പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹൃദയം റിലീസ് ദിനമായ ഇന്ന തന്നെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.
'നിങ്ങളുടെ മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി. ഒപ്പമുണ്ടായിരുന്ന എല്ലാവരുടെയും, എനിക്കാറിയാത്ത ആളുകളുടെയും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. എല്ലാവര്‍ക്കും നന്ദി,' എന്നാണ് വിനീത് ശ്രീനിവാസന്‍ കുറിച്ചത്. പിന്നാലെ ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.
ഹൃദയത്തിനെന്ന പോലെ തന്നെ പ്രണവ് മോഹന്‍ലാലിനും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രണവിന്റെ അഭിനയജീവതത്തിലെ കരിയര്‍ ബ്രേക്ക് തന്നെയാവും ഹൃദയമെന്നും നിരവധി പേര്‍ പ്രതികരണങ്ങളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
നായകന്റെ 17 വയസ്സുമുതൽ 30 കളിലെ ജീവിതം വരെ പറയുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് നായികാ നായകന്മാർ.
തീർത്തും വ്യത്യസ്തമായി സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടുത്തി ഓഡിയോ കാസറ്റ് പുറത്തിറക്കി എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മെരിലാൻഡ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം.
അജു വര്‍ഗ്ഗീസ്, ബെെജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍. മേരിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം: ഹിഷാം അബ്ദുള്‍ വഹാബ്, എഡിറ്റര്‍: രഞ്ജന്‍ എബ്രാഹം, കോ പ്രൊഡ്യുസര്‍: നോബിള്‍ ബാബു തോമസ്സ്.
മോഹൻലാൽ, പ്രിയദർശൻ, ശ്രീനിവാസൻ പ്രതിഭകളുടെ അടുത്ത തലമുറയുടെ ഈ ഒത്തുചേരലിൽ മറ്റൊരു പുതുതലമുറ നടൻ കൂടി ഉൾപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരന്‍. അരങ്ങിൽ അല്ല 'ഹൃദയ'ത്തിന്‍റെ പിന്നണിയിലാണ് പൃഥ്വിയെത്തുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് ഗാനം റെക്കോഡ് ചെയ്യുന്ന ചിത്രങ്ങൾ നേരത്തെ തന്നെ വിനീത് ശ്രീനിവാസൻ പങ്കുവച്ചിരുന്നു.
'ഹൃദയം' ജനുവരി 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. റിലീസിന് മുൻപേ കേരളത്തിന് പുറത്തും 'ഹൃദയം' സിനിമയ്ക്ക് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.