• HOME
 • »
 • NEWS
 • »
 • film
 • »
 • ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വീണ്ടും മലയാളസിനിമയിൽ

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വീണ്ടും മലയാളസിനിമയിൽ

 • Last Updated :
 • Share this:
  മലയാള സനിമയുടെ അനശ്വര ഗാനരചയ്താവ് ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത സിനിമ ഗാനമാകുന്നു. 'ഫൈനൽസ്' എന്ന ചിത്രത്തിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വീണ്ടും എത്തുന്നത്. തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഹിറ്റ് ഗാനത്തിന് ഈണം നൽകിയ കൈലാസ് മേനോനാണ് ഗാനത്തിന് ഈണമിടുന്നത്.

  പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കൈലാസിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികളാണ് ഇപ്പോൾ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2007 ൽ ചെന്നൈയിൽ വച്ചായിരുന്നു ഇത്. അപ്രതീക്ഷിതമായി സംഭവിച്ച ആ കൂടിക്കാഴ്ചയിൽ അദ്ദേഹം എഴുതിയ വരികൾ പുതിയ ചിത്രത്തിലെ ഗാനരംഗങ്ങൾക്ക് യോജിച്ചവയായിരുന്നു.

  ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ എങ്ങനെ തന്റെ സിനിമയിൽ എത്തി എന്നതിനെ കുറിച്ച്കൈലാസ് മേനോൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാകുകയാണ്.

  പോസ്റ്റിന്റെ പൂർണ രൂപം

  ഫൈനൽസ്' എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഗാനമാവുന്നു.

  'മഞ്ഞു കാലം ദൂരെ മാഞ്ഞൂ...
  മിഴിനീർ സന്ധ്യ മറഞ്ഞു
  പകലിൻ മൗനം തേങ്ങലായി..
  പാർവണ യാമം സ്‌നേഹമായി'

  പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഗിരീഷേട്ടൻ എഴുതിയ വരികൾ ആണിത്. 2007'ൽ ചെന്നൈയിലെ പ്രശസ്തമായ ഈരാളി ഗസ്റ്റ് ഹൌസിൽ വച്ചാണ് ആദ്യമായി ഗിരീഷേട്ടനെ കാണുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളുടെ ഒരു കടുത്ത ആരാധകൻ എന്ന നിലയിലും സിനിമ സംഗീത ലോകത്തോട്ട് വരണം എന്ന് അതിയായി ആഗ്രഹിച്ചിരുന്ന ഒരാളെന്ന നിലയിലും അദ്ദേഹത്തെ ഒന്ന് കണ്ടു പരിചയപ്പെടുക എന്നത് വലിയൊരു ആഗ്രഹമായിരുന്നു. അങ്ങനെയിരിക്കെയാണ് ഏറ്റവും അടുത്ത സുഹൃത്തായ അജയ് കാച്ചപ്പള്ളിയുടെ അച്ഛൻ നിർമാതാവ് ഡേവിഡ് കാച്ചപ്പിള്ളി ഒരു സിനിമയുടെ ആവശ്യമായി ചെന്നൈയിൽ വരുന്നത്. ഡേവിഡ് അങ്കിളിനോട് കാര്യം അവതരിപ്പിച്ചപ്പോൾ വേഗം ഈരാളി ഗസ്റ് ഹൌസിലോട്ടു പോന്നോളാൻ പറഞ്ഞു.

  അങ്ങനെ അവിടെയെത്തി ഗിരീഷേട്ടനെ കണ്ടു പരിചയപ്പെട്ട് പതിനാറാം വയസ്സിൽ ചെയ്ത ആൽബത്തിലെ രണ്ടു പാട്ടുകളും കേൾപ്പിച്ചു, എന്നെങ്കിലും ഗിരീഷേട്ടനോപ്പം ഒരു പാട്ട് ചെയ്യണം എന്ന ആഗ്രഹമുണ്ട് എന്നും അറിയിച്ചു. നല്ല മൂഡിലായിരുന്നത് കൊണ്ടാണെന്നു തോന്നുന്നു അദ്ദേഹം പറഞ്ഞു നിന്റെ മനസ്സിൽ എന്തെങ്കിലും ഈണം ഉണ്ട്നെകിൽ പാടൂ, ഇപ്പോൾ തന്നെ എഴുതി തരാം എന്ന്. ഇപ്പോഴുള്ളതിനേക്കാൾ പാട്ടുണ്ടാക്കണം എന്ന ഹരം ഇരുപതാം വയസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് കയ്യിൽ നാലഞ്ചു ഈണം റെഡി ആയി തന്നെയുണ്ടായിരുന്നു. അതിൽ ഒരു ഈണം ചുമ്മാ മൂളി തുടങ്ങി. അദ്ദേഹം ഉടൻ തന്നെ ഒരു പേപ്പറും പേനയും എടുത്തു എന്തൊക്കെയോ കുത്തിക്കുറിക്കാനും തുടങ്ങി. പത്തു മിനിറ്റ് കൊണ്ട് ട്യൂൺ മൂളി കഴിഞ്ഞപ്പോൾ അദ്ദേഹം ആ പേപ്പറിൽ ഒരു ഒപ്പും ഇട്ട് വരികൾ എന്റെ കയ്യിലോട്ട് തന്നു. ഒരു വാക്കിലെ മീറ്ററിന് പോലും തെറ്റില്ലാതെ വളരെ അർത്ഥപൂർണ്ണമായ വരികൾ. അത്ഭുതപ്പെട്ടു പോയ നിമിഷമാണ് അത്. എന്നെകിലും ഇതൊരു സിനിമ ഗാനമാക്കും എന്ന ആഗ്രഹത്തോടെ ഗിരീഷേട്ടന്റെ അനുഗ്രഹവും വാങ്ങി ഇറങ്ങി.

  വർഷങ്ങൾ കഴിഞ്ഞു. സിനിമയിൽ കാര്യമായ അവസരങ്ങൾ ഒന്നും കിട്ടിയില്ല. കിട്ടിയ സിനിമകൾ ഒന്നും പല കാരണങ്ങളാൽ ഇറങ്ങിയില്ല. അഡ്വെർടൈസിങ് ജിംഗിൾസിൽ തിരക്കായി. അങ്ങനെ 11 വർഷം. ഒടുവിൽ 'തീവണ്ടി' ഇറങ്ങുന്നു. അതിന്റെ പേരിൽ നാലഞ്ചു സിനിമകൾ കിട്ടി. അതിൽ ഒന്നാണ് മണിയൻപിള്ള രാജു ചേട്ടൻ നിർമിച്ചു അരുൺ പി.ആർ സംവിധാനം ചെയ്യുന്ന രജീഷ വിജയൻ, സുരാജ് വെഞ്ഞാറന്മൂട്, നിരഞജ് രാജു എന്നിവർ അഭിനയിക്കുന്ന 'ഫൈനൽസ്' എന്ന ചിത്രം. 3 ഗാനങ്ങൾ ആയിരുന്നു ആദ്യം പറഞ്ഞിരുന്നത്. കഴിയാറായപ്പോൾ സംവിധായകൻ അരുൺ പറഞ്ഞു നമുക്കൊരു ഗാനം കൂടെ ചെയ്യണം. ഷൂട്ട് ചെയ്തു വന്നപ്പോൾ പ്രധാനപ്പെട്ട ഒരിടത്തു ഒരു പാട്ടു വന്നാൽ നന്നായിരിക്കുമെന്ന് തോന്നി എന്ന്. എഡിറ്റ് സ്യൂട്ടിൽ പോയി ആ ഭാഗം കണ്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് 12 വര്ഷം മുമ്പ് ഗിരീഷേട്ടൻ എഴുതിയ പാട്ടാണ്. വരികൾ എന്തോ വളരെ നന്നായി ചേരുന്ന പോലെ. റഫ് ആയി റെക്കോർഡ് ചെയ്തു അടുത്ത ദിവസം ഗാനവുമായി വീണ്ടും വന്നു സീൻസുമായി വച്ച് നോക്കി മുഴുവൻ കണ്ടു. 5 മിനിറ്റ് ഉള്ള ഗാനം തീരുമ്പോൾ സംവിധായകന്റെയും എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. 12 വർഷം മുമ്പ് ഗിരീഷേട്ടൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയ പോലെ അത്ര നന്നായി ചേരുന്നു. എഡിറ്റർ ജിത് പറയുന്നു 'ഇത് നിങ്ങൾ രണ്ടു പേരും കൂടെ പ്ലാൻ ചെയ്തു ചെയ്യുന്നതാണ് എന്നെ പറ്റിക്കാൻ' എന്ന്. അല്ലെങ്കിൽ എങ്ങനെ ഇത്ര മാച്ച് ആയി വരുമെന്നാണ് ജിത്തിന്റെ ചോദ്യം. ഫൈനൽസ് സിനിമ ഷൂട്ട് തുടങ്ങിയത് മുതൽ എന്തൊക്കെയോ മാജിക് സംഭവിക്കുന്നുണ്ടെന്ന് അരുൺ എപ്പോഴും പറയുമായിരുന്നെങ്കിലും എനിക്ക് അങ്ങനൊരു അനുഭവം ആദ്യമായിരുന്നു. മണിയൻപിള്ള രാജു ചേട്ടനും പാട്ട് കണ്ടപ്പോൾ ഒരുപാട് ഇഷ്ടമായി.

  ഗിരീഷേട്ടന്റെ മകൻ ജിതിൻ പുത്തഞ്ചേരിയുമായുള്ള അടുപ്പത്തിൽ ഗിരീഷേട്ടന്റെ ഭാര്യയോട് ഈ കാര്യം നേരിട്ട് പറയണം, അനുവാദം വാങ്ങണം എന്ന് ആവശ്യപ്പെട്ടു. അന്ന് തന്നെ അമ്മയുമായി ഫോണിൽ സംസാരിച്ചു, പാട്ട് അയച്ചു കൊടുത്തു. കേട്ട് കഴിഞ്ഞു അമ്മ വിളിച്ചു ഒരുപാട് സന്തോഷത്തോടെ വർഷങ്ങൾ കഴിഞ്ഞു അദ്ദേഹത്തിന്റെ പാട്ട് വീണ്ടും ഒരു സിനിമയിൽ വരുന്നതിൽ അമ്മയ്ക്ക് സന്തോഷമേ ഉള്ളു എന്ന് പറഞ്ഞു. അങ്ങനെ ആ വരികൾ ഫൈനൽസ് എന്ന സിനിമയിൽ ഉപയോഗിക്കാൻ തീരുമാനമായി.

  ഒരുപാട് സന്തോഷത്തോടെയാണ് ഈ വിവരം പങ്ക് വയ്‌ക്കുന്നത്‌. ശ്രീനിവാസ് എന്ന ഗായകന്റെ ഭാവപൂര്ണമായ ആലാപനത്തിൽ 'മഞ്ഞു കാലം ദൂരെ മാഞ്ഞു' എന്ന ഗാനം ഒരുപാട് വൈകാതെ നിങ്ങള്ക്ക് മുമ്പിൽ എത്തും. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഉറപ്പുണ്ട്. ഇഷ്ടപ്പെടാതിരിക്കാനാവില്ല ആ മനോഹരമായ വരികൾ...

  നന്ദി,
  കൈലാസ് മേനോൻ   
  First published: