'ആ പാട്ടവൻ പത്മജയ്ക്ക് പാടിത്തരും' എന്ന് എം.ജി. രാധാകൃഷ്ണൻ; തന്റെ ആദ്യ ആരാധികയുടെ ഓർമ്മകളിൽ ജി. വേണുഗോപാൽ

G Venugopal recollects his fond memories about Padmaja Radhakrishnan | 'പത്മജ ചേച്ചിയായിരുന്നു എന്റെ ആദ്യത്തെ ഫാൻ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോൾ 'എക്കാലത്തേയും' എന്ന് ചേച്ചി തിരുത്തുമായിരുന്നു'. ഓർമ്മകളിൽ ജി. വേണുഗോപാൽ

News18 Malayalam | news18-malayalam
Updated: June 15, 2020, 8:39 AM IST
'ആ പാട്ടവൻ പത്മജയ്ക്ക് പാടിത്തരും' എന്ന് എം.ജി. രാധാകൃഷ്ണൻ; തന്റെ ആദ്യ ആരാധികയുടെ ഓർമ്മകളിൽ ജി. വേണുഗോപാൽ
പത്മജ രാധാകൃഷ്ണൻ വേണുഗോപാലിനൊപ്പം
  • Share this:
പന്ത്രണ്ടു വയസ്സുകാരൻ ജി. വേണുഗോപാലിന്റെ ആദ്യ ആരാധിക. അന്ന് സ്റ്റേജിൽ നിൽക്കുന്ന പാട്ടുകാരൻ കുട്ടിക്ക് നാലുവരി ഗാനം കുറിച്ച് കൊണ്ട് വന്ന് സംഭ്രമത്തോടെ പാടിപ്പിച്ച പത്മജ രാധാകൃഷ്ണനായിരുന്നു വേണുഗോപാലിന്റെ ആദ്യ ആരാധിക. പിന്നെ സ്വന്തം പത്മജ ചേച്ചിയായി മാറിയ പത്മജ രാധാകൃഷ്ണന്റെ ആകസ്മിക നിര്യാണത്തിൽ മനസ്സിനേറ്റ നോവ് വാക്കുകളിൽ പകർത്തി വേണുഗോപാൽ:

അനേക വർഷങ്ങൾക്ക് മുൻപ്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ, ആദ്യമായി ഒരു ഓർക്കസ്ട്രയോടൊപ്പം പാടുന്ന വേദിയിൽ, തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ, ഒരാരാധിക എന്നോട് സ്റ്റേജിൻ്റെ വശത്ത് നിന്ന് നടന്നു വന്ന് ഒരു പാട്ട് ഞങ്ങൾക്ക് വേണ്ടി പാടുമോ എന്ന് ചോദിച്ചു. ചെറിയ ഒരു തുണ്ട് കടലാസ്സിൽ മനോഹരമായ കൈപ്പടയിൽ 'പത്മജ ഗിരിജ' എന്നെഴുതിയതിന് താഴെ പാട്ടിൻ്റെ ആദ്യ വരിയുമുണ്ട്, "ചക്രവർത്തിനി / നിനക്ക് ഞാനെൻ്റെ ". കഷ്ടി നാല് വരി മാത്രമെനിക്കറിയാം.

Also read: BREAKING | സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു

സംശയത്തോടെ ആ തുണ്ട് പേപ്പറിലും ആൾക്കാരെയും നോക്കുമ്പോൾ സ്റ്റേജിനു് നേരെ മുന്നിൽ നടന്ന് വന്ന് സാക്ഷാൽ രാധാകൃഷ്ണൻ ചേട്ടൻ എന്ന എം.ജി. രാധാകൃഷ്ണൻ, 'ആ പാട്ടവൻ പത്മജയ്ക്ക് പാടിത്തരും' എന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ എന്റെ സംശയം പരിഭ്രമമായി. ആദ്യത്തെ സ്റ്റേജ്. കൂടെപ്പാടുന്നത് അക്കാലത്തെ അതിപ്രശസ്ത ഗായികയും എന്റെ ബന്ധുവുമായ ബേബി സുജാതയും. ഞാനാകെ ആറ് പാട്ടേ റിഹേഴ്സ് ചെയ്തിട്ടുള്ളൂ. രണ്ടും കൽപ്പിച്ച് ഭയത്തോടെ ഗാനത്തിൻ്റെ ആദ്യ നാലു വരികൾ പാടി അപ്പാടേ തെറ്റിക്കുന്നൊരു ഓർമ്മയും.

പത്മജ ചേച്ചിയായിരുന്നു എന്റെ ആദ്യത്തെ ഫാൻ എന്ന് ഞാൻ പിൽക്കാലത്ത് ചേച്ചിയോട് തമാശിക്കുമ്പോൾ 'എക്കാലത്തേയും' എന്ന് ചേച്ചി തിരുത്തുമായിരുന്നു. ആ ഗാനമേളയ്ക്ക് ശേഷം നടന്ന രാധാകൃഷ്ണണൻ ചേട്ടന്റെയും പത്മജച്ചേച്ചിയുടെയും കല്യാണത്തിന് ഞാനും ദൃക്സാക്ഷിയായിരുന്നു. അങ്ങനെ പത്മജ, രാധാകൃഷ്ണൻ ചേട്ടൻ്റെ പ്രിയപ്പെട്ട 'പപ്പ'യായിത്തീരുന്നു.

ആകാശവാണി ലളിതസംഗീത വേദിയിൽ നിന്ന് ചേട്ടൻ എന്നെ കൈപിടിച്ച് എൺപത്തിനാല് ജൂലൈയിൽ ഒരു സിനിമയിലെ ആദ്യ നാല് വരികൾ പാടിക്കുന്നു. കാലചക്രം തിരിഞ്ഞു കൊണ്ടേയിരുന്നു. 'മേടയിൽ' കുടുംബവുമായുള്ള എന്റെ ആത്മബന്ധം ഗാഢമായിക്കൊണ്ടുമിരുന്നു. രാധാകൃഷ്ണൻ ചേട്ടന്റെ അവസാന നാളുകളിൽ നടന്ന സംഗീത പരിപാടികളിലെല്ലാം എന്റെ സാന്നിധ്യം നിർബന്ധപൂർവ്വം വേണമെന്ന് ചേച്ചിയും ചേട്ടനും തീരുമാനിച്ചിരുന്നു. പാട്ടുകാരൻ എന്നതിലുപരി ഒരു സഹോദരനായിരുന്നു ഞാനവർക്ക്. ഒരു കൈത്താങ്ങ്.

Also read: പ്രേക്ഷകയായ പത്മജ കരഞ്ഞു; എം.ജി. രാധാകൃഷ്ണൻ മണിച്ചിത്രത്താഴിലെ ഗാനത്തിന്റെ ഈണം ഉറപ്പിച്ചു

സ്വന്തം രോഗങ്ങളെല്ലാം മറന്നുകൊണ്ട് പത്മജച്ചേച്ചി തിരുവനന്തപുരത്തെ സാംസ്ക്കാരിക സായാഹ്നങ്ങളുടെയൊക്കെ നിറസാന്നിധ്യമായി. ചേച്ചിയുടെ സംസാരങ്ങളിലെല്ലാം സിനിമയും, സംഗീതവും, നൃത്തവും മാത്രമായിരുന്നു ടോപ്പിക്കുകൾ. ഏതാനും മാസങ്ങൾക്ക് മുൻപ് തന്റെ ഇരട്ട സഹോദരിയായ ഗിരിജ മരിച്ചപ്പോൾ പത്മജച്ചേച്ചിയെ ആകെ പരിക്ഷീണയായി കണ്ടു. 'വേണു, എന്റെ ഒരു ചിറകൊടിഞ്ഞു' എന്ന് ചേച്ചി കണ്ണീർ വാർത്തു.

ഇക്കഴിഞ്ഞ ആഴ്ചകളിൽ പത്മജച്ചേച്ചി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ബുൾബുൾ, മൗത്ത് ഓർഗൻ എന്നീ ഉപകരണങ്ങൾ വായിക്കുന്ന പോസ്റ്റുകളാണ് ഇട്ടിരുന്നത്. തൽസമയം എന്റെ വാട്സപ്പിലേക്കും അതയച്ച് തരും. കൃത്യമായ അഭിപ്രായമറിയാൻ. അവസാന പോസ്റ്റ് ഇക്കഴിഞ്ഞ ജൂൺ പതിനൊന്നിനും, നാല്‌ ദിവസം മുൻപ്.

ഒരു രാവ് പുലരിയാകുമ്പോൾ ഈ മരണവാർത്ത എന്നെ നടുക്കുന്നു. ഇന്നത്തെ എന്റെയീ പുലരിയിൽ വേണ്ടപ്പെട്ട മറ്റൊരാൾ നിത്യനിദ്രയിലേക്ക് വഴുതി വീണിരിക്കുന്നു. ഈ കണ്ണീർ മഴ തോരില്ല പത്മജച്ചേച്ചീ.... ഈ നോവും കുറയില്ല.

First published: June 15, 2020, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading