• HOME
  • »
  • NEWS
  • »
  • film
  • »
  • The Great Indian Kitchen മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചെന്ന ജൂറിയംഗം എൻ.ശശിധരന്റെ പരാമർശത്തെ അപലപിച്ച് ഫെഫ്ക

The Great Indian Kitchen മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചെന്ന ജൂറിയംഗം എൻ.ശശിധരന്റെ പരാമർശത്തെ അപലപിച്ച് ഫെഫ്ക

മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നായിരുന്നു ജൂറി അംഗത്തിന്റെ പരാമർശം

എൻ. ശശിധരൻ, ദി ഗ്രേറ്റ് ഇന്ത്യ കിച്ചൻ

എൻ. ശശിധരൻ, ദി ഗ്രേറ്റ് ഇന്ത്യ കിച്ചൻ

  • Share this:
    2020ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ സിനിമയാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'. എന്നാൽ ഈ ചിത്രം മതമൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും തിരഞ്ഞെടുപ്പിൽ താൻ വിയോജിച്ചിരുന്നതായും ജൂറി അംഗം എൻ. ശശിധരൻ ആരോപിച്ചിരുന്നു.

    നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായികാ നായകന്മാരായ ചിത്രമാണ് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ'.

    താൻ നിർദ്ദേശിച്ചത് 'ഭാരതപ്പുഴ' എന്ന സിനിമയാണ്. മികച്ച കമേഴ്‌സ്യൽ വിഭാഗത്തിലെ ചിത്രമായി അനുഭവപ്പെട്ടത് 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രമാണെന്നും ശശിധരൻ പറഞ്ഞിരുന്നു. തീർത്തും നിരാശാജനകമായ തീരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നടി സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് ജേതാക്കളെ നിർണ്ണയിച്ചത്.

    "മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത സിനിമ മത-മൗലികവാദികളുടെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കിയ തികച്ചും നെഗറ്റീവായ സന്ദേശം പ്രചരിപ്പിക്കുന്ന സിനിമയാണ്. അത്തരം സിനിമയുടെ സംവിധായകന് അവാര്‍ഡ് നല്‍കുന്നുവെന്നത് ജൂറി അംഗമായ എനിക്ക് അപമാനകരമാണ്," എന്നായിരുന്നു ശശിധരന്റെ പരാമർശം.

    "ഇപ്പോള്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ ജനപ്രിയ സിനിമകളുടെ മാനദണ്ഡം വെച്ചിട്ടാണ് നിര്‍ണയിച്ചിക്കുന്നത്. സാധാരണ സിനിമാസ്വാദകനെ സംബന്ധിച്ചിടത്തോളം ഇതു മതിയാകും. പക്ഷേ ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ വളരെ അപമാനിതനായി," എന്നും ശശിധരൻ പരാമർശിച്ചിരുന്നു.

    ഇക്കാര്യം അപലപിച്ചുകൊണ്ട്‌ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ മുന്നോട്ടുവന്നു. ഫെഫ്കയുടെ പ്രസ്താവന ചുവടെ:



    "സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്ന് അവാർഡ് നിർണ്ണയ സമിതി അംഗം ശ്രീ എൻ. ശശിധരൻ നടത്തിയ ചില പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ചിത്രം നിർമ്മിച്ചത് മതമൗലികവാദികളുടെ ഫണ്ടിംഗ് ഉപയോഗിച്ചാണെന്ന അദ്ദേഹത്തിന്റെ ആരോപണം എന്ത് അടിസ്ഥാനത്തിലാണെന്ന് വിശദീകരിക്കാൻ അദ്ദേഹം തന്നെ തയാറാവണം. അവാർഡ് ജേതാക്കളെ അടച്ചാക്ഷേപിക്കുന്ന വസ്തുതാരഹിതമായ തന്റെ പ്രസ്താവനകൾ അടിയന്തിരമായി പിൻവലിച്ച് മാപ്പു പറയാൻ അദ്ദേഹം തയാറാവണം എന്ന് ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നു.

    അവാർഡിന് സമർപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ മൗലികത സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങളും ചലച്ചിത്ര അക്കാദമി ഗൗരവമായി എടുക്കേണ്ടതുണ്ട്‌. അവാർഡ് നിർണ്ണയ സമിതി അംഗങ്ങൾ അവാർഡ് പ്രഖ്യാപനത്തിനു ശേഷം പൊതുവേദികളിൽ അവാർഡ് സംബന്ധിച്ച വിവാദ പ്രസ്താവനകളോ വെളിപ്പെടുത്തലുകളോ നടത്തുന്നത് നിയന്ത്രിക്കുന്നതിനും കൃത്യമായ ഒരു സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.

    ഈ വിഷയങ്ങളിൽ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി, ചലച്ചിത്ര അക്കാദമി ചെയർമാൻ എന്നിവർക്ക് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ കത്തയച്ചിട്ടുണ്ട്."

    Summary: FEFKA Directors' Union condemns the remark of N Sasidharan, member of the committee deciding Kerala State Film Awards. He had remarked that The Great Indian Kitchen was funded by extremist elements
    Published by:user_57
    First published: