കൊച്ചി: 'ചുരുളി' എന്ന ചിത്രത്തിലെ ഭാഷയെ വിമര്‍ശിക്കുന്നവരില്‍ 90 ശതമാനം പേരും സിനിമ കണ്ടിരിക്കാന്‍ ഇയില്ലെന്ന് ഹൈക്കോടതി. സിനിമയ്ക്കെതിരെ നല്കിയ ഹര്‍ജി പ്രശസ്തിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് കോടതി പറഞ്ഞു. ചിത്രത്തില്‍ പ്രഥമദൃഷ്ട്യ നിയമലംഘനം നടന്നിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
സിനിമ കണ്ട് വിമര്‍ശിക്കുന്നതാണെങ്കില്‍ മനസ്സിലാക്കാമെന്നും അല്ലാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ചിത്രത്തില്‍ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക പൊലീസ് സംഘം ചുരുളിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സിനിമയിലെ ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതാണ്. ഭരണഘടന നല്കുന്ന ആവിഷ്കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രമാണെന്നും പോലീസ് സംഘം വിലയിരുത്തി.
സിനിമയില്‍ കുറ്റകരമായ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാന്‍ എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് ഡിജിപി അനില്‍കാന്ത് ചുമതലപ്പെടുത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണിത്. തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ദിവ്യ ഗോപിനാഥ്, ഡിസിപി എ. നസീം, ലീഗല്‍ അഡൈ്വസര്‍ കെ ആര് സുചിത്ര, ഡി. എസ്. അതുല്യ (വിവര്‍ത്തക) എന്നിവരടങ്ങുന്ന സമിതിയാണ് പരിശോധന നടത്തിയത്.
Also Read-Churuli| ചുരുളി ക്ലീനെന്ന് പൊലീസ്; സിനിമയിലെ ഭാഷ ആവിഷ്കാര സ്വാതന്ത്ര്യമെന്ന് സമിതി റിപ്പോർട്ട്
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിനിമയില്‍ മോശം ഭാഷയുടെ അമിതമായ ഉപയോഗം മനഃപൂര്‍വമാണെന്നും അതിലേക്ക് കൂടുതല്‍ ശ്രദ്ധ നേടാനാണ് ലക്ഷ്യമിടുന്നതെന്നും ഹര്ജിക്കാരന് ആരോപിച്ചു. പൊതു ധാര്‍മ്മികതയ്ക്കും ശാന്തതയ്ക്കും എതിരായ അശ്ലീല ഭാഷയാണ് സിനിമയില്‍ അടങ്ങിയിരിക്കുന്നതെന്നുമായിരുന്നു ആരോപണം.
ചുരുളി എന്ന സിനിമയില്‍ രാജ്യത്തിന്റെ ഭദ്രത, അഖണ്ഡത, മറ്റു രാജ്യങ്ങളുമായിട്ടുള്ള സൗഹൃദ ബന്ധങ്ങള്‍, മതപരമായ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, മതപരമായ സമാധാനം തകര്‍ക്കുന്നതോ ആയിട്ടുള്ള സംഭാഷണങ്ങളോ സീനുകളോ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ ചുരുളി എന്ന സിനിമയില്‍ കാണുവാന്‍ കഴിയില്ലെന്നും പൊലീസിന്റെ പ്രത്യേക സംഘം നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവിലുള്ള നിയമ ങ്ങള് ലംഘിക്കുകയോ ചട്ടങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്യാത്തതു കൊണ്ടും ചുരുളി എന്ന സിനിമയ്ക്കെതിരെ നിയമപരമായ ക്രിമിനല്‍ നടപടികള്‍ ഒന്നും എടുക്കേണ്ടതില്ല എന്ന് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.