ആലപ്പുഴ: പണം വാങ്ങിയിട്ടും പരിപാടിയ്ക്ക് എത്തിയില്ലെന്നരോപിച്ച് നടൻ ശ്രീനാഥ് ഭാസിയ്ക്കെതിരെ പരാതി. ആലപ്പുഴ ക്യാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതി നൽകിയിരിക്കുന്നത്. ടർഫ്, ടീ പോയിന്റ് കഫെ എന്നിവ ഉദ്ഘാടനം ചെയ്യുന്നതിനായി ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ആറു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇതിൽ നാലു ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു. ബാക്കി തുക ഉദ്ഘാടന ദിവസം കൈമാറാമെന്നുമായിരുന്നു ധാരണ. എന്നാൽ പരിപാടിയ്ക്ക് ഒരു ദിവസം മുൻപ് താൻ യുകെയിൽ ആണെന്നും മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റാനും ആവശ്യപ്പെട്ടു.
ശ്രീനാഥ് ഭാസിയുടെ ആവശ്യപ്രകാരം കഴിഞ്ഞ 14ന് നടക്കേണ്ട പരിപാടി 22ലേക്ക് മാറ്റി. എന്നാൽ വീണ്ടും പരിപാടി മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഒരുമാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് നടത്താൻ കഴിയാതെ വന്നു. ഇത് ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി.
പ്രചാരണത്തിനായും ക്ലബ്ബിന് പണം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകുമെന്ന് ക്ലബ്ബ് പാർട്ണർമാരായ സക്കീർ ഹുസ്സൈൻ, സിനാവ്, ഇജാസ്, വിജയകൃഷ്ണൻ, സജാദ്, നിയാസ്, അൽസർ എന്നിവർ പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.