ശ്രീനാഥ് ഭാസിയും സുധി കോപ്പയും നായകന്മാരായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദുനിയാവിന്റെ ഒരറ്റത്ത്'. എന്നാൽ ഈ സിനിമയുണ്ടാവുന്നത് ഷോർട്ട് ഫിലിമിന്റെ ലോകത്തു നിന്നും കഥയാരംഭിച്ചവരിൽ നിന്നുമാണ്. തിരക്കഥാകൃത്ത് പ്രശാന്ത് മുരളിയെ തീർത്തും അപ്രതീക്ഷിതമായാണ് സംവിധായകൻ ടോം ഇമ്മട്ടി ഈ സിനിമാ പ്രോജക്ടിലേക്ക് ക്ഷണിക്കുന്നത്.
കഥ കേൾക്കാൻ വരാമെന്നു പറഞ്ഞ ആൾ സമയമായപ്പോൾ എത്തില്ല എന്ന് അറിയിച്ചതോടെ നിരാശരായി ലുലു മാളിൽ നിന്ന് തിരികെ പോകാൻ തീരുമാനിച്ചു നിൽക്കുമ്പോളാണ് പ്രശാന്ത് മുരളിയെ ടോം ഇമ്മട്ടി ആദ്യമായി വിളിക്കുന്നത്. "ഹലൊ പ്രശാന്ത് മുരളിയല്ലേ. ഞാൻ ടോം. മെക്സിക്കൻ അപാരത എന്ന സിനിമയുടെ സംവിധായകനാണ്. ഞാൻ തന്റെ 'അജിനോമോട്ടോ' കണ്ടു. ഗംഭീരമായിട്ടുണ്ട്".
പ്രശാന്തിന് അത്ഭുതം അടക്കാനായില്ല. തന്റെ ഷോർട് ഫിലിം കണ്ടിട്ട് ഒരു സംവിധായകൻ തന്നെ വിളിച്ചിരിക്കുന്നു. അപ്പോൾ തന്നെ താനും സഫീർ റുമേനിയും കൂടെ ഡെവലപ്പ് ചെയ്ത ഒരു കഥ കേൾക്കാൻ ടോം ഇമ്മട്ടിയുടെ അപ്പോയ്ന്റ്മെന്റ് എടുത്തു. കഥ കേട്ട് അപ്പോൾ തന്നെ ടോം പറഞ്ഞു "ഇതു നമ്മൾ ചെയ്യുന്നു." ഉടനെ തന്നെ സഫീറും പ്രശാന്തും സ്ക്രിപ്റ്റ് എഴുത്തും തുടങ്ങി. 'ദുനിയാവിന്റെ ഒരറ്റത്ത്' ആരംഭിക്കുന്നത് അവിടെനിന്നുമാണ്.
ഷോർട്ട് ഫിലിമുകൾ പലർക്കും സിനിമയുടെ ചവിട്ടുപടി ആകാറുണ്ട് എങ്കിലും 2019ൽ പുറത്തിറങ്ങിയ 'അജിനോമോട്ടോയും' 'കനായിലെ മദ്യപാനികളും' പ്രശാന്ത് മുരളി എന്ന നടന്റെ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവിന് നാന്ദി കുറിക്കുകയാണ്; അതും നടൻ എന്ന പദവി മാത്രവല്ല, 'ദുനിയാവിന്റെ ഒരറ്റത്തിന്റെ' എഴുത്തുകാരിൽ ഒരാൾ കൂടെയാണ്.
"ഷോർട് ഫിലിമും സിനിമയും രണ്ടു തട്ടിൽ കാണണ്ട ഒന്നല്ല എന്നാണ് എന്റെ അഭിപ്രായം. ഒരു സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് അജിനോമോട്ടോയും, കാനായിലെ മദ്യപാനികളും തന്നത് എന്ന് എന്നോട് പലരും പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല ഷോർട് ഫിലിമിൽ ഒരു തരം അഭിനയവും സിനിമയിൽ വേറൊരു തരം അഭിനയവും അല്ലല്ലോ ഉള്ളത്," പ്രശാന്ത് മുരളി പറയുന്നു. ശ്രീനാഥിനും സുധിക്കും ഒപ്പം നിൽക്കുന്ന ഒരു കഥാപാത്രമായാണ് പ്രശാന്ത് മുരളി ഇതിൽ അഭിനയിക്കുന്നത്.
സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.