HOME » NEWS » Film » FORMER CO WORKER PENS A NOTE ABOUT SHORTFILM MAKER SHANOJ

'ഞാൻ, ഞാൻ എന്ന് പറഞ്ഞു മതിയാകാത്തവരെ മാത്രം കണ്ടു ശീലിച്ച എനിക്ക് അയാൾ പെട്ടെന്ന് ഒരപരിചിതനായി'; പുതുമുഖ സംവിധായകനേക്കുറിച്ച് മുൻ സഹപ്രവർത്തകൻ

ഇന്ദ്രൻസ് നായകനായ, 'ഒരു ബാർബറിന്റെ കഥ'യുടെ സംവിധായകനും രചയിതാവുമാണ് ഷനോജ് ആർ. ചന്ദ്രൻ

News18 Malayalam | news18-malayalam
Updated: July 9, 2021, 1:58 PM IST
'ഞാൻ, ഞാൻ എന്ന് പറഞ്ഞു മതിയാകാത്തവരെ മാത്രം കണ്ടു ശീലിച്ച എനിക്ക് അയാൾ പെട്ടെന്ന് ഒരപരിചിതനായി'; പുതുമുഖ സംവിധായകനേക്കുറിച്ച് മുൻ സഹപ്രവർത്തകൻ
ഒരു ബാർബറിന്റെ കഥ', ഷനോജ്
  • Share this:
ഇന്ന് വൈകുന്നേരം പുറത്തിറങ്ങുന്ന, ചലച്ചിത്ര അക്കാദമി നിർമ്മിച്ച ഹ്രസ്വചിത്രങ്ങളിൽ ഒന്നായ, ഇന്ദ്രൻസ് നായകനായ, 'ഒരു ബാർബറിന്റെ കഥ'യുടെ സംവിധായകനും രചയിതാവുമാണ് ഷനോജ് ആർ. ചന്ദ്രൻ. മാധ്യമപ്രവർത്തകനായ ഷനോജ് സിനിമ എന്ന സ്വപ്നത്തിനു പിന്നാലെ ആരംഭിച്ച യാത്രയുടെ തുടക്കമാണ് ഈ ചെറുചിത്രം. ലോക്ക്ഡൗൺ നാളുകളിൽ നടത്തിയ തിരക്കഥ രചനാ മത്സരത്തിൽ നിന്നും തിരഞ്ഞെടുത്ത 10 തിരക്കഥകളിൽ ഒന്നാണിത്. ഷനോജ് ചന്ദ്രനെ കുറിച്ച് മുൻസഹപ്രവർത്തകന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ചുവടെ.

"ഷനോജ് ചന്ദ്രൻ എന്ന എഴുത്തുകാരനെ മുമ്പേ അറിയാം. വാക്കുകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന മനുഷ്യൻ. ന്യൂസ് 18 ൽ ജോലിക്ക് കേറിയപ്പോ അതേ പേരുള്ളൊരാൾ ഒപ്പം ജോലി ചെയ്യാനുണ്ട്. എപ്പോഴും നിറഞ്ഞ ചിരിയുളള മുഖം. പെട്ടെന്നങ്ങു കൂട്ടായി. ക്യാന്റീനിൽ ചായക്കപ്പുകളുമായി ഒരേ മേശക്കിരുപുറം ഇരുന്ന പല ദിവസങ്ങളിൽ കഥകളും കവിതകളും സിനിമകളുമൊക്കെ വിഷയമായി. അതിനിടെ കഥാകൃത്ത് ഷനോജ് ചന്ദ്രനെക്കുറിച്ച് ഞാനയാളോട് പറഞ്ഞു. അയാൾ എവിടെയുണ്ട് ചേട്ടാ എന്ന് ചോദിച്ചു. നാലഞ്ചു കൊല്ലം മുമ്പ് ജോലിയുപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെന്നേ എനിക്കറിയുമായിരുന്നുള്ളു. കവിയും സുഹൃത്തുമായ എം. എസ്. ബനേഷ് പറഞ്ഞുള്ള അറിവാണ്. അത് പറഞ്ഞു.

തികച്ചും ടെക്നിക്കലായ ഡെസ്ക് ജോലിക്കിടെ ഒരു ജനുവരി 9 ന് യേശുദാസിന്റെ ജീവിതരേഖയുള്ള ഒരു കുഞ്ഞു ടി.വി സ്ക്രിപ്റ്റ് വോയ്സ് ഓവർ എടുക്കാനായി ഷനോജ് എനിക്ക് നീട്ടി.
പിറ്റേന്ന് യേശുദാസിന്റെ പിറന്നാളിന് ടെലികാസ്റ്റ് ചെയ്യാനുള്ളതാണ്.
വോയ്സ് ബൂത്തിലിരുന്ന് പതിവു പോലെ വായിച്ചു. കുഞ്ഞുകുഞ്ഞു വരികൾ. ഒരു മിനിറ്റിൽ പറഞ്ഞു തീർക്കാവുന്നതേയുള്ളൂ. പ്ലേ ചെയ്ത് കേട്ടപ്പോ വായിച്ചത് ശരിയായില്ലെന്ന് തോന്നി. വീണ്ടും വായിച്ച് ഓഡിയോ സേവ് ചെയ്ത് പേപ്പർ ഷനോജിന് തിരിച്ചു കൊടുക്കുമ്പോ "ആരെഴുതിയതാ" എന്ന് ചോദിച്ചു.
എന്തെങ്കിലും കുഴപ്പമുണ്ടോ ചേട്ടാ എന്നായിരുന്നു മറുചോദ്യം.
ഷനോജിന്റെ സ്ക്രിപ്റ്റാണോ - വീണ്ടും ഞാൻ.
അതെ എന്ന ഉത്തരത്തിൽ ഒരപരാധിയുടെ പരുങ്ങലുണ്ടായിരുന്നു.


" ഒറ്റ വായനയിൽ റെക്കോഡ് ചെയ്യാൻ പറ്റിയില്ല. വായിച്ചപ്പോ കണ്ണു നിറഞ്ഞു"
അന്ന് ക്യാന്റീനിലിരിക്കുമ്പോ അയാൾ പറഞ്ഞു.
"ചേട്ടാ, ഒന്നും തോന്നരുത്. കുറച്ചു ദിവസം മുമ്പ് നിങ്ങൾ പറഞ്ഞ ഷനോജില്ലേ - അത് ഞാനാണ് ! "
ഞാൻ ഞാൻ ഞാൻ എന്ന് പറഞ്ഞു മതിയാകാത്തവരെ മാത്രം കണ്ടു ശീലിച്ച എനിക്ക് അയാൾ പെട്ടെന്ന് ഒരപരിചിതനായി.
വാക്കുകളിൽ വൈദ്യുതിയുളള ആ മനുഷ്യൻ ആദ്യമായി എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്. ചലച്ചിത്ര അക്കാദമിയുടെ ഓഫീഷ്യൽ യുട്യൂബ് ചാനലിൽ ഇന്ന് വൈകിട്ട് 6 നാണ് റിലീസ്. ഇന്ദ്രൻസാണ് നായകൻ. കാണണം."

ജിനേഷ് വി.എസ്.  തിരക്കഥയും സംവിധാനവും നിർവഹിച്ച 'അകം', ഷനോജ് ആർ. ചന്ദ്രൻ തിരക്കഥയും സംവിധാനവും നിർവഹിച്ച 'ഒരു ബാർബറിൻ്റെ കഥ', ഫാ. ജോസ് പുതുശ്ശേരിയുടെ തിരക്കഥയിൽ ഫാ. ജേക്കബ് കൊരോത്ത്, ഫാ. ജെയിംസ് തൊട്ടിയിൽ എന്നിവർ സംവിധാനം ചെയ്ത 'ദാവീദ് & ഗോലിയാത്ത്', സന്തോഷ് കുമാർ തിരക്കഥയെഴുതി ദേവി പി. വി. സംവിധാനം ചെയ്ത 'കള്ളൻ്റെ ദൈവം' എന്നിവ ജൂലൈ 9 വൈകിട്ട് 6 മണിക്ക് റിലീസ് ചെയ്യും.
Published by: user_57
First published: July 9, 2021, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories