കന്നഡയിലെ സൂപ്പർഹിറ്റ് ചിത്രമായ കാന്താരയിലെ വരാഹരരൂപം (Varaha Roopam) എന്ന ഗാനത്തിന്റെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജ് സുകുമാരനെതിരെയുള്ള (Prithviraj Sukumaran) FIR കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ സിനിമയുടെ വിതരണക്കാരൻ എന്ന നിലയിൽ നടനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
‘കാന്താര’ എന്ന ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം കോപ്പിയടിച്ചതാണെന്ന് കാണിച്ച് കോഴിക്കോട് ടൗൺ പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത FIR റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് പരിഗണിച്ചത്. പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിനിമയുടെ കേരളത്തിലെ വിതരണം.
Also read: Varaha Roopam | വരാഹ രൂപം കേസ്; തൈക്കുടം ബ്രിഡ്‌ജിന്റെ പരാതിയിൽ പൃഥ്വിരാജിന്റെ മൊഴിയെടുക്കും
‘പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ ഡയറക്ടർ എന്ന നിലയിൽ സിനിമയുടെ കേരളത്തിലെ വിതരണം സുഗമമാക്കുക മാത്രമാണ് ചെയ്തതെന്നും, സിനിമയുടെ നിർമ്മാണത്തിലോ സംഗീത നിർമ്മാണത്തിലോ താൻ പങ്കാളിയായിട്ടില്ലെന്നും ഹർജിക്കാരൻ വാദിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് 2022 നവംബർ നാലിന് ചിത്രത്തിന്റെ വിതരണം നിർത്തിയതായും ഹർജിയിൽ പറയുന്നു. നിർമ്മാതാവിൽ നിന്ന് വിതരണാവകാശം നേടിയ ശേഷം തിയെറ്ററുകൾ വഴി സിനിമകൾ വിതരണം ചെയ്യുന്ന ഇടനിലക്കാരനായി പ്രവർത്തിക്കുന്നതിൽ മാത്രമാണ് അദ്ദേഹത്തിന്റെ കമ്പനിയുടെ വിതരണക്കാരന്റെ പങ്ക് പരിമിതപ്പെടുത്തിയിരിക്കുന്നത് എന്നും ഹർജിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.