സൂര്യ (Suriya) നായകനായ ജയ് ഭീം (Jai Bheem) എന്ന തമിഴ് ചിത്രം ഇപ്പോള്‍ ആമസോണ്‍ പ്രൈം (Amazon Prime) വീഡിയോയില്‍ സ്ട്രീം ചെയ്തു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ച് കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള പോലീസിന്റെ ക്രൂരതകളും അവര്‍ക്ക് നീതി നേടി കൊടുക്കാനായുള്ള ഒരു അഭിഭാഷകന്റെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാല്‍ ഈ സിനിമയുടെ തിരക്കഥ വെറുമൊരു കെട്ടുകഥയല്ല.
1993ല്‍ തമിഴ്നാട്ടിലെ കടലൂരിൽ നടന്ന സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അന്നത്തെ ആ സംഭവവും അഭിഭാഷകനും മുന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ചന്ദ്രുവിന്റെ ഇടപെടലുമാണ് സിനിമയിലൂടെ പറയുന്നത്.
തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ വിരുദാചലം പട്ടണത്തിലെ കമ്മാപുരം ഗ്രാമമാണ് സിനിമയുടെ പശ്ചാത്തലം. സിനിമയ്ക്ക് ആധാരമായ യഥാര്‍ത്ഥ സംഭവത്തിലെ കഥാപാത്രങ്ങള്‍ കുറുംമ്പര്‍ എന്ന ഗോത്ര സമൂഹത്തിലുള്‍പ്പെടുന്ന ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ്. 1993ല്‍ അവര്‍ അടുത്തുള്ള ഗ്രാമത്തില്‍ നെല്ലു കൊയ്യാനായി പോയി. അതേസമയം തന്നെ, ഗോപാലപുരം ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും 40 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായി. പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തുകയും അന്വേഷണത്തിന്റെ ഭാഗമായി അവിടെയുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് പോലീസ് രാജാക്കണ്ണ് എന്ന ആദിവാസി യുവാവിനെ മോഷണ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തു. മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗമായ ഗോവിന്ദന് പ്രശ്നത്തിൽ ഇടപെടുകയും രാജാക്കണ്ണിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പോലീസ് രാജാക്കണ്ണിനെ സ്റ്റേഷനില്‍ എത്തിക്കുകയും വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയും ചെയ്തു. രാജാക്കണ്ണിനെ തേടി പോലീസ് സ്റ്റേഷനിലെത്തിയ അയാളുടെ ഭാര്യ ഈ സംഭവം നേരില്‍ കണ്ടു. അടുത്ത ദിവസം, അന്വേഷണത്തിനിടെ രാജാക്കണ്ണിനെ കാണാതെയായി എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.
ശേഷം, സഖാവ് ഗോവിന്ദന് സംഭവം പൊതുധാരയിലെത്തിക്കാനായി പാര്‍ട്ടി അണികളെ കൂട്ടി നിരവധി റാലികളും പ്രക്ഷോഭ പരിപാടികളും നടത്തി. എന്നാൽ അധികൃതര്‍ രാജാക്കണ്ണിനെ കണ്ടെത്താനായി യാതൊരു നടപടികളും സ്വീകരിച്ചില്ല. സ്ഥിതി അങ്ങനെ തുടര്‍ന്നപ്പോള്‍, ഗോവിന്ദന് ചെന്നൈയിലെ അഭിഭാഷകനായ കെ ചന്ദ്രുവിന്റെ സഹായം തേടി.
തുടര്‍ന്നുണ്ടായ ഇടപെടലുകളിൽ മദ്രാസ് ഹൈക്കോടതിയിലെ വാദത്തിനൊടുവിൽ മൂന്ന് വര്‍ഷത്തിന് ശേഷം, 1996ല്‍ ഇടക്കാല വിധിയെത്തി. വിധിയില്‍ ഇരയുടെ കുടുംബത്തിന് രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരം രൂപയും മൂന്ന് സെന്റ് സ്ഥലവും സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്കി.
രാജാക്കണ്ണിനെ കാണാതായതിന് ശേഷം, അരിയല്ലൂര്‍ ജില്ലയിലെ ജയംകൊണ്ടം എന്ന സ്ഥലത്ത് മീന്‍പിടുത്തക്കാരുടെ വള്ളത്തില്‍ രാജാക്കണ്ണിന്റെ ശരീരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി പോലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. ഇതിന് ശേഷം രാജാക്കണ്ണിന്റെ തിരോധാനം കൊലപാതക കേസായി പരിഗണിച്ചു. ഈ കേസില്‍ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. അതില്‍ ഡോക്ടര്‍ രാമചന്ദ്രന്, വിരമിച്ച ഡിഎസ്പി, ഒരു പോലീസ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ അടങ്ങുന്നു.
കെ. വെങ്കട്രരാമനെ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന ഗോവിന്ദന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. വിചാരണ കോടതി കേസ് ഫാസ്റ്റ്-ട്രാക്ക് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന വിധിയില്‍, അഞ്ചു പോലീസുകാരെ 14 വര്‍ഷത്തെ തടവു ശിക്ഷയ്ക്കും ഡോക്ടറെ മൂന്നു വര്‍ഷത്തെ തടവു ശിക്ഷയ്ക്കും വിധിച്ചു കൊണ്ട് വിധി വന്നു.
കേസന്വേഷണത്തിനിടയില്‍ പണം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും സഖാവ് ഗോവിന്ദന് നീതിയ്ക്കായി തന്നെ നില കൊണ്ടു. കേസില്‍ ഗോവിന്ദനെ പ്രതി ചേര്‍ക്കാനും ശ്രമങ്ങള്‍ നടന്നു എങ്കിലും അദ്ദേഹം തന്റെ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തിയില്ല. കേസിനായി അദ്ദേഹം തന്റെ വിവാഹം പോലും ഉപേക്ഷിച്ചു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം, 39-ാം വയസ്സിലാണ് ഗോവിന്ദന് വിവാഹിതനായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.