര്. ബാല്‍ക്കിയുടെ ചുപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ ഹനു രാഘവപുടിയുടെ പേരിടാത്ത ത്രിഭാഷാ ചിത്രത്തിന്റെ ഷൂട്ടിങിലാണ്. ഈ സിനിമയില്‍ മൃണാല്‍ ഠാക്കൂറും രശ്മിക മന്ദാനയും അഭിനയിക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.