'ഞാൻ മരിച്ചു പോയാൽ എന്നെ ഓർക്കുമോ', 'കാലത്ത് ഞാൻ പോകും, പോകുമ്പോൾ എന്റെ മുന്നിലെങ്ങും വന്നു നിന്നേക്കല്ല്...'കെപിഎസി ലളിതയുടെ മരണവാർത്തയറിഞ്ഞയുടൻ സോഷ്യൽ മീഡിയ മലയാളി പ്രതികരിച്ചത് മതിലുകൾ മുതൽ മനസ്സിനക്കരെ വരെയുള്ള അവരുടെ സിനിമകളിലെ സംഭാഷണങ്ങളിലൂടെയായിരുന്നു.
സത്യൻ അന്തിക്കാട് രഞ്ജൻ പ്രമോദ് ടീമിന്റെ മനസ്സിനക്കരെ (2003) യിൽ കൊച്ചുത്രേസ്യ(ഷീല )യെ കാണാനെത്തുന്ന കുഞ്ഞുമറിയ (ലളിത ) താൻ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കിക്കൊണ്ടുവന്ന പലഹാരങ്ങൾ വീട്ടുകാര് മുറ്റത്തേക്കെറിയുന്നത് കേട്ടും കണ്ടുമിരുന്ന് കണ്ണീരോടെ ഇറങ്ങിപ്പോകുന്നു..
കുഞ്ഞുമറിയ ഇറങ്ങിപ്പോവുന്നതിന് മുൻപ് ഒരൊറ്റ വാചകമേയുള്ളൂ...
'രാത്രി ഒരു പോള കണ്ണടയ്ക്കാതിരുന്ന് ഉണ്ടാക്കിയതാ അത്' .മക്കളുടെ ആവശ്യത്തിനായി ജന്മനാട് ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോകുന്ന എത്രയോ പേർ സമപ്രായക്കാരായ കൂട്ടുകാരോട് യാത്ര പറഞ്ഞിട്ടുണ്ട്. പക്ഷെ അത് കെപിഎസി ലളിത പറഞ്ഞപ്പോൾ കാണികളുടെ ഉള്ളു പൊള്ളി.
'കാലത്ത് ഞാൻ പോകും, പോകുമ്പോൾ എന്റെ മുന്നിലെങ്ങും വന്നു നിന്നേക്കല്ല്...സംഭാഷണത്തിന്റെ പ്രത്യേകത കൊണ്ട് കാണികളുടെ മനസിലേക്ക് കടന്നു കയറിയത് കൊണ്ടാണ് ഒരു സാധാരണ രംഗം മാത്രമാകുമായിരുന്ന മനസ്സിനക്കരെയിലെ കുഞ്ഞുമറിയ പറഞ്ഞ ഈ സംഭാഷണം കാലമിത്ര കഴിഞ്ഞിട്ടും മറക്കാൻ കഴിയാതെ പോയത്.
Also Read-
KPAC Lalitha: ആദ്യം ഹംസമായി; പിന്നീട് ഭരതന്റെ ജീവിതസഖിയും; സിനിമ തോൽക്കും പ്രണയവും വിവാഹവുംഒരു പക്ഷെ സംവിധായകനും എഴുത്തുകാരനും കരുതിയതിനേക്കാൾ എത്രയോ ഉയരത്തിലായി ഈ രംഗങ്ങൾ.
![]()
താര സങ്കല്പത്തിന് വിരുദ്ധമായ നായകനായി മമ്മൂട്ടി (നത്ത് നാരായണൻ) വന്നതിനാലാവാം സത്യൻ അന്തിക്കാടിന്റെ കനൽക്കാറ്റ് (സത്യൻ അന്തിക്കാട് -ലോഹിതദാസ് 1991 ) തീയറ്ററിൽ ചലനമുണ്ടാക്കാതെ പോയത്.
'ഒന്നും തരണ്ട. ഞാനൊഴിഞ്ഞോളാം. കാശിനു വേണ്ടിതന്നയാ ഞാനും ഗർഭം ഉണ്ടന്നൊക്കെ പറഞ്ഞത്. ഇനി എന്റെ ശല്യം ഉണ്ടാവില്ല. ഞാൻ നാളെ ബോംബെക്കു പോകുവാ. വലിയൊരു വീട്ടിലെ അടുക്കള പണിക്ക്. ഒന്ന് കണ്ടു പറഞ്ഞിട്ട് പോവാന്ന് വെച്ച് വന്നതാ.. പറയാൻ എനിക്കു വേറെ ആരുമില്ല......'ഞാൻ നല്ലവളൊന്നുമല്ല. നിന്ന വീടുകളിലൊക്കെ പലരും എന്നെ ചീത്തയാക്കിയിട്ടുണ്ട് . എന്നാലും മനസില് വല്യ ആശ ആയിരുന്നു ഒരാണിന്റെ കൂടെ കെട്ടിയോളായി ജീവിക്കണം എന്ന്. സമയത്തു കെട്ടിച്ചു തരാനും കെട്ടാനും ആരും ഉണ്ടായിരുന്നില്ല. പന്ത്രണ്ടു വയസിൽ തുടങ്ങിയതാ കണ്ടവന്റെ പാത്രം കഴുകല്. അച്ഛനും അമ്മയ്ക്കും ശമ്പളം മാത്രം മതിയായിരുന്നു. അത് പോട്ടെ.. മരിച്ചവരെയെന്തിനാ കുറ്റം പറേണെ... ഏതായാലും ഇനിയെന്നെ പേടിക്കണ്ട.. ഞാൻ തിരിച്ചു വരില്ല. കാശിനു വേണ്ടി ചെയ്തതാണെങ്കിലും മരിക്കും വരെ ഈ താലി ഞാൻ ഇട്ടോട്ടെ?
'വെശപ്പ് കെടണ്ട.. പോയി ഊണ് കഴിച്ചോളൂ... ഞാൻ ഒഴിഞ്ഞു പോയീന്നു.. കൂട്ടുകാരനോട് പറഞ്ഞക്കു.......ഇടറുന്ന വാക്കുകളിൽ സംഭാഷണം നിർത്തി ഓമന രംഗമൊഴിയുമ്പോൾ കാണുന്നവരുടെയൊക്കെ കണ്ണ് നനയാതെ പോവില്ല.കാരണം അത് പറയുന്നത് ലളിതയുടെ ഓമനയാണ്. 'ഇതിൽ സമയത്തു കെട്ടിച്ചു തരാനും കെട്ടാനും ആരും ഉണ്ടായിരുന്നില്ല' എന്ന് പറയുമ്പോഴത്തെ 'ആരും' എന്ന വാക്കിൽ അവർ നൽകുന്ന പ്രത്യേകത ആ കഥാപാത്രത്തിന്റെ ഭൂതകാലത്തിലെ മുഴുവൻ അനാഥത്വവും തെളിച്ചു കാണിക്കുന്നു. ഇത് കഥാപാത്രത്തിന്റെ സൃഷ്ടാക്കൾ ആലോചിച്ചിതിനുമപ്പുറമുള്ള ' മനോധർമം' തന്നെയാണ് .
'മോനറിയുവോ. എട്ട് മാസങ്ങൾക്ക് മുമ്പ് മീരയുടെ കല്യാണം നിശ്ചയിച്ചതായിരുന്നു. ഈ വീടിന്റെ മുറ്റത്ത് ഒരു പന്തലുയർന്നു.എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. തലേന്ന് രാത്രി പന്തലിൽ മുഴുവൻ ലൈറ്റ് കത്തിക്കാൻ വേണ്ടി മീരയുടെ അച്ഛൻ എവിടുന്നോ കൊണ്ടുവന്ന മെഷീൻ കേടായി. മെയിൻ സ്വിച്ച് ഓഫ് ചെയ്തിട്ട് അച്ഛൻ അത് നന്നാക്കുകാരുന്നു. ദീപേടെ ഉടുപ്പ് ഇസ്തിരിയിടാൻ വേണ്ടി മീര സ്വിച്ചിട്ടു. എന്റെ മോൾക്ക് അറിയില്ലായിരുന്നു വീടിന്റെ പിൻവശത്തെ മുറ്റത്ത് ഷോക്കേറ്റ് അവളുടെ അച്ഛൻ മരിച്ചു കൊണ്ടിരിക്കുകയാണെന്ന്. ആളുകളുടെ നിലവിളീം ബഹളോം കേട്ടാ ഞാൻ ചെന്ന് നോക്കിയത്.അ പ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അവളുകാരണമാ അവടെ അച്ഛൻ മരിച്ചതെന്നറിഞ്ഞപ്പോ അവൾ കരഞ്ഞില്ല.. ഒന്നുംമിണ്ടിയില്ല. അവളുടെ മനസ്സിന്റെ സമനില ആകെ തെറ്റിയിരുന്നു.'മകളെ ഭ്രാന്തിയെന്ന് വിളിച്ച ഗോപാലകൃഷ്ണപണിക്കരുടെ മുറിയിൽ രാത്രി ചെന്ന് ഹൃദയം തുറക്കുന്ന സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ ( സത്യൻ അന്തിക്കാട് ശ്രീനിവാസൻ 1986 ) മീരയുടെ അമ്മ.
Also Read-
KPAC Lalitha: മഹേശ്വരിയമ്മയെ ലളിതയാക്കി; തന്റെ ജീവിതത്തിൽ ആരാണ് തോപ്പിൽ ഭാസി? ആത്മകഥയിൽ പറയുന്നത്പല ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിട്ടും പറിച്ചു നടൻ പറ്റിയ നടിമാർ ഇല്ലായിരുന്നതിനാൽ ഈ സംഭാഷണം മറ്റു തരത്തിൽ എടുക്കേണ്ടി വന്നുവെന്നു സംവിധായകൻ സത്യൻ അന്തിക്കാട് തന്നെ പറയുന്നു.
'ചേച്ചിയാണ് നടി എന്ന് പറയുമ്പോൾ നമ്മുടെ എഴുത്തിലും മാറ്റം വരും. എന്റെ ആദ്യ ചിത്രമായ അമൃതം എഴുതുമ്പോൾ ഭർത്താവ് ഉപേക്ഷിച്ച ഒരു അമ്മ എന്ന് മാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാൽ ചർച്ചയ്ക്കിടെ സംവിധായകനായ സിബി മലയിൽ അത് ചെയ്യുന്നത് kpac ലളിത ആയിരിക്കും എന്ന് പറഞ്ഞു. അപ്പൊ തന്നെ ആ കഥാപാത്രത്തിന്റെ മിഴിവ് കൂടി. അങ്ങനെ ആ കഥാപാത്രം സിനിമയിലെ പതിവ് 'അമ്മ' അല്ലാതായി. ആ കഥാപാത്രത്തിന് ' റൗണ്ട്' സ്വഭാവം വന്നു, തിരക്കഥാകൃത്ത് കെ. ഗിരീഷ്കുമാർ പറയുന്നു.
![]()
ഇത്രയേറെ സിനിമകളിൽ സംഭാഷണങ്ങളിലൂടെ വഴിത്തിരിവുണ്ടാക്കിയ ഒരു നടി മലയാളത്തിൽ ഉണ്ടാകും എന്ന് തോന്നുന്നില്ല. സിനിമയിലെ ചെറിയൊരു സമയം കൊണ്ട് മനസിൽ കയറിപ്പറ്റുന്നത് അസാധ്യമായ കഴിവുകൊണ്ടാവണം.
ഇന്ത്യൻ സിനിമയെ കീഴടക്കിയ മണിച്ചിത്രത്താഴി (ഫാസിൽ -മധു മുട്ടം 1993 )ൽ നായിക ഗംഗയോട് രാമനാഥൻ്റെയും കാർന്നോരുടെയും നാഗവല്ലിയുടെയും കഥ പറഞ്ഞുകൊടുക്കുന്നത് ലളിതയാണ്. വളരെ ലളിതമായി.
അപ്പുറത്ത് പണ്ട് രാമനാഥൻ രഹസ്യമായി താമസിച്ചിരുന്ന ആ വീട്ടിൽ അല്ലിയെ കെട്ടാൻ പോണ സാറാണ് ഇപ്പോൾ താമസിക്കുന്നതെന്ന് പറഞ്ഞ ശേഷമുള്ള ആ നിഷ്കളങ്കമായ ചിരികൊണ്ട് ഗംഗയുടെ മനസിൽ വെറുതെയല്ല ആ കഥയങ്ങ് കയറിപ്പറ്റിയത്. കാണികളുടെ മനസിലേക്കും അത് വെറുമൊരു പഴങ്കഥയായി മാത്രമല്ല കയറിയത്.
Also Read-
കെപിഎസി ലളിത - ഇന്നസെന്റ്; മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോംബോഒരൊറ്റ വാചകം തികച്ച് വേണ്ടായിരുന്നു അവരുടെ കഥാപാത്രങ്ങൾക്ക് സിനിമയുടെ ഗതി തിരിക്കാൻ. അത് ഉപ്പുകണ്ടത്തെ ഗുണ്ടകളായ ആങ്ങളമാരെ വിളിക്കുന്ന ഏലിയാമ്മ (കോട്ടയം കുഞ്ഞച്ചൻ-1990 ) അഞ്ഞൂറാൻമാരുടെ ശപഥം തെറ്റിച്ച കൊച്ചമ്മിണി (ഗോഡ് ഫാദർ 1991 ) രണ്ടു മക്കൾക്ക് ഒരു ഭാര്യ എന്ന പാരമ്പര്യത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന കുഞ്ഞിപ്പെണ്ണ് (വെങ്കലം 1993 ) ആരുമായിക്കോട്ടെ അവരുടെ വാക്കിൽ ആ രംഗം തിരിയും.
ആദം ജോവാൻ (2017 ) എന്ന സിനിമ എടുക്കാം .
മധ്യ തിരുവിതാകൂറിലെ പെണ്ണുക്കര എന്ന സ്ഥലത്തെക്കുറിച്ചുള്ള കുശലം കാളിയന്തല കിഴക്ക് കുടുംബത്തെക്കുറിച്ചാകുമ്പോ ഉണ്ടാകുന്ന ഭാവമാറ്റം. പിന്നെ പറയുന്ന കറുത്തച്ചനൂട്ടിൻ്റെ കഥ...ആ അന്തരീക്ഷം തന്നെ മാറ്റിമറിക്കുകയാണ് ആ പറച്ചിൽ.
![]()
പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരുടെ കവടി നിരത്തിനിടയിൽ ഭാര്യ ഉണ്ടാക്കുന്ന ചെറിയ ശബ്ദം ചിരിയുണർത്തുന്നതും,
'എടുത്തോ എടുത്തോണ്ടു പൊക്കോ എന്നിട്ട് അവടെ ചെറുക്കനെ അവക്ക് അങ്ങ് കൊടുത്തേരെ' എന്ന് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പാളി പോകുമായിരുന്ന അനിയത്തിപ്രാവിലെ ക്ളൈമാക്സിലും ഇത് പ്രകടമാണ്. കാട്ടുകുതിര നാടകം സിനിമയായപ്പോൾ കല്യാണി എന്ന കഥാപാത്രമായത് ലളിതയാണ്. വിവാഹം കഴിക്കാത്തതിലെ സങ്കടം ആനക്കാരൻ ചോദിക്കുമ്പോൾ ഉള്ള മറുപടിയിൽ ഒരു നടിയുടെ പക്വത വെളിവാകും. ഉത്സവപറമ്പിലെ കാണികളെ രസം പിടിപ്പിക്കാൻ എഴുതിയ നാടകത്തിലെ സംഭാഷണം സിനിമയിലേക്ക് മാറുമ്പോൾ അതിന് വേണ്ട തരത്തിലെ മാറ്റം കൊണ്ടുവരാൻ മലയാളത്തിലെ ഏറ്റവും ശക്തമായ നാടക വേദികളിലെ പരിശീലനം കിട്ടിയ നടിയ്ക്ക് അനായാസം കഴിഞ്ഞു.
ഇന്ന് അധികം ആരും പറയാത്ത ‘കൊച്ചാട്ടാ’ എന്നും ‘ഒടപ്പെറന്നോൻ’ എന്നുമൊക്കെ കെപി എ സി ലളിതയുടെ ശബ്ദത്തിൽ കേൾക്കുമ്പോ ഓണാട്ടുകരയിലെ കൊയ്തൊഴിഞ്ഞ ഏതോ പാടവരമ്പത്ത് നിൽക്കുന്നത് പറയുന്നത് പോലെ തോന്നും.
വെറുമൊരു മൂളൽ കൊണ്ട് ചിരിയുണർത്തിയ ഒട്ടേറെ രംഗങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴിലെ 'കുളിമുറി' രംഗം. 'അയ്യോ... എന്റെ മുണ്ട് എന്തിയേ ആരാടീ അത്? എടീ ആരാടീ എന്റെ മുണ്ട് എടുത്തത് എടീ ആരാണെന്ന് ? എന്ന ലളിത (ഭാസുര )യുടെ ചോദ്യത്തിന് മോഹൻലാൽ നൽകുന്ന ഡാ അല്ല ഡീ ...എടീ എന്ന് പറഞ്ഞ് പുറത്തിറങ്ങി സംഭാഷണം തുടരുമ്പോൾ ''ബ്ഭ '' ....എന്ന ഭാസുരയുടെ ഒറ്റ വാക്കിലാണ് ചിരി പൊട്ടുന്നത്. 'തരവഴിത്തരം പറഞ്ഞാലുണ്ടല്ലോ' എന്ന തനി ഓണാട്ടുകര ശൈലിയിൽ പറയുമ്പോൾ സ്ക്രീനിൽ ലളിത ഇല്ല എങ്കിലും ശബ്ദം എങ്ങനെ ശക്തമായ സാന്നിധ്യമാകുന്നു എന്നത് തെളിയുന്നു.
എത്ര നേരം സ്ക്രീനിൽ വരുന്നു എന്നതിനേക്കാൾ എത്തിയ സമയം എന്ത് ചെയ്തു എന്നതിന് ഏറ്റവും മികച്ച ഉദാഹരണമായിരിക്കും കന്മദത്തിലെ നായകന്റെ 'അമ്മ. 10 മിനിറ്റ് പോലും ഇല്ലാത്ത ആ 'അമ്മ വേഷം മിഴിവുറ്റതാക്കിയാണ് അവർ കടന്നു പോകുന്നത്.
ഞാൻ മരിച്ചു പോയാൽ എന്നെ ഓർക്കുമോ'
പ്രിയപ്പെട്ട നാരായണി, മരണത്തെപ്പറ്റി ഒന്നും പറയാൻ സാധ്യമല്ല!
ആരെപ്പോ എങ്ങനെ മരിക്കുമെന്ന് ഈശ്വരന് മാത്രെ അറിയാവൂ
അങ്ങെന്നെ കണ്ടിട്ടില്ല, തൊട്ടിട്ടില്ല.. എങ്ങനെ ഓർക്കും?
നാരായണിയുടെ അടയാളം ഈ ഭൂഗോളത്തിലെങ്ങുമുണ്ട്.
ഞാൻ വരുമ്പോ, ഉണങ്ങിയ കമ്പ് മതിലിന് മുകളിലേക്കിടും
വരുവോ?
നാരായണീ
എന്തോ...!!
ബഷീർ എഴുതിയ ഈ വാക്കുകൾ കെപി എ സി ലളിത എന്ന നടിയുടെ സംഭാഷണ ശൈലിയെ അനശ്വരയാക്കി, മതിലിനപ്പുറത്തെ രൂപമില്ലാത്ത നാരായണിയുടെ രൂപവും സൗന്ദര്യവും കാണികളുടെ ഭാവനയിലേക്ക് നിറച്ച്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.