ആദ്യ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനുമായി (Srinath Rajendran) ദുൽഖർ സൽമാൻ (Dulquer Salmaan) ഒരിക്കൽക്കൂടി കൈക്കോർക്കുന്ന സിനിമയാണ് 'കുറുപ്പ്' (Kurup). മൂന്നരപ്പതിറ്റാണ്ടോളം പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ (Sukumara Kurup) ജീവിതം അഭ്രപാളികളിൽ എത്തിക്കുന്ന ശ്രമകരമായ ദൗത്യമാണ് ഇന്ന് തിയേറ്ററിലെത്തിയിരിക്കുന്ന ഈ ചിത്രം. ദുൽഖർ സൽമാന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും ചിലവേറിയ ചിത്രമെന്ന പ്രത്യേകതയും 'കുറുപ്പിനുണ്ട്'.
കേരളം മുഴുവൻ അന്നും ഇന്നും ഉറ്റുനോക്കുന്ന പിടികിട്ടാപ്പുള്ളിയുടെ കഥയുമായി സംവിധായകന് പിറന്നുവീണത് മുതൽ ഒഴിച്ചുകൂടാനാവാത്ത ബന്ധമുണ്ട്. ആ കഥയിലേക്കൊരു തിരിഞ്ഞുനോട്ടവുമായി എത്തുകയാണ് ശ്രീനാഥ് രാജേന്ദ്രൻ. കുറുപ്പിനെക്കുറിച്ചുള്ള കുറിപ്പിലേക്ക്:
കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത ഞാൻ ജനിച്ചപ്പോൾ മുതൽ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ശ്രീ ചാക്കോയുടെ ഭാര്യ മകനെ ഗർഭം ധരിച്ചിരുന്നപ്പോൾ എന്റെ അമ്മയും അതേ ആശുപത്രിയിലായിരുന്നു. എന്റെ ആദ്യ സിനിമ പൂർത്തിയാക്കിയപ്പോൾ കുറുപ്പ് നിർമ്മിക്കണമെന്ന ചിന്ത എന്റെ മനസ്സിൽ ഉടലെടുത്തു. എന്റെ മനസ്സ് ഈ സിനിമ നിർമ്മിക്കുന്നതിൽ മുഴുകി, അത് പൂർത്തിയാക്കി നിങ്ങളുടെ മുൻപിൽ കൊണ്ടുവരാൻ എന്റെ ജീവിതത്തിന്റെ അടുത്ത ഒമ്പത് വർഷങ്ങൾ കൂടി വേണ്ടിവന്നു. ഈ പ്രക്രിയയിൽ, എന്റെ ജീവിതത്തിൽ പല ഹീറോകളും അത് സാധ്യമാക്കി.
ഈ പ്രോജക്റ്റ് ചെയ്യാൻ എന്നെ ആദ്യം പ്രേരിപ്പിച്ചത് എന്റെ അച്ഛനാണ്, അങ്ങനെ ഞാൻ ഈ ഉദ്യമം ആരംഭിച്ചു. എന്റെ എഴുത്തുകാരായ ജിതിൻ, ഡാനിയൽ, അരവിന്ദ് എന്നിവരുമായി ചർച്ച ചെയ്തപ്പോഴാണ് കുറുപ്പ് സിനിമയാക്കുക എന്ന സ്വപ്നത്തിന് ചിറക് മുളച്ചത്. തുടക്കത്തിൽ, ഇതൊരു വിദൂര സ്വപ്നമാണെന്ന് ഞങ്ങൾ എല്ലാവരും കരുതിയ കാര്യമായിരുന്നു. ദുൽഖർ സൽമാനോട് ഐഡിയ പറഞ്ഞതോടെയാണ് യഥാർത്ഥ യാത്ര തുടങ്ങിയത്. ദുൽഖർ കുറുപ്പിന്റെ അവിഭാജ്യ ഘടകമായി മാറി, ഈ പ്രോജക്റ്റ് സാധ്യമാക്കാൻ തന്റെ എല്ലാ ശ്രമങ്ങളും നടത്തിയപ്പോൾ അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ എന്റെ നായകനായി.
എംസ്റ്റാറിലെ അനീഷ് ഞങ്ങളുടെ ടീമിൽ വിശ്വസിച്ച് ഈ സിനിമയ്ക്ക് ആവശ്യമായ തുക മുടക്കി. പ്രോജക്റ്റ് ആരംഭിച്ചു. ഞങ്ങളുടെ DOP, നിമിഷ് രവി, ഞങ്ങളുടെ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ ഒരാളായി ഈ പ്രോജക്റ്റിലേക്ക് വന്നു, ഒപ്പം തികഞ്ഞ അഭിനിവേശത്തോടെ, പ്രോജക്റ്റിന്റെ നായകനായി. പ്രവീൺ വർമ്മ ചിന്താപൂർവ്വം വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു. കുറുപ്പിന്റെ സൃഷ്ടിയിലെ അദ്ദേഹത്തിന്റെ നിലവാരം ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. റോനെക്സ് സേവ്യർ കഥാപാത്രങ്ങളുടെ രൂപഭാവം വളരെ പെർഫെക്‌ഷനോടെയാണ് ഒരുക്കിയിരിക്കുന്നത്. ബംഗ്ലൻ ഇല്ലെങ്കിൽ, ഈ പ്രോജക്റ്റ് ഞാൻ സങ്കൽപ്പിച്ചതിന് അടുത്തെങ്ങും ഉണ്ടാകുമായിരുന്നില്ല. എന്റെ വാക്കുകൾ ഓർത്തുവയ്ക്കുക! ഇന്ത്യൻ ചലച്ചിത്രമേഖലയിലെ അപൂർവ പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം, ഭാവിയിലും നമുക്ക് അദ്ദേഹം അഭിമാനമാകും. വിശാലമായ, ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങൾ കാരണം നിരവധി ഷെഡ്യൂൾ ഇടവേളകളോടെ ഞങ്ങൾ ഒരു വർഷത്തിനുള്ളിൽ കുറുപ്പ് ചിത്രീകരിച്ചു.
പ്രവീൺ ചന്ദ്രന്റെ മാർഗനിർദേശത്തിന് കീഴിലുള്ള എന്റെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ ടീം ഞാൻ എപ്പോഴും കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തുകയും എല്ലാം ഏകോപിപ്പിക്കുക എന്ന കഠിനമായ ദൗത്യം കൈവരിക്കാൻ എന്നെ സഹായിക്കുകയും ചെയ്തു. ബിപിൻ പെർമ്പള്ളിയുടെയും ദീപക് പരമേശ്വരന്റെയും നേതൃത്വത്തിലുള്ള വേഫെറർ ഫിലിംസിന്റെ പ്രൊഡക്ഷൻ ടീം എല്ലാം ക്രമത്തിലാണെന്ന് ഉറപ്പാക്കി. എഡിറ്റർ എന്ന നിലയിൽ വിവേക് ഹർഷന്റെ 50-ാമത്തെ ചിത്രമാണ് ഇത്. ഈ സിനിമ ഇപ്പോഴുള്ളതുപോലെ മികച്ചതാക്കാൻ അദ്ദേഹം ഞങ്ങളെ നയിച്ചു, പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് അദ്ദേഹം എന്റെ നായകനായി.
സുഷിൻ ശ്യാം, എന്റെ മനുഷ്യാ... നിങ്ങൾ ഒരു യഥാർത്ഥ പ്രതിഭയുള്ള കലാകാരനാണ്, കുറുപ്പിന്റെ വികാരങ്ങൾക്ക് അനുയോജ്യമായ നിറങ്ങൾ നിങ്ങൾ നൽകി. വിക്കി, കിഷൻ, രാജാകൃഷ്ണൻ എന്നിവരടങ്ങുന്ന സൗണ്ട് ടീം കുറുപ്പിൽ വിശാലമായ ഭൂമിശാസ്ത്രത്തിന്റെയും കാലഘട്ടത്തിന്റെയും സൗണ്ട്സ്‌കേപ്പ് രൂപകൽപ്പന ചെയ്യുകയും, ഒരു തിയേറ്ററിൽ നിന്ന് മാത്രം ആസ്വദിക്കാവുന്ന അനുഭവമാക്കി മാറ്റുകയും ചെയ്തു.
എല്ലാത്തിനുമുപരി, എന്റെ ആദ്യ രണ്ട് സിനിമകൾ സംഭവിക്കാൻ കാരണമായ വിനി വിശ്വ ലാൽ, തന്റെ ക്രിയേറ്റീവ് ഇൻപുട്ടുകൾ ഉപയോഗിച്ച് തുടക്കം മുതൽ ഞങ്ങളെ നയിക്കുകയും കുറുപ്പിനെ ഇപ്പോഴുള്ള നിലയിലാക്കി മാറ്റുകയും ചെയ്തു. തിരക്കഥാ ഘടന മുതൽ എഡിറ്റ് വരെയുള്ള എല്ലാ സാങ്കേതിക വശങ്ങളും ഘടിപ്പിച്ചിട്ടുള്ള ഒരു പരീക്ഷണ പദ്ധതിയാണ് ഇത്.
സണ്ണി വെയ്ൻ, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, ശോഭിത ധൂലിപാല, പി. ബാലചന്ദ്രൻ, അനുപമ പരമേശ്വരൻ, സുരഭി ലക്ഷ്മി, സുധീഷ്, സാദിഖ്, ഭരത്, വിജയരാഘവൻ തുടങ്ങി കുറുപ്പിന്റെ മുഖമുദ്രയാകുന്ന എണ്ണമറ്റ അഭിനേതാക്കളോട് ഞാൻ നന്ദി പറയുന്നു. എല്ലാ ജോലികളും മാറ്റിവച്ച് എന്റെ പ്രോജക്‌റ്റിൽ ചേരാൻ വന്ന മറ്റൊരു നടനെ ഞങ്ങൾ നിങ്ങൾക്ക് സർപ്രൈസ് ആയി സൂക്ഷിച്ചുവെച്ചതിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
ഇത് അവരുടെ സിനിമയാണെന്ന് ഞങ്ങൾക്ക് തോന്നിപ്പിച്ച മറ്റെല്ലാ സാങ്കേതിക പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അവരുടെ തിരക്കിനിടയിൽ എന്നെ പിന്തുണച്ചു, പ്രത്യേകിച്ച് കോഴിക്കോട്, ദുബായ്, കൊച്ചി എന്നിവിടങ്ങളിലെ സുഹൃത്തുക്കൾ. ഒടുവിൽ, സിനിമ നിർമ്മിക്കപ്പെട്ടു. ഇപ്പോഴും അന്വേഷണത്തിലിരിക്കുന്ന ഒരു സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിഷയത്തിന്റെ സ്വഭാവം കാരണം ഞങ്ങൾക്ക് നിരവധി നിയമ പ്രശ്‌നങ്ങൾ പരിഹരിക്കാനുണ്ടായിരുന്നു. ഞങ്ങളിൽ നിന്നുള്ള ഈ എളിയ പരിശ്രമം നിങ്ങളിലേക്ക് എത്തിക്കാൻ സിനിമയുടെ ചില കഥാപാത്രങ്ങളുടെയും വശങ്ങളുടെയും പേരുകൾ മാറ്റേണ്ടി വന്നു.
പ്രഖ്യാപിച്ച ദിവസം മുതൽ കുറുപ്പ് സ്വന്തം ജീവിതം രൂപപ്പെടുത്താൻ തുടങ്ങിയത് പ്രേക്ഷകരായ നിങ്ങളുടെ നിരന്തര പിന്തുണയാണ്. ഈ ചിത്രത്തിന് നിങ്ങൾ നൽകുന്ന ജീവശ്വാസത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പത്തുവർഷമെടുത്ത ഒരു സിനിമ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്കായി അവതരിപ്പിക്കുന്നു, അതിന്റെ വിധി നിങ്ങളുടെ കൈകളിലാണ്. ഈ പ്രതികൂല സമയത്തും നിങ്ങളെല്ലാവരും തിയേറ്ററുകളിൽ എത്തുമെന്നും ഞങ്ങളുടെ എളിയ പരിശ്രമം ആഘോഷിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. സിനിമയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്, നമ്മൾ എങ്ങനെയായിരുന്നോ അത് പോലെ നമുക്ക് സിനിമ ആഘോഷിക്കാം. കൂടുതൽ നല്ല സിനിമകളിലേക്ക്...
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.