• HOME
  • »
  • NEWS
  • »
  • film
  • »
  • ചലച്ചിത്ര സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു; 'വന്നല്ലോ വനമാല' പരസ്യത്തിന്റെ ശില്പി

ചലച്ചിത്ര സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു; 'വന്നല്ലോ വനമാല' പരസ്യത്തിന്റെ ശില്പി

കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്

കെ എൻ ശശിധരൻ

കെ എൻ ശശിധരൻ

  • Last Updated :
  • Share this:
    കൊച്ചി: ചലച്ചിത്ര സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഇടപ്പള്ളിയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് അന്ത്യം. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. സംസ്കാരം ഇന്നു വൈകിട്ട്. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.

    തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ആദ്യ ചിത്രമൊരുക്കി. സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. ഭരത് ഗോപി, മാധവി ഏന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, മമ്മുട്ടി, മോഹൻലാൽ മുതലായവരും അഭിനയിച്ചു. തഹസിൽദാരായ ഒരാൾക്ക് അത്യാഗ്രഹിയായ ഭാര്യ വരുത്തിവക്കുന്ന വിനകളാണ് ചിത്രം പറയുന്നത്. 1984 കാലത്ത് ഗൾഫ് പണം മലയാളികളിലുണ്ടാക്കിയ സ്വാധീനം സിനിമയിൽ കാണാം. ഗൾഫുകാരെ അസൂയയോടെയും അമ്പരപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്.

    2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു.

    ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യ ചിത്രങ്ങളിലേയ്ക്കു തിരിഞ്ഞു. കെ എന്‍ ശശിധരന്‍ സംവിധാനം ചെയ്ത പരസ്യചിത്രങ്ങളില്‍ ഏറ്റവും പ്രശസ്തമായത് വനമാല സോപ്പിന്റേതാണ്. പല സന്ദർഭങ്ങളിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന ‘വന്നല്ലോ വനമാല’ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: വീണ ശശിധരൻ, മക്കൾ: ഋതു ശശിധരൻ, മുഖിൽ ശശിധരൻ. മരുമകൾ: ഇന്ദുലേഖ.
    Published by:Rajesh V
    First published: