കൊച്ചി: സംസ്ഥാനത്ത് തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് തീയറ്റർ ഉടമകൾ. ഓണത്തിന് മുമ്പ് തീയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും ഉടമകളുടെ യോഗത്തിന് ശേഷം ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ പറഞ്ഞു. വൈദ്യൂതി ഫിക്സഡ് ചാർജിലും വിനോദ നികുതിയിലും ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയാൽ തീയറ്ററുകൾ തുറക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെതുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുകയാണ് സംസ്ഥാനത്തെ സിനിമ തീയറ്ററുകൾ. ഓണം സീസണ് കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെ എങ്കിലും തീയറ്ററുകള്‍ തുറക്കാന്‍ സർക്കാർ അനുമതി നല്‍കുമെന്നായിരുന്നു ഉടമകളുടെ പ്രതീക്ഷ. പക്ഷേ ടൂറിസം കേന്ദ്രങ്ങളും മാളുകളും തുറന്നിട്ടും തീയറ്ററുകൾക്ക് മാത്രം തുറക്കാന്‍ അനുമതി കിട്ടിയില്ല. ഇതോടെ കടുത്ത പ്രതിസന്ധിയിലേക്ക് പോവുകയാണ് സിനിമ മേഖല.
നിലവിൽ ചിത്രീകരണം കഴിഞ്ഞ് റിലീസിനായി കാത്തിരിക്കുന്നത് എഴുപതിലധികം മലയാള ചിത്രങ്ങളാണ്. ഇതോടൊപ്പം മറ്റു ചിത്രങ്ങളുടെ ഷൂട്ടിംഗ് പുരോഗമിക്കുകയും ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍, ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് എന്നിവയെല്ലാം തീയറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ്. തീയറ്ററുകള്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഫഹദ് ഫാസിലിന്റെ മാലിക് ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിരുന്നു. ഇനിയും തീയറ്ററുകള്‍ തുറന്നില്ലെങ്കില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഒ ടി ടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുമോയെന്ന ആശങ്ക ഉടമകള്‍ക്കുമുണ്ട്.
തീയറ്ററുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ ഉടമകളുടെ സംഘടന അതിനെ എതിർക്കില്ല. എന്നാൽ തീയറ്ററുകൾ തുറന്ന ശേഷം ഒ ടി ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. ഇത്തരത്തിൽ സിനിമ റിലീസ് ചെയ്യുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ വ്യക്തമാക്കി.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.