• HOME
  • »
  • NEWS
  • »
  • film
  • »
  • 'ജോൺ ആന്റ് മേരി ക്രിയേറ്റീവ്'; സിനിമാ നിർമാണ രംഗത്തേക്ക് കടന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ

'ജോൺ ആന്റ് മേരി ക്രിയേറ്റീവ്'; സിനിമാ നിർമാണ രംഗത്തേക്ക് കടന്ന് മുൻമന്ത്രി ഷിബു ബേബി ജോൺ

മാതാപിതാക്കളുടെ പേരാണ് നിർമാണ കമ്പനിക്ക് നൽകിയിരിക്കുന്നത്.

  • Share this:
    മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ സിനിമാ നിർമാണ രംഗത്തേക്ക്. 'ജോൺ ആന്റ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്'  (John and Mary Creative Pvt Ltd.)എന്ന പേരിലാണ് നിർമാണ കമ്പനി ആരംഭിച്ചിരിക്കുന്നത്. നട‌ൻ മോഹൻലാലാണ് (Mohanlal)ലോഗോ പ്രകാശനം ചെയ്തത്.

    മലയാളിയുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്ന് ഷിബു ബേജി ജോൺ പറയുന്നു. മാതാപിതാക്കളുടെ പേരാണ് നിർമാണ കമ്പനിക്ക് നൽകിയിരിക്കുന്നത്.

    ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

    ജീവിതവഴികളിൽ എന്നും എനിക്ക് മാർഗ്ഗദീപമായി നിന്നത് എന്റെ പപ്പാച്ചൻ ബേബി ജോണാണ്. 1963- ൽ പപ്പാച്ചൻ തുടങ്ങിവെച്ച കേരള സീ ഫുഡ്സ് എന്ന സമുദ്രോൽപ്പന്ന കയറ്റുമതിസ്ഥാപനത്തിൽ നിന്ന് കിങ്ങ്സ് ഗ്രൂപ്പെന്ന പേരിൽ വ്യവസായത്തിന്റെ പല വഴികളിലേക്ക് ഞങ്ങൾ നടന്നുകയറി. പപ്പാച്ചനിൽ നിന്നാർജ്ജിച്ച ആത്മവിശ്വാസത്തിന്റെ കരുത്തിൽ ഞാനിപ്പോൾ ചലച്ചിത്രനിർമാണരംഗത്തേക്ക് കടന്നു വരികയാണ്.

    John and Mary Creative Pvt Ltd. എന്നാണ് നിർമാണകമ്പിനിയുടെ പേര്. എന്റെ പപ്പായും മമ്മായുമാണ് ജോണും മേരിയും.

    രാഷ്ട്രീയപ്രവർത്തനത്തിന്റെയും വ്യാവസായത്തിന്റെയും തിരക്കുകൾക്കിടയിൽ പപ്പാച്ചൻ അമ്മ അന്നമ്മയുമൊന്നിച്ച് കണ്ടത് രണ്ടേ രണ്ട് സിനിമകൾ ! - ആദ്യമായി മികച്ച മലയാള സിനിമക്കുള്ള ദേശീയ പുരസ്കാരം നേടിയ ‘നീലക്കുയിലും’ ‘സി.ഐ.ഡി’യും. രണ്ട് സിനിമകളും കണ്ടതിന്റെ പിറ്റേ ദിവസം രാഷ്ട്രീയസമരത്തിന്റെ ഭാഗമായി പപ്പാച്ചൻ അറസ്റ്റ് ചെയ്യപ്പെട്ടു. അമ്മയെ സാന്ത്വനിപ്പിക്കാനുള്ള പപ്പാച്ചന്റെ സ്നേഹത്താലുള്ള 'അടവുനയ'മായിരുന്നു ആ സിനിമ കാണിക്കലുകൾ.
    കുടുംബസമേതം പപ്പാച്ചനുമൊന്നിച്ച് ഞാൻ കണ്ടത് ഒരേയൊരു സിനിമ. 1982-ൽ റിച്ചാർഡ് ആറ്റിൻബറോ സംവിധാനം ചെയ്ത ‘ഗാന്ധി’. എന്റെയോർമയിൽ ടെലിവിഷനിൽ ഒറ്റ സിനിമ മാത്രമേ അദ്ദേഹം മുഴുവനിരുന്ന് കണ്ടിട്ടുള്ളൂ- ‘കീരീടം’. കഥയിൽ മുഴുകിയായിരുന്നു അത് കണ്ടു തീർത്തത്.
    Also Read-ഒരു സിനിമയ്ക്ക് കീർത്തി സുരേഷ് വാങ്ങിയത് അമ്പരിപ്പിക്കുന്ന പ്രതിഫലം

    ചലച്ചിത്രനിർമാണരംഗത്തേക്ക് കടക്കുമ്പോൾ ഓർമയിൽ ഇതെല്ലാം ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു.

    സിനിമ എന്നും എന്നെ ഇഷ്ടപ്പെടുത്തിയിട്ടേയുള്ളൂ. കുട്ടിക്കാലത്ത് അമ്മയ്ക്കൊപ്പം സിനിമാകൊട്ടകയിൽ സിനിമാകാണാൻ തുടങ്ങിയതാണ്. അതിപ്പോഴും തുടരുന്നു. എന്ത് തിരക്കുകളുണ്ടായാലും നല്ല സിനിമകൾ വന്നാൽ ഇപ്പോഴും കാണാൻ മറക്കാറില്ല.

    John and Mary Creative- ന്റെ ലോഗോ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് പ്രകാശനം ചെയ്തു.

    നിങ്ങളുടെ കാഴ്ചാശീലങ്ങളിലേക്ക് ജീവിതഗന്ധിയായ നല്ല സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം
    Published by:Naseeba TC
    First published: