കൊച്ചി വാര്‍ത്താ സമ്മേളനം തുടങ്ങും മുമ്പ് വിനായകന്‍ (Actor Vinayakan) നിലപാട് വ്യക്തമാക്കിയിരുന്നു. തന്നെയും നവ്യയെയും (Navya Nair) മോശമായ തമ്പ്‌നെയിലില്‍ ഉള്‍പ്പെടുത്തി ഏതോ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്ത വന്നെന്ന്. ഓൺലൈൻ പോർട്ടൽ ഏതാണെന്ന് ചോദിച്ചപ്പോള്‍ വ്യക്തതയില്ലെന്ന് മറുപടി. അത്ര ഹിതകരമായ ഭാഷയല്ലായിരുന്നു അപ്പോഴും പറഞ്ഞുവന്നത്. വിഷയം സിനിമയിലേക്കു വന്നപ്പോഴും ഏതാണ്ട് അതേ തരത്തിലേക്ക് തന്നെയായിരുന്നു കാര്യങ്ങള്‍. പ്രതിപക്ഷ ബഹുമാനമില്ലാത്ത സംസാരം. ഒന്നിലധികം തവണ സംസാരം വാഗ്വാദത്തിലേക്ക് നീങ്ങി. ഇത്തരമൊരു സംസാരത്തിനൊടുവിലാണ് വിനയകന്‍ തന്നെ എന്താണ് മീ ടൂ എന്നു ചോദിച്ചത്. നാവടിപ്പിച്ച ഭാവത്തില്‍ ചെറുചിരിയോടെ ഇരിപ്പുറപ്പിച്ചപ്പോളാണ് ഞാന്‍ ചോദ്യം വിനായകനോട് ആവര്‍ത്തിച്ചത്. പിന്നീട് മറുചോദ്യങ്ങളായി മറുപടി പറയലായി. സംസാരം മുന്നോട്ടുപോകുന്നത് ആരോഗ്യകരമല്ലെന്ന് മനസിലായതോടെ പിന്നീട് മിണ്ടിയിട്ടും കാര്യമില്ലെന്ന് മനസിലായതോടെ അവിടെ അവസാനിപ്പിച്ചു.
വിനായകന്റെ ആരാധകരും മാധ്യമ വിമര്‍ശകരുമൊക്കെ ഒന്നു രണ്ടു ദിവസമായി ഉന്നയിയ്ക്കുന്ന പല കാര്യങ്ങളും വാസ്തവമല്ല.
1. വാര്‍ത്താസമ്മേളനത്തില്‍ മീ ടൂ എന്ന വാക്ക് ആദ്യം ഉച്ചരിയ്ക്കുന്നത് മാധ്യമപ്രവര്‍ത്തകരല്ല. വിനായകന്‍ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ച വാക്കാണ്. ആ വാക്ക് വിനായകനോട് തിരിച്ച് ചോദിയ്ക്കുകയും പിന്നീട് അതില്‍ ചൊല്ലിയുള്ള വര്‍ത്തമാനം വൃത്തികെട്ട നിലയിലേക്ക് നീങ്ങുകയുമാണുണ്ടായത്.
2. വിഷയമുണ്ടായപ്പോള്‍ പഞ്ചപുച്ഛമടക്കി മിണ്ടാതിരിയ്ക്കുകയല്ല ചെയ്തത്. തിരിച്ച് സംസാരിച്ചുതന്നെയാണ് മുന്നോട്ടുപോയത്. എല്ലാ സംവാദങ്ങളും മറുവശത്തുനിന്നുള്ള വൃത്തികേടുപറച്ചിലിനൊപ്പം മറുപടി പറഞ്ഞ് മുന്നോട്ടുകൊണ്ടുപോകാനാവില്ല.
3.മര്യാദയില്ലാതെ സംസാരിയ്ക്കുന്നയാളെ വേദിയില്‍ കയറി അടിയ്ക്കുകയോ തെറിവിളിയ്ക്കുകയോ അല്ല ജേര്‍ണലിസമെന്നാണ് വിശ്വാസം.
4. വിരല്‍ ചൂണ്ടപ്പെട്ട കുട്ടിയടക്കമുള്ള അവിടെയുണ്ടായിരുന്ന വനിതകള്‍ക്ക് പെട്ടെന്ന് എന്തു ചെയ്യണമെന്നുപോലുമറിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പുറത്തിറങ്ങി സംസാരിച്ചപ്പോള്‍ മനസിലായി. ചിരിയും കയ്യടിയും നടത്തിയവരെല്ലാം മാധ്യമപ്രവര്‍ത്തകരുമല്ല. സ്വന്തമായ യൂടുബ് ചാനലുകള്‍ നടത്തുന്നവര്‍ മുതല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രം പേജുകള്‍ ഉള്ളവർ വരെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. വാര്‍ത്താസമ്മേളനത്തിനുമപ്പുറം ഒരുത്തി രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു വേദിയില്‍ നടന്നത്.
Also Read-
Vinayakan| 'എല്ലാ സ്ത്രീകളോടും ഞാന്‍ സെക്‌സ് ചോദിച്ചുവാങ്ങുകയായിരുന്നു; ഫാൻസുകാർ പൊട്ടൻമാർ': വിനായകൻ5. വാര്‍ത്താസമ്മേളം കഴിഞ്ഞിട്ട് പിന്നീട് മുക്കാല്‍ മണിക്കൂറോളം അയാളുമായി രൂക്ഷമായി തര്‍ക്കിക്കേണ്ടി വന്നു. പുറത്തുകാണിക്കേണ്ട അവശ്യമില്ലാത്തതുകൊണ്ടു തന്നെ റെക്കോർഡ് ചെയ്യാന്‍ അടുത്തുകൂടിയവരെ മാറ്റി നിര്‍ത്തിയാണ് സംസാരിച്ചത്. പറയേണ്ടത് പറഞ്ഞിട്ടുമുണ്ട്.
ഇതുകൊണ്ടൊന്നും ഒതുങ്ങിയില്ല അയാളുടെ പരാക്രമം. വാര്‍ത്താസമ്മേളം കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഒരു പെണ്‍കുട്ടിയുടെ അടുത്തെത്തിയശേഷം അയാള്‍ വീണ്ടും ചോദിച്ചു നീ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോയെന്ന്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് സംഘടിത ശക്തികളുടെയോ പ്രസ്ഥാനങ്ങളുടയോ പിന്‍ബലമില്ലാത്തവര്‍ അതുകൊണ്ടുതന്നെ നിസഹായരാണെന്ന് അവര്‍ ആവര്‍ത്തിയ്ക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.