• HOME
 • »
 • NEWS
 • »
 • film
 • »
 • പഞ്ചവടിപ്പാലം സിനിമയിലെ പാലം എങ്ങനെയാണ് വീണത്? പാലാരിവട്ടം പണിഞ്ഞവർ അറിയാൻ

പഞ്ചവടിപ്പാലം സിനിമയിലെ പാലം എങ്ങനെയാണ് വീണത്? പാലാരിവട്ടം പണിഞ്ഞവർ അറിയാൻ

എന്നാൽ പാലം പൊളിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോൾ നാട്ടുകാര്‍ എതിർത്തു. എന്ത് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. കാരണം താൽക്കാലികമായി ഉണ്ടാക്കിയതായിരുന്നു എങ്കിലും രണ്ടു കരക്കാർക്ക് ആ പാലമൊരു ആശ്വാസമായിരുന്നു.

 • News18
 • Last Updated :
 • Share this:
  കോട്ടയം കുമരകത്തിനടുത്തുള്ള കവണാറ്റിൻകരയാണ് സിനിമയ്ക്ക് വേണ്ടി പാലം പണിഞ്ഞത്. എളുപ്പം പൊളിക്കാൻ ഉദ്ദേശിച്ച് അത്ര ഉറപ്പിച്ചായിരുന്നില്ല നിര്‍മ്മാണമെന്ന് നിർമാതാവ് ഗാന്ധിമതി ബാലൻ ഓർക്കുന്നു.

  "ജൂൺ മാസത്തിലായിരുന്നു ഷൂട്ടിങ്. മീനച്ചിലാറിനു കുറുകെ കുറെ വലിയ തെങ്ങുകള്‍ ആറ്റില്‍ കുത്തിനാട്ടിയായിരുന്നു നിർമാണം. പട്ടികയടിച്ച് പ്ലൈവുഡും പൈപ്പും ഉപയോഗിച്ചാണ് പാലം നിർമിച്ചത്. സുന്ദരൻ ആയിരുന്നു കലാസംവിധായകൻ. എഴുപതോളം തെങ്ങുകൾ ഇതിനായി ഉപയോഗിച്ചു. പാലം എളുപ്പത്തില്‍ തകര്‍ന്നു വീഴുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാല്‍, കാലാവസ്ഥ മാറി. നല്ല മഴയായി. ആറ്റില്‍ വെള്ളം പൊങ്ങി. തെങ്ങുംകുറ്റികള്‍ കുറച്ചൊന്നു തെന്നി, ചെളിയില്‍ നന്നായി ഉറച്ചു. അങ്ങനെ പാലത്തിനു നല്ല ബലമായി. ചുരുക്കത്തിൽ പാലം പൊളിയാത്ത അവസ്ഥയായി. പാലത്തിന്‍റെ ഉറപ്പു നോക്കാൻ ഞാൻ എന്‍റെ ലോറിയും യൂണിറ്റ് വണ്ടിയുമൊക്കെ അതിലൂടെ ഓടിച്ചു. അത്ര ഉറപ്പായി. മഴയും വെള്ളപൊക്കവും കാരണം ഷൂട്ടിങ് കുറച്ചു നീണ്ടു. നാട്ടുകാരും അതുപയോഗിച്ചു തുടങ്ങി," അദ്ദേഹം പറഞ്ഞു

  എന്നാൽ, പാലം പൊളിക്കൽ അത്ര എളുപ്പമായിരുന്നില്ല. ഉറച്ച ആ പാലം പണിയുന്നതിലും പ്രയാസകരമായിരുന്നു അത് തകര്‍ക്കുവാന്‍. താഴെനിന്ന് പകുതി അറുത്തുവെച്ച് കപ്പിയും കയറുമിട്ട് വലിച്ചും പൊട്ടിച്ചുമാണ് തകര്‍ക്കാന്‍ പ്ലാനിട്ടത്.

  ഉറപ്പുള്ള പാലത്തിന് കുറുപ്പിന്‍റെ ഇടപെടൽ

  എന്നാൽ പാലം പൊളിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോൾ നാട്ടുകാര്‍ എതിർത്തു. എന്ത് പറഞ്ഞിട്ടും അവര്‍ ചെവിക്കൊണ്ടില്ല. കാരണം താൽക്കാലികമായി ഉണ്ടാക്കിയതായിരുന്നു എങ്കിലും രണ്ടു കരക്കാർക്ക് ആ പാലമൊരു ആശ്വാസമായിരുന്നു. എന്നാൽ, സിനിമയിൽ പാലം പൊളിക്കാതിരിക്കാൻ നിവർത്തിയുണ്ടായിരുന്നില്ല. ഒടുവില്‍ അന്നത്തെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേഷ്‌ കുറുപ്പ് (നിലവിൽ ഏറ്റുമാനൂർ എംഎൽഎ) ഇടപെട്ടാണ് നാട്ടുകാരെ ശാന്തമാക്കിയത്. " ജനങ്ങളുടെ ഇടയിൽ നല്ല സ്വാധീനം ഉണ്ടായിരുന്ന അദ്ദേഹം അവരോട് ഞങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിച്ചു. ഈ സിനിമയുടെ പ്രമേയം ഭാവിയിലേക്കൊരു ചൂണ്ടുപലകയായിരിക്കും എന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു. ക്ലൈമാക്സ് എടുക്കേണ്ട ആവശ്യകതയൊക്കെ അദ്ദേഹം മനസിലാക്കിച്ചു. 45 ദിവസത്തോളം ഷൂട്ട് ചെയ്ത് പണം മുടക്കിയതൊക്കെ പറഞ്ഞപ്പോൾ നാട്ടുകാർ അയഞ്ഞു. യഥാർത്ഥത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചാണ്  പാലം തകർത്തത്," തട്ടിക്കൂട്ട് പാലം യഥാർത്ഥ പാലമായ കഥ അദ്ദേഹം ഓർത്തെടുത്തു.

  മലയാളി എങ്ങനെ സ്വീകരിച്ചു?

  അന്നത്തെ കാലത്ത് ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു പഞ്ചവടിപ്പാലം. "ഫസ്റ്റ് പ്രിന്‍റ് ആയപ്പോൾ അന്ന് 22 ലക്ഷം രൂപയാണ് ചെലവായത്. പാലത്തിനു മാത്രം ആറു ലക്ഷത്തോളമായി. പിന്നെ പ്രധാന നടീ നടന്മാരെല്ലാം. എന്നാൽ സാമ്പത്തികമായി വിജയമായിരുന്നില്ല. ഒരു പത്തുവർഷം കഴിഞ്ഞ് ടെലിവിഷനിൽ വന്നു തുടങ്ങിയപ്പോഴാണ് അഭിപ്രായം മാറിയത്. ഏതു ഇലക്ഷൻ കാലത്തും ഇടുന്ന പടമായി. ചാനലിൽ ഏറ്റവും അധികം റിപ്പീറ്റ് കിട്ടിയ ചിത്രങ്ങളിൽ ഒന്നായി പഞ്ചവടിപ്പാലം. യഥാർഥത്തിൽ അതൊരു കാലം തെറ്റിപ്പിറന്ന സൃഷ്ടിയായിരുന്നു. ഒരു പത്തു വർഷം കഴിഞ്ഞാണ് ഇറങ്ങിരുന്നതെങ്കിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാകുമായിരുന്നു ," ബാലൻ പറഞ്ഞു.

  പഞ്ചവടിപ്പാലം: 35 വർഷം പഴക്കമുള്ള കോമഡിസിനിമ ഹൈക്കോടതി എന്തു കൊണ്ട് പരാമർശിച്ചു ?

  പ്രഗത്ഭരുടെ പാലം

  ഷാജി. എൻ കരുൺ ആയിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. എന്നാൽ, മറ്റു മൂന്ന് പ്രധാന ഛായാഗ്രാഹകൻമാരും ഈ ചിത്രത്തിന്‍റെ പിന്നണിയിൽ ഉണ്ടായിരുന്നു. വേണുവാണ് സെക്കൻഡ് യൂണിറ്റ് ചെയ്തത്. സണ്ണി ജോസഫും കെ.ജി ജയനും ഈ ചിത്രത്തിനു വേണ്ടി വർക്ക് ചെയ്തിട്ടുണ്ട്. രാജീവ് അഞ്ചലാണ് പാലത്തിൽ വെക്കുന്ന പ്രതിമ ഉണ്ടാക്കിയത്. ഗോപി ചേട്ടനെ ഇരുത്തി അര മണിക്കൂർ നേരം കൊണ്ടാണ് അദ്ദേഹം അതുണ്ടാക്കിയത്, " ബാലൻ അനുസ്‌മരിച്ചു.

  കാണാതെ പോയ പൊൻമോതിരം

  ഉദ്‌ഘാടന ദിവസം പാലം തകർന്ന് കല്യാണപ്പാർട്ടി വെള്ളത്തിൽ വീഴുന്നതാണ് ക്ലൈമാക്സ്. വധുവിന്‍റെ അമ്മയായി അഭിനയിച്ച ശ്രീവിദ്യയുടെ കയ്യിൽ ഒരു മോതിരമുണ്ടായിരുന്നു. " വെള്ളത്തിൽ വീഴുമ്പോൾ അത് നഷ്ടമാകാതിരിക്കാൻ അവർ അത് എന്‍റെ കയ്യിൽ തന്നു. ഞാൻ അത് സംവിധായകന്‍റെ (കെ. ജി. ജോർജിന് ) കയ്യിൽ കൊടുത്തു. അദ്ദേഹം അത് തന്‍റെ ജൂബയുടെ പോക്കറ്റിൽ ഇട്ടു.ചിത്രീകരണസമയത്തെ തിരക്കിൽ അത് എവിടെയോ നഷ്ടമായി, " നിർമാതാവിന്‍റെ ഓർമ.

  ചരിത്രത്തിലേക്കൊരു പാലം

  ഏതാണ്ട് സിനിമയ്ക്ക് വേണ്ടി നിർമിച്ച ആ പാലം പോലെ തന്നെയായി പഞ്ചവടിപ്പാലം സിനിമയുടെ ചരിത്രവും. അഴിമതിയിൽ മുങ്ങിയ ജനപ്രതിനിധികൾ ഇന്നും ആ പാലത്തീന് നിത്യസ്മാരകങ്ങൾ നിർമിക്കുന്നു, കോടതികൾ വരെ അത് ചൂണ്ടിക്കാട്ടുന്നു. ആ കലാസൃഷ്ടിയുടെ ഉറപ്പിനെ തകർക്കാൻ പറ്റാത്ത വിശ്വാസത്തോടെ.

  First published: