• HOME
  • »
  • NEWS
  • »
  • film
  • »
  • 'അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു'

'അച്ഛന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു'

കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് മുഖ്യാതിഥിയായിരുന്ന നെടുമുടി വേണുവിനോട് സോണിയ മാപ്പ് പറഞ്ഞത്. 

‍ഡോ. സോണിയയും ഋഷി കെ. മനോജും

‍ഡോ. സോണിയയും ഋഷി കെ. മനോജും

  • Last Updated :
  • Share this:
    തിരുവനന്തപുരം: മലയാള ചലച്ചിത്രതാരം നെടുമുടി വേണുവിനോട് പൊതുവേദിയില്‍ പരസ്യമായി മാപ്പു പറഞ്ഞ് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്‍. അന്തരിച്ച നടന്‍ തിലകനും നെടുമുടി വേണുവും തമ്മിലുണ്ടായിരുന്ന വഴക്കും പിണക്കങ്ങളും ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഡോ. സോണിയ മാപ്പു പറഞ്ഞത്. കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സംഭവം. 'അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു'- എന്നു പറഞ്ഞാണ് ഡോ. സോണിയ പ്രസംഗം അവസാനിപ്പിച്ചത്.

    മഹാനടനായിരുന്ന പിതാവിനു വേണ്ടി മകള്‍ മാപ്പു പറഞ്ഞ സംഭവം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം ഡയറക്ടറും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായി ഋഷി കെ. മനോജാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.

    ഋഷി കെ. മനോജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

    നെടുമുടി വേണുച്ചേട്ടനും മഹാനടന്‍ തിലകന്‍ ചേട്ടന്റെ മകള്‍ ഡോ. സോണിയ തിലകനും അനിലയും ഒരുമിച്ച്. തിരുവനന്തപുരം കോട്ടണ്‍ഹില്‍ എല്‍.പി സ്‌കൂളില്‍ ഇന്നു രാവിലെ അനിലയുടെ കിങ്ങിണിക്കൂട്ടം കാന്‍സര്‍ കെയര്‍ സൊസൈറ്റി സംഘടിപ്പിച്ച RCC യില്‍ ചികില്‍സയിലുള്ള നിര്‍ധന കുട്ടികള്‍ക്ക് ധനസഹായവും മെഡിക്കല്‍ കിറ്റും വിതരണം ചെയ്യുന്ന ചടങ്ങിലാണ് മുഖ്യാതിഥി നെടുമുടിയും ആശംസ അര്‍പ്പിക്കാനെത്തിയ സോണിയയും ഒരുമിച്ചത്.

    വേണുച്ചേട്ടന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് സോണിയയുടെ ഊഴം. ആശംസാ പ്രസംഗം തീര്‍ക്കാന്‍ നേരം വേണു സാര്‍ ഇരിക്കുന്ന ഈ വേദിയില്‍ ഒരു കാര്യം പറയാതെ വയ്യ എന്ന ആമുഖത്തോടെ സോണിയ പറഞ്ഞു.

    'എന്റെ അച്ഛനും വേണു സാറും തമ്മില്‍ സിനിമാ ലോകത്തുണ്ടായ പ്രശ്‌നങ്ങളും ശത്രുതയും എല്ലാര്‍ക്കുമറിയാം. ആ തര്‍ക്കം കൊടുമ്പിരി കൊണ്ടിരുന്ന നാളുകളില്‍ ഒരു ദിവസം വേണു സാറിന്റെ ഭാര്യ കുട്ടിയെയും കൂട്ടി വട്ടിയൂര്‍ക്കാവിലുള്ള എന്റെ ക്ലിനിക്കില്‍ ചികില്‍സയ്ക്കു വന്നു. വേണു സാറിനോട് എനിക്കും വെറുപ്പ് തോന്നിയ നാളുകള്‍. പക്ഷേ , അദ്ദേഹത്തിന്റെ ഭാര്യ എന്നോട് പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനെത്രയോ ചെറുതായി എന്നെനിക്കു തോന്നി. ആ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

    'തിലകന്‍ ചേട്ടനും എന്റെ ഭര്‍ത്താവും പല സിനിമാ പിണക്കങ്ങളും വഴക്കുമുണ്ടാവും. നമ്മുടെയിടയില്‍ അതൊന്നും ഉണ്ടാവരുത്. ക്ലിനിക്കില്‍ നിന്നും ഇറങ്ങാന്‍ നേരം അവര്‍ പറഞ്ഞു. സോണിയ ഞങ്ങളുടെ വീട്ടില്‍ വരണം . ക്ഷണിക്കുന്നു. അടുത്തൊരു ദിവസം ഞാന്‍ പോയി. ഊഷ്മളമായ സ്‌നേഹം ഞാനറിഞ്ഞു. അച്ഛന്റെ വാക്കുകള്‍ വേണു സാറിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു എന്നു പറഞ്ഞാണ് ഡോ. സോണിയ വാക്കുകള്‍ അവസാനിപ്പിച്ചത്. തിരിച്ച് വേദിയിലെ ഇരിപ്പിടത്തിലേക്ക് വന്ന സോണിയയെ വേണുച്ചേട്ടന്‍ എഴുന്നേറ്റ് ചെന്ന് ആശ്വസിപ്പിച്ചു.

    കാന്‍സര്‍ ചികില്‍സ തുടരുന്ന അനിലയെ കുറിച്ച് വേറെ പ്രത്യേകം പറയേണ്ടി വരും. കാന്‍സര്‍ ഞണ്ടുകളുടെ ആക്രമണത്തോട് നിരന്തരം പൊരുതി മറ്റുള്ളവര്‍ക്കെല്ലാം പ്രകാശം പരത്തുന്ന , Positive Energy മാത്രം വിതറുന്ന അനിലയെ കുറിച്ച് പിന്നാലെ പറയാം.



    First published: