നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Happy Birthday Amitabh Bachchan | അമിതാഭ് ബച്ചന് ജന്മദിനാശംസകൾ: വേഷപ്പകർച്ചയിലൂടെ കാണികളെ അത്ഭുതപ്പെടുത്തിയ നടനവിസ്മയം

  Happy Birthday Amitabh Bachchan | അമിതാഭ് ബച്ചന് ജന്മദിനാശംസകൾ: വേഷപ്പകർച്ചയിലൂടെ കാണികളെ അത്ഭുതപ്പെടുത്തിയ നടനവിസ്മയം

  1999-ൽ കടത്തിൽ മുങ്ങി വലിയൊരു പതനത്തിലേക്ക് ചെന്നുപെടേണ്ടി വന്ന സാഹചര്യവും താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

  News18

  News18

  • Share this:
   ബോളിവുഡിലെ മെഗാസ്റ്റാർ അമിതാഭ് ബച്ചന് ഇന്ന് ഒക്ടോബർ 11, തിങ്കളാഴ്ച 79 വയസ് തികയുന്നു. 1969-ൽ 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് കടന്നുവന്ന ബച്ചൻ 50 വർഷത്തിലേറെ നീണ്ടുനിന്ന ശോഭനമായ തന്റെ കരിയറിൽ ബോളിവുഡിന്റെ ചക്രവർത്തിയായി വാഴ്ത്തപ്പെട്ടു. അമിതാഭ് ബച്ചനെ ആരാധകർ സ്നേഹപൂർവ്വം 'സ്റ്റാർ ഓഫ് ദി മില്ലേനിയം' എന്നും വിശേഷിപ്പിക്കാറുണ്ട്.

   എത്രയോ വർഷക്കാലം ആരാധകർ അദ്ദേഹത്തിന്റെ സിനിമ കാണാൻ തീയേറ്ററുകളിലേക്ക് ഇരച്ചുകയറി. അദ്ദേഹത്തെ നേരിട്ട് ഒരു നോക്കു കാണാൻ ഞായറാഴ്ചകളിൽ അദ്ദേഹത്തിന്റെ വസതിയ്ക്ക് പുറത്ത് കാത്തുനിന്നവരും അനേകം. കോവിഡ് മഹാമാരി മൂലം തീയേറ്ററുകൾ അടച്ചുപൂട്ടിയപ്പോഴും ആൾക്കൂട്ടങ്ങൾ നിരോധിക്കപ്പെട്ടപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെയും ടെലിവിഷൻ പരിപാടിയായ 'കോൻ ബനേഗാ കരോർപ്പതി'യിലൂടെയും ബച്ചൻ ലക്ഷക്കണക്കിന് വരുന്ന ആരാധകരുമായി ബന്ധം കാത്തുസൂക്ഷിച്ചു.

   ഇന്ത്യയിലെ ഈ അതുല്യനടന്റെ ജീവിതം ഉയർച്ചകൾ മാത്രം നിറഞ്ഞതായിരുന്നില്ല. 1999-ൽ കടത്തിൽ മുങ്ങി വലിയൊരു പതനത്തിലേക്ക് ചെന്നുപെടേണ്ടി വന്ന സാഹചര്യവും താരത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് (എ ബി സി എൽ) എന്ന തന്റെ എന്റർടെയിന്മെന്റ് കമ്പനിയുടെ പരാജയം മൂലം 90 കോടി രൂപയുടെ വൻ കടക്കെണിയിലേക്കാണ് ബോളിവുഡിന്റെ ബിഗ് ബി വന്നുവീണത്. ആ സാഹചര്യത്തിൽ തന്റെ അയൽക്കാരനും ബോളിവുഡിലെ താര സംവിധായകനുമായിരുന്ന യാഷ് ചോപ്രയോട് അവസരം ചോദിക്കേണ്ടി വന്നതായി ബച്ചൻ തന്നെ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണ് അദ്ദേഹം 'മൊഹബത്തീൻ' എന്ന ചിത്രത്തിൽ അഭിനയിക്കുന്നതും അതിലൂടെ തന്റെ കരിയർ വീണ്ടെടുക്കുകയും ചെയ്തത്. 'കോൻ ബനേഗാ കരോർപ്പതി' എന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയും പിന്നീട് അദ്ദേഹത്തിന്റെ കരിയറിൽ നിർണായകമായി മാറി.

   തന്റെ അഭിനയജീവിതത്തിന്റെ ആദ്യപകുതിയിൽ നിരൂപകശ്രദ്ധ നേടിയതും വാണിജ്യവിജയം നേടിയതുമായ നിരവധി ചലച്ചിത്രങ്ങളിൽ അമിതാഭ് ബച്ചൻ വേഷമിട്ടു. 'ആംഗ്രി യങ് മാൻ' എന്ന പരിവേഷത്തോടെ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ കൈയൊപ്പ് ചാർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ, കരിയറിന്റെ രണ്ടാം പകുതിയിൽ മുമ്പില്ലാത്തവിധം പരീക്ഷണങ്ങൾക്ക് തയ്യാറായ ബച്ചനെയാണ് നമ്മൾ കണ്ടത്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം തന്നിലെ നടനിലെ ഇനിയും കണ്ടെത്താതെ പോയ സാദ്ധ്യതകൾ വെളിച്ചത്തു കൊണ്ടുവന്നു. ഇടയ്ക്കൊക്കെ പരാജയങ്ങൾ നുണയേണ്ടി വന്നിട്ടുണ്ടെങ്കിലും വ്യത്യസ്തതകൾ തേടിയുള്ള യാത്ര അദ്ദേഹം തുടർന്നു.

   സഞ്ജയ് ലീല ബൻസാലിയുടെ 'ബ്ലാക്കിൽ' ബധിരയും അന്ധയുമായ ഒരു വിദ്യാർത്ഥിനിയുടെ കർക്കശക്കാരനായ അധ്യാപകനായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. രാം ഗോപാൽ വർമ സംവിധാനം ചെയ്ത 'സർക്കാരി'ൽ ക്രൂരനായ ഒരു ഗ്യാങ്സ്റ്ററുടെ വേഷത്തിലൂടെ അദ്ദേഹം കാണികളെ അതിശയിപ്പിച്ചു. ആർ ബൽക്കിയുടെ 'ചീനി കം'മിൽ തന്നെക്കാൾ മുപ്പത് വയസ് കുറവ് പ്രായമുള്ള പെൺകുട്ടിയോട് പ്രണയം തോന്നുന്ന വ്യക്തിയായും ഷൂജിത്ത് സർക്കാരിന്റെ 'പിക്കു'വിൽ മലബന്ധം മൂലം പ്രയാസമനുഭവിക്കുന്ന വയോധികനായും അദ്ദേഹം നമ്മളെ വിസ്മയിപ്പിച്ചു. ഒരേ തരത്തിലുള്ള വേഷങ്ങൾ അദ്ദേഹം ആവർത്തിച്ചിട്ടേയില്ല. തന്റെ അഭിനയമികവിന്റെ വ്യത്യസ്ത ഭാവങ്ങൾ ആവിഷ്കരിച്ചുകൊണ്ട് 'പാ', 'പിങ്ക്', 'വസീർ', 'ബദ്‌ല' തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു.

   അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ റിലീസ് കാത്തിരിക്കുകയാണ്. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തുന്ന അയൻ മുഖർജിയുടെ 'ബ്രഹ്മാസ്ത്ര' വൈകാതെ പുറത്തിറങ്ങും. വികാസ് ബാഹ്ലിന്റെ 'ഗുഡ്ബൈ'യുടെ ഷൂട്ടിങ് അടുത്തിടെയാണ് അവസാനിച്ചത്. അജയ് ദേവ്ഗണിന്റെ ആദ്യ സംവിധാന സംരംഭമായ 'മെയ്ഡേ'യിലും ബച്ചൻ വേഷമിടുന്നുണ്ട്. പ്രഭാസിനും ദീപിക പദുകോണിനുമൊപ്പം 'പ്രോജക്റ്റ് കെ' എന്ന ചിത്രത്തിൽ വേഷമിടുന്നതായി ബിഗ് ബി ആരാധകരെ അറിയിച്ചിരുന്നു. ഇത് കൂടാതെ ഹോളിവുഡ് താരങ്ങളായ റോബർട്ട് ഡി നീറോയും ആൻ ഹാത്തെവേയും അഭിനയിച്ച നാൻസി മേയേഴ്സ് ചിത്രം 'ദി ഇന്റേണി'ന്റെ ഹിന്ദി റീമേയ്ക്കിൽ ദീപിക പദുകോണിനൊപ്പം അമിതാഭ് ബച്ചൻ വേഷമിടും. ഋഷി കപൂർ അഭിനയിക്കേണ്ടിയിരുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നാണ് ബച്ചൻ എത്തുന്നത്.
   Published by:Sarath Mohanan
   First published:
   )}