തന്റെ പ്രിയപ്പെട്ട നച്ചുവിന് പിറന്നാൾ ആശംസയുമായി ഷാനു എന്ന ഫഹദ് ഫാസിൽ (Fahadh Faasil). ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന നസ്രിയക്ക് (Nazriya Nazim) പിറകിൽ നിന്നും ഒളിഞ്ഞു നോട്ടമിടുന്ന ചിത്രമാണ് പിറന്നാൾ ആശംസയായി ഫഹദ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
നസ്രിയയുടെ അനുജൻ നവീൻ നസീം ചേച്ചിക്കൊപ്പം വളർന്നു വന്ന നാളുകൾ ഓർത്തെടുക്കുന്നു ഒരു വീഡിയോ പോസ്റ്റുമായാണ് എത്തിയിട്ടുള്ളത്. ഒപ്പം ഒരു ആശംസാക്കുറിപ്പും. നസ്രിയയുടെ ആദ്യ ജന്മദിനത്തിനാണ് നവീനിന്റെ ജനനം.
"നിനക്കൊപ്പം വളർന്നത് വളരെ പ്രത്യേകതയുള്ളതും തീർത്തും അസാധാരണവുമാണ്. നീ എല്ലായ്പ്പോഴും എന്നെ നോവിക്കാനും ശല്യപ്പെടുത്താനും ഇഷ്ടപ്പെടുകയും അതുപോലെതന്നെ എപ്പോൾ എവിടെയായിരുന്നാലും എന്റെ അരികിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു. എല്ലാം സംഭവിക്കാൻ ഒരു കരണമുണ്ടെന്നു ആളുകൾ പറയുന്നു. നീ എന്റെ സഹോദരിയായതും ഒരു കാരണത്താലാണ് എന്ന് ഞാൻ പറയുന്നു. ഇത്രയധികം സ്നേഹിക്കപ്പെടാൻ വേണ്ടിയാണത്. എനിക്കങ്ങോട്ടുള്ള സ്നേഹം എന്തിനേക്കാളും അതീതമാണ്. സുഹൃത്തുക്കളെന്ന നിലയിൽ ഒരുമിച്ച്, ജീവിതം നൽകുന്നതെന്തും നേരിടാൻ തയാർ," നവീൻ വീഡിയോ പോസ്റ്റിനൊപ്പം കുറിച്ചു.
സഹോദരിക്ക് ജന്മദിനാശംസ എന്നാണ് പൃഥ്വിരാജ് കുറിച്ചിട്ടുള്ളത്.
'അന്റെ സുന്ദരനിക്കി' എന്ന സിനിമയിലൂടെ നസ്രിയ തെലുങ്ക് സിനിമാ രംഗത്ത് ചുവടുറപ്പിക്കുകയാണ്. 2020 ദീപാവലിക്ക് മുൻപായാണ് ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ചത്. തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി 'നാനി 28' എന്നായിരുന്നു പേരിട്ടിരുന്നത്.
വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.
നസ്രിയയും നാനിയും ചേർന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകൻ വിവേക് വിശേഷിപ്പിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. വേറെയും ചില ചിത്രങ്ങൾ നാനിയുടേതായുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.