HOME » NEWS » Film » HAVE YOU EVER WONDERED WHO DID THE CAMERA WORK FOR THIS FILM AFTER SEEING THENMAVIN KOMBATH

തേൻമാവിൻ കൊമ്പത്ത്' കണ്ടു കഴിഞ്ഞ് 'ഈ സിനിമയുടെ ക്യാമറ ചെയ്തത് ആരായിരിക്കും' എന്ന് ചിന്തിച്ചിട്ടുണ്ടോ?

ആ ചിത്രത്തിലെ ഒരു സീനാണ് ജൂറിയെ ആകർഷിച്ചത്. ഗ്രാമത്തിലേക്ക് അവരെത്തുമ്പോൾ ആ സ്ഥലത്തിന്റെ പേരെഴുതി വച്ചിരിക്കുന്ന തടിപ്പലക ബോർഡിലെ ഒരു സുഷിരത്തിൽ കൂടി സൂം ഇൻ ചെയ്തു വിശാലമായ ആ ലാൻഡ്സ്കേപ്പിലേക്കു പോകുന്ന ഒരു രംഗത്തിനായിരുന്നു മികച്ച മാർക്ക് ജൂറി കൊടുത്തതത്രെ.

News18 Malayalam | news18
Updated: April 30, 2021, 1:50 PM IST
തേൻമാവിൻ കൊമ്പത്ത്' കണ്ടു കഴിഞ്ഞ് 'ഈ സിനിമയുടെ ക്യാമറ ചെയ്തത് ആരായിരിക്കും' എന്ന് ചിന്തിച്ചിട്ടുണ്ടോ?
തേൻമാവിൻ കൊമ്പത്ത്
  • News18
  • Last Updated: April 30, 2021, 1:50 PM IST
  • Share this:
#സനൂജ് സുശീലൻ

മലയാള സിനിമയിലെ വിരസമായ ഗാനരംഗങ്ങൾ ഉടച്ചുവാർത്ത ആദ്യ സംവിധായകനാണ് പ്രിയദർശൻ. വരികളുടെ വാചികാർത്ഥം അതേപടി ഭാവങ്ങളിലൂടെ അവതരിപ്പിക്കുന്ന സ്ഥിരം പാട്ടു രംഗങ്ങളിൽ നിന്ന് അതെല്ലാം മാറ്റി തികച്ചും പുതിയ ഒരു ദൃശ്യഭാഷ കൊണ്ടുവന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ആ സിനിമയിലാണ് ആനന്ദ് എന്ന പേര് ആദ്യമായി കണ്ടത്.

ക്ലാസിക് പെയിന്റിങ്ങുകൾ പോലെ അതിമനോഹരമായ ഫ്രയിമുകൾ. കണ്ണ് കുളിർക്കുന്ന നിറങ്ങളുടെ അതിമനോഹരമായ സമ്മേളനം. ചുവപ്പു നിറത്തിന്റെ അതുവരെ കണ്ടിട്ടില്ലാത്ത പല ഷേഡുകളും നിറഞ്ഞു നിൽക്കുന്ന സിനിമ അങ്ങനെ ഒറ്റനോട്ടത്തിൽ തന്നെ അതിശയിപ്പിക്കുന്ന ഒരു മേന്മ ആ സിനിമയിലെ രംഗങ്ങൾക്കുണ്ടായിരുന്നു.

'പ്രിയപ്പെട്ട ആനന്ദിന്റെ വിയോഗം കേട്ട് ഞെട്ടിപ്പോയി' - ആനന്ദിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രിയദർശൻ

അല്പം വൈൽഡ് ആയ ചുവപ്പു നിറം പോലും തമാശ രംഗങ്ങളിലും ഗാന രംഗങ്ങളിലും വേണമെങ്കിലും ഉപയോഗിക്കാം എന്ന് ആദ്യമായി കാണിച്ചു കൊടുത്ത ചിത്രമായിരുന്നു അത്. ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഒന്നുമില്ലാത്ത അക്കാലത്തു പോലും ആ സിനിമ വാർത്ത സൃഷ്ടിച്ചു. തൊട്ടടുത്ത മാസം ഇറങ്ങിയ ഒരു മാസികയിൽ ആ ചിത്രത്തിന്റെ സംവിധായകനായ പ്രിയദർശനുമായി ഒരു അഭിമുഖം ഉണ്ടായിരുന്നു.

KV Anand Passes Away | സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു; ഓർമയാകുന്നത് തേന്മാവിൻ കൊമ്പത്തിന്റെ ക്യാമറാമാൻ

നാടോടിക്കഥകളിൽ കേട്ടിട്ടുള്ള തരം ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരു നുണക്കഥ പറഞ്ഞു ഫലിപ്പിക്കാൻ പല ട്രിക്കുകളും ഉപയോഗിച്ചതിനെപ്പറ്റി രസകരമായി അദ്ദേഹം അതിൽ വിവരിച്ചു. ചാക്കിലും കാൻവാസിലും സാബു സിറിൽ നിർമിച്ച കാളവണ്ടികളും കുടിലുകളും അവിടെ ലോക്കലായി നിർമിക്കുന്ന മൺകുടങ്ങളും തുടങ്ങി പരസ്പരം ചേരാത്ത ഒരുപാട് അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് ആ സിനിമ അവർ രൂപപ്പെടുത്തിയെടുത്തത്.

എന്തിന് രാജസ്ഥാനിലെ നാടോടി സ്ത്രീകൾ ഉപയോഗിക്കുന്ന വേഷം വരെ നായികക്ക് കൊടുത്ത് ഒരു ദക്ഷിണേന്ത്യൻ ഗ്രാമത്തിൽ ഇണക്കി ചേർക്കാനും അവർക്കു സാധിച്ചു. പൊള്ളാച്ചിയിലെ വരണ്ടുണങ്ങിയ ഗ്രാമങ്ങളിലാണ് അതിലെ പല സീനുകളും ഷൂട്ട് ചെയ്തിരിക്കുന്നതെന്നത് അന്നത്തെ പ്രശസ്ത ഛായാഗ്രാഹകരെയും സംവിധായകരെയും അത്ഭുതപ്പെടുത്തി. അത്രയ്ക്കും മനോഹരമായിരുന്നു കെ വി ആനന്ദ് എന്ന പുതുമുഖ ഛായാഗ്രാഹകൻ ആ ചിത്രത്തിൽ ഒരുക്കിവച്ച കാഴ്ചകൾ.

സ്വാഭാവികമായും അതിനുശേഷം വന്ന രഥോത്സവം പോലുള്ള ചില സിനിമകളിൽ തേന്മാവിൻ കൊമ്പത്തിലെ ഫ്രയിമുകൾ അതേപടി കോപ്പി അടിക്കാനുള്ള ശ്രമം പോലും നടന്നു. ആദ്യമായി ക്യാമറ ചലിപ്പിച്ച ചിത്രത്തിന് ആ ഛായാഗ്രാഹകൻ ദേശീയ അവാർഡും കരസ്ഥമാക്കി. എന്റെ ഓർമ ശരിയാണെങ്കിൽ ആ ചിത്രത്തിലെ ഒരു സീനാണ് ജൂറിയെ ആകർഷിച്ചത്. ഗ്രാമത്തിലേക്ക് അവരെത്തുമ്പോൾ ആ സ്ഥലത്തിന്റെ പേരെഴുതി വച്ചിരിക്കുന്ന തടിപ്പലക ബോർഡിലെ ഒരു സുഷിരത്തിൽ കൂടി സൂം ഇൻ ചെയ്തു വിശാലമായ ആ ലാൻഡ്സ്കേപ്പിലേക്കു പോകുന്ന ഒരു രംഗത്തിനായിരുന്നു മികച്ച മാർക്ക് ജൂറി കൊടുത്തതത്രെ.

അതേവർഷം തന്നെ ഇറങ്ങിയ മിന്നാരം എന്ന പ്രിയൻ ചിത്രത്തിലും ആനന്ദിന്റെ മാജിക് കണ്ടു. തേന്മാവിൻ കൊമ്പത്തിൽ നിന്ന് വ്യത്യസ്തമായി വളരെ കളർഫുൾ ആയ ഒരു ഫൺ ഫിലിമായിരുന്നു മിന്നാരം. തന്റെ ഗുരുവായ പി സി ശ്രീറാമിന്റെ ശൈലിയുടെ ശക്തമായ സ്വാധീനം ആനന്ദിന്റെ വർക്കുകളിൽ കാണാമായിരുന്നു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ലൈറ്റിങ് പാറ്റേണുകൾ. വിജയ ചിത്രങ്ങൾ ചിലത് സംവിധാനം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് കൂടുതൽ ഇണങ്ങുന്നത് ക്യാമറ തന്നെയായിരുന്നുവെന്നാണ് തോന്നുന്നത്. അതിൽ തന്നെ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇനിയും ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുണ്ടായിരുന്ന കലാകാരനാണ് വിട പറഞ്ഞത്. ആദരാജ്ഞലികൾ ആനന്ദ്.
Published by: Joys Joy
First published: April 30, 2021, 1:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories