കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം. വിനോദ നികുതി പിൻവലിക്കില്ലെന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സിനിമാ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തത്. വ്യാഴാഴ്ച ഷൂട്ടിംഗ് അടക്കം നിർത്തിവച്ചായിരിക്കും സമരം. സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഒരു ദിവസത്തെ സൂചനാ പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഫിലിം ചേംബർ വൃത്തങ്ങൾ ന്യൂസ് 18നോട് പറഞ്ഞു.
സെപ്റ്റംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം. ടിക്കറ്റുകൾക്ക് വിനോദ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും സർക്കാർ ഇത് നിഷേധിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ലെന്നാണ് മന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. അഞ്ച് ശതമാനം നികുതിക്കുമേല്‍ ജി എസ് ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിരുന്നുവെന്നും ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. പാലാ എംഎൽഎ മാണി സി കാപ്പൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജി.എസ്.ടിക്കും പ്രളയ സെസ്സിനും പുറമേ വിനോദ നികുതി കൂടി അധികമായി ഈടാക്കുന്നത് സിനിമ മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിലപാട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.