ഇന്ത്യൻ സിനിമയെന്നാൽ ഷാരൂഖ് ഖാൻ എന്ന് ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. സോഷ്യൽമീഡിയയും ഒടിടിയുമെല്ലാം വരുന്നതിന് മുമ്പ്. നിരവധി അനവധി താരങ്ങളും സൂപ്പർസ്റ്റാറുകളും ഷാരൂഖ് ഖാന് മുമ്പും ശേഷവും ബോളിവുഡിൽ പിറന്നെങ്കിലും അന്നും ഇന്നും ഒരു കിംഗ് മാത്രമേ ബോളിവുഡിലുള്ളൂ. ലോകമെമ്പാടും അറിയപ്പെടുന്നതാണ് അദ്ദേഹത്തിന്റെ പ്രഭാവം. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ.
അടുത്തിരുന്ന ഷാരൂഖിനെ കണ്ട് അമ്പരന്ന് ആശ്ചര്യപ്പെടുന്ന ഹോളിവുഡിലെ സൂപ്പർതാരം ഷാരൺ സ്റ്റോണിന്റെ വീഡിയോ ആണ് വൈറലാകുന്നത്. സൗദി അറേബ്യയിൽ നടന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെയായിരുന്നു സംഭവം. ലോക സിനിമയിലെ വിവിധ താരങ്ങൾ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തിയിരുന്നു. ഷാരൂഖ് ഖാന് പുറമേ, ഷാരൺ സ്റ്റോൺ, പ്രിയങ്ക ചോപ്ര, കരീന കപൂർ, ഒലിവർ സ്റ്റോൺ ഗയ് റിച്ചി തുടങ്ങിയവരും പങ്കെടുത്തു.
View this post on Instagram
വിശിഷ്ടാതിഥികളുടെ സീറ്റിൽ തനിക്ക് തൊട്ടടുത്ത് ഇരിക്കുന്നത് ഷാരൂഖ് ഖാനാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഷാരൺ സ്റ്റോൺ അമ്പരന്നത്. ഹോളിവുഡിലെ സൂപ്പർ സ്റ്റാർ പോലും കിംഗ് ഖാന്റെ താരശോഭയ്ക്ക് മുന്നിൽ സ്വയം മറന്നുവെന്നാണ് ഷാരൂഖിന്റെ ആരാധകർ പറയുന്നത്. ഷാരൺ സ്റ്റോണിനെ കണ്ട ഷാരൂഖ് വിനയപൂർവം താരത്തെ അഭിവാദ്യം ചെയ്യുന്നതും വീഡിയോയിൽ കാണാം.
Also Read- ‘കോളജിൽ പഠിക്കുന്ന കാലം തൊട്ടേയുള്ള ആത്മബന്ധം; സ്നേഹച്ചിരിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം’; കൊച്ചുപ്രേമന്റെ വേർപാടിൽ മോഹൻലാൽ
ഷാരൂഖ് ഖാനെ കണ്ടതിനെ കുറിച്ച് ഷാരൺ പറഞ്ഞത് ഇങ്ങനെയാണ്, “എന്റെ രണ്ട് സീറ്റ് അപ്പുറത്താണ് ഷാരൂഖ് ഖാൻ ഇരുന്നത്. അദ്ദേഹം അവിടെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. താരങ്ങളെ കാണുമ്പോൾ പൊതുവിൽ ആവേശം കൊള്ളുന്നയാളല്ല ഞാൻ, നിരവധി പേരെ എനിക്കറിയുകയും ചെയ്യാം. എന്നാൽ അദ്ദേഹത്തെ കണ്ടത് വ്യത്യസ്ത അനുഭവമായിരുന്നു”.
അതേസമയം, നീണ്ട ഇടവേളയ്ക്കു ശേഷം വമ്പൻ സിനിമകളുമായി ബോളിവുഡിൽ തിരിച്ചെത്താനൊരുങ്ങുകയാണ് ഷാരൂഖ്. ദീപിക പദുകോൺ നായികയാകുന്ന പഠാൻ ആണ് ആദ്യം റിലീസ് ചെയ്യുന്നത്. ജനുവരി 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിനു പിന്നാലെ ആറ്റ്ലീ സംവിധാനം ചെയ്യുന്ന ജവാൻ പുറത്തിറങ്ങും. രാജ്കുമാർ ഹിരാനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്ന ഡങ്കിയും പുറത്തിറങ്ങും. സിനിമയുടെ ചിത്രീകരണം സൗദി അറേബ്യയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.