ബോളിവുഡിലെ (Bollywood) ബാദ്ഷാ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാന് (Sharukh Khan) ഇന്ന് പിറന്നാൾ. ബോളിവുഡ് കിംഗ്, കിംഗ് ഖാൻ (King Khan) എന്നിങ്ങനെ അറിയപ്പെടുന്ന ആരാധകരുടെ സ്വന്തം എസ്ആർകെ (SRK) 1989 ൽ പുറത്തിറങ്ങിയ ഫൗജി എന്ന സീരിയലിൽ അഭിനയിച്ച് ടെലിവിഷനിലൂടെയാണ് കലാരംഗത്തെ തന്റെ അരങ്ങേറ്റം കുറിച്ചത്.
1992 ൽ പുറത്തിറങ്ങിയ ദീവാന എന്ന സിനിമാണ് ഷാരൂഖിനെ വെള്ളിത്തിരയിൽ എത്തിച്ചത്. ബോളിവുഡിലെ ഏറ്റവും മികച്ച റൊമാന്റിക് നായകന്മാരിൽ ഒരാളായാണ് ഷാരൂഖ് അറിയപ്പെടുന്നത്. ബോളിവുഡ് സുന്ദരികളായ കാജോൾ, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, ജൂഹി ചൗള, ദീപിക പദുക്കോൺ, ആലിയ ഭട്ട്, സുസ്മിത സെൻ, കരീന കപൂർ, ഐശ്വര്യ റായ് ബച്ചൻ തുടങ്ങിയ നായികമാർക്കൊപ്പം അഭിനയിച്ച് നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകൾ ഷാരൂഖ് ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്.
തന്റെ തനതായ അഭിനയശൈലി കൊണ്ട് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ഷാരൂഖിന് നിരവധി ആരാധകരുണ്ട്. ഷാരൂഖിന്റെ റൊമാന്റിക് സിനിമകൾക്കാണ് ആരാധകർ ഏറെയുള്ളത്. അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്ന് നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഷാരൂഖ് ഖാന്റെ അഞ്ച് റൊമാന്റിക് സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.
ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ (DILWALE DULHANIA LE JAYENGE)
1995 ൽ പുറത്തിറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ ഷാരൂഖ് - കാജോൾ പ്രണയജോഡികൾ തകർത്ത് അഭിനയിച്ച സിനിമയാണ്. ഷാരൂഖിന്റെ കരിയറിലെ ഏറ്റവും മികച്ച റൊമാന്റിക് ഹിറ്റാണ് ഈ സിനിമ. രാജ്, സിമ്രാൻ എന്നീ കഥാപാത്രങ്ങൾ ഇന്നും ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളാണ്. സിനിമയിൽ, രാജ് സിമ്രാനുമായി പ്രണയത്തിലാകുന്നു, പക്ഷേ സിമ്രാന്റെ പിതാവ് അവളെ തന്റെ സുഹൃത്തിന്റെ മകനുമായി വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുന്നു. രാജ് എങ്ങനെ സിമ്രാന്റെ കുടുംബാംഗങ്ങളുടെ ഹൃദയം കീഴടക്കുന്നുവെന്നും ഒടുവിൽ സിമ്രാനുമായുള്ള വിവാഹത്തിന് അവരെ എങ്ങനെ സമ്മതിപ്പിക്കുന്നുവെന്നും അടങ്ങുന്നതാണ് ചിത്രത്തിന്റെ കഥ.
ദിൽ തോ പാഗൽ ഹേ (DIL TO PAGAL HAI)
യാഷ് ചോപ്ര സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഷാരൂഖ്, മാധുരി ദീക്ഷിത്, കരിഷ്മ കപൂർ, അക്ഷയ് കുമാർ എന്നിവർ അഭിനയിച്ച ദിൽ തോ പാഗൽ ഹേ. ഒരു ഡാൻസ് പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നതിനിടെ ഷാരൂഖ് ഖാനും മാധുരിയും തമ്മിൽ പ്രണയത്തിലാകുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. മറുവശത്ത്, കരിഷ്മയ്ക്ക് തന്റെ ഉറ്റ സുഹൃത്തായ ഷാരൂഖിനോട് തോന്നുന്ന പ്രണയവും സിനിമയിൽ കാണിക്കുന്നു. ഷാരൂഖ് അഭിനയിച്ചിട്ടുള്ള നിരവധി ത്രികോണ പ്രണയ സിനിമകളിൽ ഒന്നാണിതും. ഈ സിനിമ മികച്ച നൃത്ത രംഗങ്ങൾ കൊണ്ടും റൊമാന്റിക് ഗാനങ്ങൾ കൊണ്ടും വളരെ പ്രശസ്തമാണ്.
കുച്ച് കുച്ച് ഹോത്താ ഹേ (KUCH KUCH HOTA HAI)
കരൺ ജോഹർ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1998 ൽ പുറത്തിറങ്ങിയ സിനിമയാണ് കുച്ച് കുച്ച് ഹോത്താ ഹേ. ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി, സൽമാൻ ഖാൻ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. സിനിമയുടെ ആദ്യ പകുതിയിൽ ഷാരൂഖ്, കജോൾ, റാണി മുഖർജി എന്നിവരെയും അവരുടെ കോളേജ് കാലത്തെ പ്രണയവും കാണിക്കുന്നു. രണ്ടാം പകുതിയിൽ ഷാരൂഖിന്റെ മകൾ തന്റെ പിതാവിനെ തന്റെ പഴയ സുഹൃത്ത് കാജോളുമായി ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.
ദിൽ സേ (DIL SE)
മണിരത്‌നം സംവിധാനം ചെയ്ത ദിൽ സേയിൽ ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെയാണ് പ്രീതി സിന്റ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. 1999 ൽ രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾക്കൊപ്പം മറ്റ് നിരവധി അംഗീകാരങ്ങളും ഈ ചിത്രം നേടിയിരുന്നു. എ ആർ റഹ്മാൻ ആണ് സിനിമയിൽ സംഗീത സംവിധാനും നിർവ്വഹിച്ചിരിക്കുന്നത്.
ദേവദാസ് (DEVDAS)
1917ൽ ശരത് ചന്ദ്ര ചതോപാധ്യായ പ്രസിദ്ധീകരിച്ച ദേവദാസ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ പുറത്തിറക്കിയിരിക്കുന്നത്. 2002ലാണ് ചിത്രം പുറത്തിറങ്ങിയത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ ദേവദാസ് എന്ന ടൈറ്റിൽ റോളിലാണ് അഭിനയിച്ചത്. ഐശ്വര്യ റായ് ബച്ചൻ ദേവദാസിന്റെ ബാല്യകാല പ്രണയിനിയായ പാരോ ആയും മാധുരി ദീക്ഷിത് ചന്ദ്രമുഖി എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ചുന്നി ബാബുവായി ജാക്കി ഷ്റോഫും അഭിനയിച്ചിരുന്നു.
മുകളിൽ പറഞ്ഞ 5 സിനിമകൾ കൂടാതെ, ഷാരൂഖ് ഖാനെ ബോളിവുഡിലെ ബാദ്‌ഷാ ആക്കി മാറ്റിയ മറ്റ് ചില സിനിമകൾ ചക് ദേ! ഇന്ത്യ, ബാസിഗർ, ദർ, മൈ നെയിം ഈസ് ഖാൻ, ബാദ്‌ഷാ, മൊഹബത്തേൻ, അഞ്ജാം, കൊയ്‌ല, കരൺ അർജുൻ, ഡോൺ, ഡോൺ 2, ചെന്നൈ എക്‌സ്‌പ്രസ്, ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, പഹേലി, ഫറാ ഖാൻ ആദ്യമായി സംവിധാനം ചെയ്ത മെയ് ഹൂ നാ എന്നീ ചിത്രങ്ങളാണ്.
ഷാരൂഖിനെക്കുറിച്ച് എടുത്തുപറയേണ്ട മറ്റൊരു കാര്യം സഹ കലാകാരന്മാരുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദമാണ്. ഏറ്റവും പ്രയാസകരമായ സമയങ്ങളിൽ സുഹൃത്തുക്കൾക്കൊപ്പം നിന്ന വിശ്വസ്തനായ സുഹൃത്തായാണ് താരം അറിയപ്പെടുന്നത്.
കഴിഞ്ഞ വർഷം ഷാരൂഖ് ഖാന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ബുർജ് ഖലീഫ പ്രകാശപൂരിതമായിരുന്നു. കിംഗ് ഖാന്റെ പിറന്നാൾ രാവിൽ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ ബുർജ് ഖലീഫ തിളങ്ങി. താരത്തിൻറെ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, ഡോൺ, രാവൺ തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ബുർജ് ഖലീഫയിൽ പിറന്നാൾ ആശംസ സന്ദേശം തെളിഞ്ഞത്. കഴിഞ്ഞ വർഷം താരത്തിന്റെ 55-ാം പിറന്നാൾ ദിവസം 5,555 കോവിഡ‍് കിറ്റുകളും ഫാൻസ് വിതരണം ചെയ്തിരുന്നു. മാസ്ക്, സാനിറ്റൈസർ, ഭക്ഷണം എന്നിവ അടങ്ങിയതായിരുന്നു കിറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Shah Rukh Khan