സുഹൃത്തുക്കൾ, സംവിധായകനും തിരക്കഥാകൃത്തും, സംവിധായകനും നടനും എന്നിങ്ങനെ പല തരത്തിൽ വായിക്കാൻ കഴിയുന്ന ബന്ധമാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും തമ്മിൽ. മലയാളത്തിന് ഇന്നും കണ്ടാൽ മടുപ്പുണ്ടാവാത്ത ഒരുപിടി എവർഗ്രീൻ ഹിറ്റുകളാണ് ഇവർ ചേർന്നൊരു സിനിമയുണ്ടാക്കാൻ തീരുമാനിച്ചപ്പോൾ ഒക്കെ സംഭവിച്ചിട്ടുള്ളത്.
എന്നാൽ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ കഴിഞ്ഞ്, ഇവർ ഒന്നിക്കാൻ 16 വർഷങ്ങളുടെ ഇടവേളയുണ്ടായി. 'ഞാൻ പ്രകാശനും' പതിവ് തെറ്റിച്ചില്ല. ഇന്ന് ശ്രീനിവാസന്റെ ജന്മദിനമാണ്. 'ഞാൻ പ്രകാശൻ' റിലീസ് വേളയിൽ ന്യൂസ് 18 മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സത്യൻ അന്തിക്കാട് പ്രിയ സുഹൃത്തിനെക്കുറിച്ചു പറഞ്ഞ വാക്കുകൾ ഇതാ.
"പതിനാറു വർഷത്തെ ഇടവേള എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾക്ക് രണ്ടാൾക്കും തന്നെയറിയില്ല. ആ സമയത്ത് ശ്രീനിവാസൻ വേറെ തിരക്കിലായി. ഞാൻ അന്ന് ലോഹിതദാസിനൊപ്പം ഉണ്ടായിരുന്നു. ലോഹിതദാസ് എഴുതാൻ തുടങ്ങി. പിന്നെ ഞാൻ ചെല്ലുമ്പോഴേക്കും ശ്രീനിവാസൻ വേറേതെങ്കിലും സിനിമയിലാവും. ആദ്യം, കുറേക്കാലം ഒന്നിച്ചു വർക്ക് ചെയ്തശേഷം മനപ്പൂർവം ഒന്ന് മാറി നിൽക്കാമെന്ന് തീരുമാനിച്ചതാണ്. ശ്രീനിയന്ന് ഉദയനാണ് താരത്തിലേക്ക് കടന്നിരുന്നു. ആ സമയത്ത് ഞാനും ലോഹിതദാസും കൂടിയുള്ള പടങ്ങൾ ചെയ്യാൻ തുടങ്ങി. ശ്രീനി തിരക്കിലാവുമ്പോൾ ശല്യം ചെയ്യാൻ നിൽക്കില്ല,"
അവസാനം ഞാൻ തന്നെ വിനോദയാത്രക്ക് സ്ക്രിപ്റ്റ് എഴുതി. രസതന്ത്രവും, ഭാഗ്യദേവതയും അങ്ങനെ ഞാൻ തന്നെ എഴുതേണ്ടി വന്നു. അങ്ങനെ അഞ്ചാറു പടങ്ങൾ. വിനോദയാത്രക്ക് അവാർഡും കിട്ടി, ഓടുകയും ചെയ്തു. രസതന്ത്രവും വിജയിച്ചു. പിന്നെ, ഇത് വലിയൊരു ഭാരമാണ്. വേറൊരു എഴുത്തുകാരന്റെയും കൂടി സംഭാവനയും വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. 'നിങ്ങൾ ഫ്രീ ആവുമ്പൊ വാ, നമുക്ക് ഒന്നിച്ചു വർക്ക് ചെയ്യാമെന്ന്' ഞാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം, അടുത്ത പടം ഒന്നിച്ചു ചെയ്യാമെന്ന് ശ്രീനി പറഞ്ഞു. ആദ്യം ഞങ്ങൾ ഒരു സോഷ്യൽ, പൊളിറ്റിക്കൽ സറ്റയർ ആലോചിച്ചിരുന്നു. വരവേൽപ്പിനു ലഭിച്ചൊരു സ്വീകാര്യതയുണ്ടല്ലോ. പെട്ടെന്നാണീ കഥ കയറിവന്നത്. സരസമായ, കുടുംബങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഷയമെന്ന രീതിയിൽ, രാഷ്ട്രീയം വിട്ടിട്ട് ഇങ്ങനെയൊരു സിനിമയിൽ വരികയായിരുന്നു."
"ശ്രീനി എഴുത്ത് കച്ചവടമായി കരുതുന്നയാളല്ല. ഇപ്പോഴും 'ഞാൻ തിരക്കഥയെഴുതിയാൽ ശരിയാവുമോ?' എന്ന് സംശയം പ്രകടിപ്പിക്കാറുണ്ട്. ശരിക്കു പറഞ്ഞാൽ പത്മരാജൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പച്ചയായ ജീവിതത്തിൽ സ്പർശിച്ചു കഥയെഴുതുന്നയാളാണ് ശ്രീനിവാസൻ. എന്നും അപ്-ടു-ഡെയ്റ്റാണ്, സാമൂഹിക നിരീക്ഷണവും പത്രവായനയും ഉണ്ട്. എന്നെക്കാൾ കൂടുതൽ, ആഴത്തിൽ വായനാശീലമുള്ളയാളാണ്. വാരിവലിച്ച് പടങ്ങൾ ചെയ്യുന്നയാളല്ല. ഒരു സീനിനെ, അല്ലെങ്കിൽ സീക്വൻസിനെ വേറൊരു എഴുത്തുകാരൻ കാണുന്നതും, ശ്രീനിവാസൻ കാണുന്നതും രണ്ടു വിധത്തിലാണ്. ഉദാഹരണത്തിന് ഒരു പ്രണയ രംഗം, ഒരു പെൺകുട്ടിയോട് പ്രണയം അവതരിപ്പിക്കുന്നത് പല എഴുത്തുകാർക്കും പല രീതിയിൽ പറയാം. ശ്രീനിവാസന്റെ രീതിയിൽ അതിൻറെ തുടക്കവും മറ്റും തികച്ചും വ്യത്യസ്തമാകും. അത് ശ്രീനിവാസന്റെ ചിന്തയിൽ ഉണ്ടാവുന്നതാണ്."
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actor sreenivasan, Sathyan anthikkad, Sreenivasan, Sreenivasan films