ഇന്റർഫേസ് /വാർത്ത /Film / യാദൃച്ഛികം മാത്രമോ? സംഗീത ലോകത്തിന് മറ്റൊരു ബാലുവിനെ നഷ്‌ടമായ സെപ്റ്റംബർ 25

യാദൃച്ഛികം മാത്രമോ? സംഗീത ലോകത്തിന് മറ്റൊരു ബാലുവിനെ നഷ്‌ടമായ സെപ്റ്റംബർ 25

എസ്.പി. ബാലസുബ്രഹ്മണ്യം, ബാലഭാസ്കർ

എസ്.പി. ബാലസുബ്രഹ്മണ്യം, ബാലഭാസ്കർ

How music world marked two of its stalwarts on September 25 | എസ്.പി. ബാലസുബ്രമണ്യവും ബാലഭാസ്കറും. സംഗീത ലോകത്തിന് നൊമ്പരമായി സെപ്റ്റംബർ 25

  • Share this:

2018 സെപ്റ്റംബർ 25 മലയാളികൾക്ക് മറക്കാനാവാത്ത നൊമ്പരം നൽകിയ ദിവസമാണ്. വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയും അപകട സ്ഥലത്ത് തന്നെ മകൾ തേജസ്വിനിയെ നഷ്‌ടപ്പെട്ടതും ആ ദിവസമാണ്. ഒരാഴ്ചക്കാലം മരണത്തോട് മല്ലിട്ട് ഒടുവിൽ ജാനി എന്ന തേജസ്വിനിയുടെ അടുത്തേക്ക് അച്ഛൻ ബാലഭാസ്കറും പോയി. ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്കറിന്റെ വിയോഗം.

രണ്ടു വർഷം പിന്നിടുമ്പോൾ ഇതേ ദിവസം തന്നെയാണ് ഇന്ത്യൻ സംഗീത ലോകത്തിന് പകരമാര് എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത പ്രതിഭയായ എസ്.പി. ബാലസുബ്രമണ്യത്തിന്റെ വേർപാടും. പിന്നെയും യാദൃശ്ചികത വിട്ടൊഴിയുന്നില്ല. ഇരുവരുടെയും ഓമനപ്പേരിലുമുണ്ട് സമാനത. സുഹൃത്തുക്കൾക്ക് ഇവർ രണ്ടു പേരും ബാലുവാണ്.

കോവിഡ് ബാധിതനായപ്പോഴും രണ്ടു ദിവസത്തിനകം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങും എന്ന് ഫേസ്ബുക് വീഡിയോയിൽ പറഞ്ഞ എസ്.പി.ബി. പക്ഷേ ആ മടങ്ങിവരവിനായി കാത്തുനിന്നില്ല.

തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴി പള്ളിപ്പുറത്തിന് സമീപം താമരക്കുളം വളവിലായിരുന്നു ബാലഭാസ്കറിന്റെ കാർ അപകടത്തിൽ പെട്ടത്. കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തിലും സാമ്പത്തിക ഇടപാടുകളിലും ദുരൂഹതയുണ്ടെന്നു കാട്ടി പിതാവ് സി.കെ ഉണ്ണി ഡിജിപിക്ക് പരാതി നൽകുകയും അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്‌തു. ശേഷം 2019 ഡിസംബറിൽ കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് ഓഗസ്റ്റ് മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹം കോവിഡ് നെഗറ്റീവായി. ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ തുടരുകയായിരുന്നു. ഒടുവിൽ ജീവൻരക്ഷാ ഉപാധികളോടെ ഐ.സി.യു.വിൽ ചികിത്സയിലെയിരിക്കെയാണ് അന്ത്യം.

പതിനാറ് ഭാഷകളിലായി 40,000ത്തിൽ പരം ഗാനങ്ങൾ എസ്.പി.ബി. ആലപിച്ചിട്ടുണ്ട്. നാലുഭാഷകളിലായി ആറ് ദേശീയ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. എട്ട് പുരസ്കാരങ്ങൾ നേടിയ യേശുദാസ് മാത്രമാണ് അദ്ദേഹത്തിന് മുന്നിൽ. മികച്ച ഗായകനുള്ള ആന്ധ്രപ്രദേശ് സർക്കാരിന്റെ അവാർഡ് എസ്.പി.ബി 25 വട്ടം നേടി. 2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യം ആദരിച്ചു.

പന്ത്രണ്ടാം വയസ്സിൽ സ്റ്റേജ് ഷോ ചെയ്‌തു തുടങ്ങിയ ബാലഭാസ്കർ സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ 17 വയസ്സ് മാത്രമായിരുന്നു പ്രായം. അമ്മാവൻ ശശികുമാറായിരുന്നു ഗുരു. പ്രഗത്ഭ സംഗീതജ്ഞരായ സക്കിർ ഹുസ്സൈൻ, ശിവമണി, ലൂയി ബാങ്ക്സ്, വിക്കി വിനായക് റാം, ഹരിഹരൻ, മട്ടന്നൂർ ശങ്കരൻകുട്ടി, രഞ്ജിത്ത് ബരോത്, ഫസൽ ഖുറേഷി തുടങ്ങിയവർക്കൊപ്പം ബാലഭാസ്കർ വേദി പങ്കിട്ടിട്ടുണ്ട്.

First published:

Tags: Balabhaskar, Balabhaskar accident, Balabhaskar accident case, Balabhaskar death, Sp balasubrahmanyam, SP Balasubrahmanyam Passes Away, Sp balasubrahmanyam singer